CMDRF

വംശീയാധിക്ഷേപം: ഫ്രാൻസിനോട് മാപ്പ് പറഞ്ഞ് അർജൻ്റീന

വംശീയാധിക്ഷേപം: ഫ്രാൻസിനോട് മാപ്പ് പറഞ്ഞ് അർജൻ്റീന
വംശീയാധിക്ഷേപം: ഫ്രാൻസിനോട് മാപ്പ് പറഞ്ഞ് അർജൻ്റീന

ബ്യൂണസ് ഐറിസ്: അര്‍ജന്റീന ഫുട്‌ബോള്‍ താരങ്ങള്‍ ഉള്‍പ്പെട്ട വംശീയാധിക്ഷേപ വിവാദത്തിനു പിന്നാലെ ഫ്രാന്‍സിനെ കൊളോണിയലിസ്റ്റ് രാജ്യമെന്ന് വിളിച്ച വൈസ് പ്രസിഡന്റ് വിക്ടോറിയ വിയ്യാറുവലിന്റെ പ്രവർത്തിയിൽ ക്ഷമാപണം നടത്തി അര്‍ജന്റീന. വംശീയാധിക്ഷേപ വിവാദത്തില്‍ എന്‍സോ ഫെര്‍ണാണ്ടസിനെ പിന്തുണച്ച് എക്‌സില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു വിക്ടോറിയയുടെ വിവാദ പരാമര്‍ശം. ഫ്രാന്‍സിനെ കൊളോണിയലിസ്റ്റ് രാജ്യമെന്നും അവിടത്തെ ജനങ്ങളെ കാപട്യക്കാരെണെന്നുമാണ് വിക്ടോറിയ തന്റെ പോസ്റ്റിൽ പരാമർശിച്ചത്.

”ഒരു പാട്ടിന്റെ പേരിലോ അവര്‍ക്ക് അംഗീകരിക്കാന്‍ സാധിക്കാത്ത കാര്യങ്ങള്‍ പറഞ്ഞതിനോ ഒരു കൊളോണിയലിസ്റ്റ് രാജ്യവും ഞങ്ങളെ ഭയപ്പെടുത്താന്‍ വരേണ്ട. അര്‍ജന്റീന പരമാധികാരമുള്ളതും സ്വതന്ത്രവുമായ രാജ്യമാണ്. ഞങ്ങള്‍ക്ക് ഒരിക്കലും കോളനികളോ രണ്ടാംതരം പൗരന്മാരോ ഉണ്ടായിരുന്നില്ല. ഞങ്ങളുടെ ജീവിതരീതി ഞങ്ങള്‍ ആരുടെമേലും അടിച്ചേല്‍പ്പിച്ചിട്ടുമില്ല.’ – എന്നായിരുന്നു വിക്ടോറിയയുടെ പോസ്റ്റ്. വിക്ടോറിയയുടെ പ്രസ്താവന തീര്‍ത്തും വ്യക്തിപരമാണെന്ന് വിശദീകരിക്കാന്‍ ഫ്രഞ്ച് എംബസിയിലേക്ക് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ അയച്ചതായി പ്രസിഡന്റ് ഹാവിയര്‍ മിലിയുടെ ഓഫീസ് അറിയിച്ചു.

കോപ്പ അമേരിക്ക കിരീടം നേടിയ ശേഷം ടീം ബസിലെ വിജയാഘോഷത്തിനിടെ കിലിയന്‍ എംബാപ്പെയേയും ഫ്രാന്‍സ് ദേശീയ ടീമിനെയും അര്‍ജന്റീന താരങ്ങള്‍ വംശീയമായി അധിക്ഷേപിച്ചത് സംബന്ധിച്ചായിരുന്നു വിവാദം. അര്‍ജന്റീന താരം എന്‍സോ ഫെര്‍ണാണ്ടസ് സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലുള്ള ചാന്റിലായിരുന്നു എംബാപ്പെയ്ക്കും ടീമിലെ മറ്റ് ആഫ്രിക്കന്‍ വംശജര്‍ക്കുമെതിരേ അധിക്ഷേപ പരാമര്‍ശം ഉണ്ടായത്. സംഭവം വിവാദമായതിനു പിന്നാലെ എന്‍സോ ഈ വിഡിയോ പിന്‍വലിച്ച് മാപ്പ് പറയുകയും ചെയ്തിരുന്നു. പിന്നാലെ ആഗോള ഫുട്‌ബോള്‍ സംഘടനയായ ഫിഫ ഈ വിഷയത്തില്‍ അന്വേഷണവും പ്രഖ്യാപിച്ചു. ഇതിനു പിന്നാലെയാണ് വിക്ടോറിയ വിയ്യാറുവല്‍, എന്‍സോ ഫെര്‍ണാണ്ടസിന് പിന്തുണയുമായി രംഗത്തെത്തിയത്.

സംഭവത്തില്‍ ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ ഫിഫയ്ക്ക് പരാതി നല്‍കിയിരുന്നു. വംശീയാധിക്ഷേപത്തിനെതിരേ ഫിഫ ശക്തമായി രംഗത്തുവന്നിട്ടുമുണ്ട്. ഒരുതരത്തിലുമുള്ള വിവേചനം അനുവദിക്കില്ലെന്നും കളിക്കാര്‍, ആരാധകര്‍, സംഘാടകര്‍ എന്നിവര്‍ ഇതിലുള്‍പ്പെടുന്നത് ശരിയല്ലെന്നും ഫിഫ ഗവേണിങ് ബോഡി വ്യക്തമാക്കി. എന്‍സോയുടെ ക്ലബ്ബായ ചെല്‍സി, അച്ചടക്കനടപടിയുണ്ടാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഫ്രാന്‍സിനായി കളിക്കുന്ന ആഫ്രിക്കന്‍വംശജരായ ഏഴ് താരങ്ങള്‍ ക്ലബ്ബിലുണ്ട്. ഇതാണ് ക്ലബ്ബിനെ വേഗത്തില്‍ നടപടിക്ക് പ്രേരിപ്പിച്ചത്.

Top