CMDRF

ഇഡി നടപടി ചോദ്യംചെയ്തുള്ള കെജ്രിവാളിന്റെ ഹർജിയിൽ വിധി ഇന്ന്

ഇഡി നടപടി ചോദ്യംചെയ്തുള്ള കെജ്രിവാളിന്റെ ഹർജിയിൽ വിധി ഇന്ന്
ഇഡി നടപടി ചോദ്യംചെയ്തുള്ള കെജ്രിവാളിന്റെ ഹർജിയിൽ വിധി ഇന്ന്

ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നൽകിയ ഹർജിയിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. അറസ്റ്റ് രേഖപ്പെടുത്തി 24 മണിക്കൂറിന് ശേഷമാണ് കോടതിയിൽ ഹാജരാക്കിയതെന്നും ഇത് നിയമ വിരുദ്ധമാണ് എന്നുമാണ് അരവിന്ദ് കെജ്രിവാളിന്റെ പ്രധാന ആക്ഷേപം.
റിമാൻഡ് റിപ്പോർട്ടിന്റെ പകർപ്പ് അഭിഭാഷകന് നൽകാതെയാണ് റിമാൻഡ് ചെയ്തത്. ഇതും നിയമ വിരുദ്ധമാണെന്ന് അരവിന്ദ് കെജ്രിവാൾ വാദിച്ചു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് വിധി പറയുക.

നേരത്തെ ഈ കേസിൽ വാദം കേട്ട കോടതി കെജ്‌രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ഇ ഡിയോട് ആവശ്യപ്പെട്ടിരുന്നു. തെളിവുകൾ തങ്ങൾക്ക് മുൻപിൽ ഹാജരാക്കാനും അവ വിശദമായി പരിശോധിക്കണമെന്ന ആവശ്യവും മുന്നോട്ടുവെച്ചിരുന്നു. അതേസമയം ഡൽഹി മദ്യനയ കേസിൽ ജാമ്യം തേടി അരവിന്ദ് കെജ്‌രിവാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. സിബിഐ രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യാപേക്ഷ നൽകിയത്. സിബിഐ അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജിയിൽ മറുപടി പറയാൻ ഡൽഹി ഹൈക്കോടതി സിബിഐയോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ സിബിഐ അരവിന്ദ് കെജ്‌രിവാളിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. മൂന്ന് ദിവസത്തെ കസ്റ്റഡി അവസാനിച്ചതോടെയാണ് സിബിഐ കോടതിയിൽ നിന്നും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിൽ വാങ്ങിയിരുന്നത്.

തിഹാർ ജയിലിലെത്തി ചോദ്യം ചെയ്തതിന് പിന്നാലെയാണ് കോടതി നേരത്തെ കെജ്‌രിവാളിനെ മൂന്ന് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടത്. സൗത്ത് ഗ്രൂപ്പ് മദ്യ നയത്തിൽ കെജ്‌രിവാൾ ഇടപെട്ടു എന്നതിന് തെളിവ് ഉണ്ടെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. സ്വകാര്യ വിമാനത്തിൽ ഡൽഹിയിലെത്തിയ കെജ്‌രിവാൾ സൗത്ത് ഗ്രൂപ്പുമായിചർച്ച നടത്തിയെന്നും സൗത്ത് ഗ്രൂപ്പ് ആവശ്യപ്പെട്ട രീതിയിൽ നയമുണ്ടാക്കിയെന്നുമാണ് സിബിഐ കോടതിയെ അറിയിച്ചത്. ഈ കാര്യങ്ങൾ പരിശോധിക്കാൻ കെജ്‌രിവാളിനെ അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് സിബിഐ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്.

Top