കാസർകോട്: ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ ഉൾപ്പെടെ ആറ് ബി.ജെ.പി. നേതാക്കൾ പ്രതികളായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിലെ വിടുതൽ ഹർജിയിൽ വിധി ഇന്ന്. കാസർകോട് ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക. കേസ് രാഷ്ട്രീയലക്ഷ്യം വെച്ച് കെട്ടിച്ചമച്ചതാണ് എന്ന് ആരോപിച്ച് സുരേന്ദ്രനും മറ്റു അഞ്ച് പ്രതികളും 2023 സെപ്റ്റംബറിൽ സമർപ്പിച്ച വിടുതൽ ഹർജിയിൽ കഴിഞ്ഞ ദിവസം വിധി പറയാൻ വെച്ചിരുന്നെങ്കിലും ഹർജിക്കാർ നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദ്ദേശിക്കുകയായിരുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ബി.എസ്.പി. സ്ഥാനാർഥിയായിരുന്ന കെ.സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച് ഭീഷണിപ്പെടുത്തി നാമനിർദേശപത്രിക പിൻവലിപ്പിക്കുകയും ഇതിന് കോഴയായി രണ്ടരലക്ഷം രൂപയും മൊബൈൽ ഫോണും നൽകിയെന്നുമാണ് കേസ്. മഞ്ചേശ്വരത്തെ എൽ.ഡി.എഫ്. സ്ഥാനാർഥിയായിരുന്ന വി.വി.രമേശൻ, കെ.സുന്ദരയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഫയൽചെയ്ത ഹർജിയിൽ കോടതി നിർദേശപ്രകാരമാണ് പോലീസ് കേസെടുത്തത്.