വെള്ളാപ്പള്ളി വെട്ടിലായി, പിണറായി സർക്കാർ വിചാരിച്ചാൽ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ അകത്താക്കാൻ കഴിയും !

വെള്ളാപ്പള്ളി വെട്ടിലായി, പിണറായി സർക്കാർ വിചാരിച്ചാൽ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ അകത്താക്കാൻ കഴിയും !
വെള്ളാപ്പള്ളി വെട്ടിലായി, പിണറായി സർക്കാർ വിചാരിച്ചാൽ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ അകത്താക്കാൻ കഴിയും !

തിരുവനന്തപുരം: ബി.ജെ.പിയെ സഹായിക്കുന്ന വെള്ളാപ്പള്ളി നടേശനും കുടുംബത്തിനും എതിരെ ഇടതുപക്ഷ സർക്കാറിന് പിടിമുറുക്കുവാൻ വീണ്ടും സുവർണ്ണാവസരം.

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിലെ വിജിലൻസ് അന്വേഷണം ഒരു മാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ച സഹചര്യത്തിൽ ആഭ്യന്തരവകുപ്പിൻ്റെ നിലപാട് നിർണ്ണായകമാകും. അന്വേഷണ റിപ്പോർട്ട് വെള്ളാപ്പള്ളിയ്ക്ക് എതിരായാൽ അത് വലിയ തിരിച്ചടിയാണ് എസ്.എൻ.ഡി.പി യോഗ നേതൃത്വത്തിനും വെള്ളാപ്പള്ളിയ്ക്കും ഉണ്ടാക്കുക.

കേസിന്റെ പുരോഗതി റിപ്പോർട്ട് വിജിലൻസ് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതു പരിഗണിച്ചു കൊണ്ടാണ് ജസ്റ്റിസ് കെ.ബാബു പുതിയ നിർദ്ദേശം നൽകിയിരിക്കുന്നത്.

വെള്ളാപ്പള്ളി നടേശനോട് മുഖ്യമന്ത്രി പിണറായി വിജയന് ഉണ്ടായിരുന്ന അടുപ്പമാണ്, ഈ കേസ് ഇത്രയും നീളാൻ കാരണമായതെന്ന അഭിപ്രായം സി.പി.എമ്മിന് അകത്തു തന്നെയുണ്ട്. ലോകസഭ തിരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി ബി.ജെ.പി അനുകൂല നിലപാട് സ്വീകരിച്ച പശ്ചാത്തലത്തിൽ ഇനിയും വെള്ളാപ്പള്ളിയോട് വിട്ടുവീഴ്ച ചെയ്യരുതെന്ന നിലപാടാണ് മുതിർന്ന സി.പി.എം നേതൃത്വത്തിനുള്ളത്.

ഈ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയൻ കൂടി അംഗീകരിച്ചാൽ, ഇനിയുള്ള ദിവസങ്ങൾ വെള്ളാപ്പള്ളിമാർക്കും എസ്.എൻ.ഡി.പി യോഗം ഭാരവാഹികൾക്കും നിർണ്ണായകമാകും. വെള്ളാപ്പള്ളിയെ നവോത്ഥാന സമിതി ചെയർമാനാക്കിയത് വലിയ അബദ്ധമായെന്ന അഭിപ്രായവും സർക്കാർ തലപ്പത്തുണ്ട്.

മുൻ തിരഞ്ഞെടുപ്പുകളിൽ ഒന്നും സ്വീകരിക്കാത്ത തരത്തിലുള്ള ബി.ജെ.പി അനുകൂല നിലപാടാണ് ഇത്തവണ എസ്.എൻ.ഡി.പി യോഗം സ്വീകരിച്ചതെന്ന വിമർശനവും ഇടതുപക്ഷത്ത് ശക്തമാണ്. ഇത് ആ സംഘടനയുടെ നിലപാടിന് എതിരാണെന്നാണ് സി.പി.എം ചൂണ്ടിക്കാട്ടുന്നത്.

മൈക്രോഫിനാൻസ് കേസിൽ നിലവിൽ വെള്ളാപ്പള്ളി നടേശൻ ഒന്നാം പ്രതിയും യോഗം പ്രസിഡന്റ് ഡോ.എം.എൻ സോമൻ രണ്ടാം പ്രതിയും കേരള പിന്നാക്ക വിഭാഗ വികസന കോർപറേഷൻ (കെഎസ്ബിസിഡിസി) എംഡി ആയിരുന്ന ദിലീപ് കുമാർ നാലാം പ്രതിയുമായിരുന്നു. കേസിൽ മൂന്നാം പ്രതിയായിരുന്ന എസ്എൻഡിപി മൈക്രോ ഫിനാൻസ് വിങ്ങിന്റെ സംസ്ഥാന കോ–ഓർഡിനേറ്റർ കെ.കെ.മഹേശനെ 2020 ജൂണിൽ യൂണിയൻ ഓഫിസിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. ഈ സംഭവത്തിലും വെള്ളാപ്പള്ളിമാർക്ക് എതിരെ ഗുരുതര ആരോപണമാണ് ഉയർന്നിരുന്നത്.

വ്യാജ സ്വയം സഹായ സംഘങ്ങളുടെ പേരിൽ യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയ ശേഷം കെഎസ്ബിസിഡിസി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മൈക്രോ ഫിനാൻസ് പദ്ധതി വഴി പിന്നാക്ക വിഭാഗങ്ങൾക്കുള്ള വായ്പ ചെറിയ പലിശയ്ക്കു നേടുകയും, സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നുമായിരുന്നു പരാതി ഉയർന്നിരുന്നത്.

മൈക്രോ ഫിനാൻസ് ഫണ്ടിൽ വലിയ അഴിമതി നടന്നിട്ടുണ്ടെന്നാണ് വിജിലൻസ് ഇപ്പോൾ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ടിലും പറയുന്നത്. വിവിധ ജില്ലകളിലായുള്ള 16ഓളം യൂണിയനുകളിലൂടെ തുക വിതരണം ചെയ്തുവെന്നു കാണിച്ച് വ്യാജ യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കി തുക തട്ടിയെടുക്കുകയായിരുന്നു എന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.

2003 മുതൽ 2014 വരെയുള്ള കാലഘട്ടത്തിൽ 15.85 കോടി രൂപ ഇത്തരത്തിൽ കെഎസ്ബിസിഡിസി എംഡിയുടെ കൂടി ഒത്താശയോടെ വിതരണം ചെയ്തെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനു പുറമേ എസ്എൻഡിപി ചിറ്റൂർ താലൂക്ക് യൂണിയൻ, മാനന്തവാടി താലൂക്ക് യൂണിയൻ, പുൽപ്പള്ളി താലൂക്ക് യൂണിയൻ, റാന്നി താലൂക്ക് യൂണിയൻ എന്നിവയുടെ മുൻ ഭാരവാഹികൾ മൈക്രോ ഫിനാൻസ് വഴി വിതരണം ചെയ്യേണ്ട പണം സ്വന്തം ആവശ്യങ്ങൾക്കായി വിനിയോഗിച്ചുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിൽ പുൽപ്പള്ളി താലൂക്ക് യൂണിയന്റെ മുൻ ഭാരവാഹികൾ 2007ലും 2014ലും ഫണ്ടിൽ വെട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും ഈ യൂണിയനുകളിലൂടെ വെട്ടിപ്പ് നടത്തിയ ഭാരവാഹികളും കേസിൽ പ്രതികളാകുമെന്നും വിജിലൻസ് എസ്പി ഡോ. ജെ.ഹേമചന്ദ്രനാഥ് തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ അന്തിമ റിപ്പോർട്ടിലെ കണ്ടെത്തൽ വെള്ളാപ്പള്ളിയ്ക്ക് വലിയ വെല്ലുവിളിയാകാനാണ് സാധ്യത.

ഈ അവസരം ശരിക്കും സി.പി.എമ്മും സർക്കാറും ഉപയോഗിച്ചാൽ, എസ്.എൻ.ഡി.പി യോഗത്തിലെ വെള്ളാപ്പള്ളി യുഗം തന്നെയാണ് അവസാനിക്കുക എന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

Top