CMDRF

അമേരിക്കൻ ശക്തിയെ വകവരുത്തിയ വിയറ്റ്നാമിന്റെ കമ്മ്യൂണിസ്റ്റ് പട !

അമേരിക്കൻ ശക്തിയെ വകവരുത്തിയ വിയറ്റ്നാമിന്റെ കമ്മ്യൂണിസ്റ്റ് പട !
അമേരിക്കൻ ശക്തിയെ വകവരുത്തിയ വിയറ്റ്നാമിന്റെ കമ്മ്യൂണിസ്റ്റ് പട !

ലോകത്തിലെ തന്നെ സര്‍വശക്തനായ ഒരു രാജ്യം. പലതിലും വില്ലന്‍ പരിവേഷത്തോടെ വിജയം കണ്ടെത്തിയ സൈനിക ശക്തി. സര്‍വ സന്നാഹങ്ങളും ആയുധശേഖരങ്ങളും ആവശ്യത്തിലധികമുള്ള നയതന്ത്രപരിവേഷം. ആഗോള ശക്തികളില്‍ തന്നെ വമ്പന്‍മാരായ ‘അമേരിക്ക’ എന്ന വന്‍ശക്തി. എവിടെയും തോല്‍ക്കാന്‍ മനസ്സില്ലാത്ത രാജ്യമാണ് അമേരിക്ക. നാണക്കേട് മറയ്ക്കാന്‍ എന്ത് കുതന്ത്രങ്ങളും പയറ്റി സ്വന്തം പൗരന്‍മാരെയടക്കം വഞ്ചിച്ച് സാമ്രാജ്യത്തിന്റെ പവര്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ലോകപൊലീസ്. അമേരിക്കയെ വലവീശിപിടിക്കാനും, അമേരിക്കന്‍ സൈനിക ശക്തിക്ക് മുന്നില്‍ പൊരുതി നില്‍ക്കാനും അത്ര എളുപ്പത്തില്‍ സാധ്യമാകുന്ന കാര്യമല്ല. എന്നാല്‍ ദേശസ്‌നേഹവും, ഐക്യവും മാത്രം കൈമുതലാക്കിയ ഒരു ചെറിയ രാജ്യം അമേരിക്ക എന്ന വമ്പനെ മുട്ടുകുത്തിച്ച ഒരു കഥയുണ്ട് ചരിത്രത്തിന്റെ താളുകളില്‍. യുദ്ധലോകത്തെ രാജാക്കന്‍മാരെന്ന തലക്കനം സ്വയം വെച്ചുപുലര്‍ത്തുന്ന അമേരിക്കയ്ക്ക് വിയറ്റ്‌നാമിലേറ്റ ആ തിരിച്ചടി എന്നും ഒരു താക്കീതായിരുന്നു. ഒരു യുദ്ധത്തിന് കച്ചക്കെട്ടുമ്പോള്‍ രണ്ടാമത് ഒന്നുകൂടി ആലോചിക്കണമെന്ന ഓര്‍മ്മപ്പെടുത്തലായിരുന്നു അത്.

വര്‍ഷം 1959 ഏപ്രില്‍ മാസം, കഥ തുടങ്ങുന്നത് വിയറ്റ്‌നാമില്‍ നിന്നു തന്നെ. യുദ്ധത്തിന്റെ ആരംഭഘട്ടത്തില്‍ അമേരിക്ക യുദ്ധമുഖത്ത് ഉണ്ടായിരുന്നില്ല. പിന്നെ എങ്ങനെ അമേരിക്ക യുദ്ധത്തിന്റെ പ്രധാന ഘടകമായി…? വളരെ പണ്ട് മുതല്‍ക്കെ തന്നെ ഫ്രഞ്ച് കോളനി ഭരണത്തിനെതിരെ, ചൈന, മംഗോളിയ, ജപ്പാന്‍, ഫ്രഞ്ച് എന്നീ രാജ്യങ്ങളുടെയൊക്കെ അധിനിവേശങ്ങള്‍ക്കെതിരെ ചെറുത്തുനില്‍പ്പ് നടത്തിയവരാണ് വിയറ്റ്‌നാമികള്‍. വിയറ്റ്‌നാം യുദ്ധം നടക്കുമ്പോള്‍ ലോകത്ത് രണ്ട് ശക്തികള്‍ തമ്മിലുള്ള ശീതസമരം കൊടുംമ്പിരി കൊണ്ടിരിക്കുകയായിരുന്നു. അമേരിക്കയുടെ നേതൃത്വത്തിലുള്ള മുതലാളിത്ത ചേരിയും, സോവിയറ്റ് റഷ്യയുടെയും, ചൈനയുടെയും നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് ചേരിയും. പിന്‍ബലത്തിനായി മറ്റ് രാജ്യങ്ങളെ അണിനിരത്താനുള്ള തന്ത്രങ്ങളും ഇരു ചേരികളും ആസൂത്രണം ചെയ്തിരുന്നു. തങ്ങളുടെ ആശയങ്ങള്‍ മുന്‍നിര്‍ത്തി സഖ്യകക്ഷികളെ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രശ്‌നം നേരിടുന്ന ലോകത്തിന്റെ പല കോണുകളിലും ഇരു രാജ്യങ്ങളും സഹായ ഹസ്തങ്ങള്‍ നീട്ടുന്നതിനുള്ള മത്സരത്തിലായിരുന്നു. കമ്മ്യൂണിസ്റ്റ് രാജ്യവും, കമ്മ്യൂണിസ്റ്റ് വിരുദ്ധ മുതലാളിത്ത രാജ്യങ്ങളും പോരടിക്കുമ്പോള്‍ അമേരിക്കയടക്കമുള്ള പാശ്ചാത്യരാജ്യങ്ങള്‍ക്ക് ഒരു ഭയമുണ്ടായിരുന്നു. ഏഷ്യന്‍ രാജ്യങ്ങളില്‍ കമ്മ്യൂണിസ്റ്റ് ശക്തികള്‍ വേരുറപ്പിക്കുമോ എന്നുള്ള ഭയം. അമേരിക്കയെ ആയിരുന്നു ഈ പേടി ഏറ്റവും കൂടുതല്‍ അലട്ടിയിരുന്നത്. അപ്പോഴാണ് വിയറ്റ്‌നാമില്‍ കനല്‍ എരിഞ്ഞുതുടങ്ങിയത്.

വിയറ്റ്‌നാമില്‍ നിന്നും പിന്മാറിയാല്‍ അവിടെ ഒരു കമ്മ്യൂണിസ്റ്റ് ഭരണം നിലവില്‍ വരും എന്ന ഭയം രണ്ടാംലോക മഹായുദ്ധക്കാലത്ത് വിയറ്റ്‌നാമിന്റെ അധികാരം പിടിച്ചെടുത്ത ഫ്രാന്‍സിനടക്കം ഉണ്ടായിരുന്നു. വിയറ്റ്‌നാമില്‍ തുടര്‍ഭരണം നടത്തുവാന്‍ ഫ്രാന്‍സ് ആഗ്രഹിച്ചിരുന്നില്ലെങ്കിലും അവിടെ ഒരു കമ്മ്യൂണിസ്റ്റ് ഭരണം നിലവില്‍ വരും എന്ന ഭീതി അധികാരം കൈവിടാന്‍ അവരെ അനുവദിച്ചില്ല. എങ്കിലും അവിടുത്തെ ഒരു വിഭാഗം ജനങ്ങള്‍ക്കിടയില്‍ കമ്മ്യൂണിസ്റ്റ് സ്വാധീനം വളര്‍ന്ന് തുടങ്ങിയിരുന്നു. ഇതിനിടയില്‍ വിയറ്റ്‌നാം കമ്മ്യൂണിസ്റ്റുകള്‍ ഫ്രഞ്ചുകാര്‍ക്കെതിരേ ഗറില്ലായുദ്ധമാരംഭിച്ചു. അമേരിക്കന്‍ സഖ്യപിന്തുണയോടെ ഫ്രാന്‍സ് ഇവര്‍ക്കെതിരെ പോരാടിയെങ്കിലും യുദ്ധത്തില്‍ വിജയിച്ചില്ലെങ്കില്‍ മരിക്കുന്നതാണ് നല്ലത് ആരുടെയും മുന്നില്‍ മുട്ടുകുത്തില്ലെന്നുറപ്പിച്ചിരുന്ന വിയറ്റ്‌നാം ഗറില്ലകള്‍ വിജയം കണ്ടു. അങ്ങനെ ഫ്രാന്‍സ് വിയറ്റ്‌നാമിന് സ്വാതന്ത്രം നല്‍കി. എന്നാല്‍ മുഴുവനായും കമ്മ്യൂണിസ്റ്റ് ചേരികള്‍ക്ക് വിട്ടുകൊടുക്കാതെ രാജ്യത്തെ ഉത്തര വിയറ്റ്‌നാം, ദക്ഷിണ വിയറ്റ്‌നാം എന്നിങ്ങനെ രണ്ടായി വിഭജിച്ച് ഉത്തര വിയറ്റ്‌നാം കമ്മ്യൂണിസ്റ്റ് മേല്‍നോട്ടത്തിലും ദക്ഷിണ വിയറ്റ്‌നാം പാശ്ചാത്യപിന്തുണയുള്ള മുതലാളിത്ത മേല്‍നോട്ടത്തിലേക്കും ഭാഗിക്കപ്പെട്ടു. ഒരേ സാംസ്‌കാരിക പൈതൃകം പേറുന്ന ഒരു രാജ്യം ഇത്തരത്തില്‍ രണ്ടായി വിഭജിക്കപ്പെട്ടത് തന്നെയാണ് യുദ്ധം ഉടലെടുക്കാനുള്ള പ്രധാന കാരണം.

തെക്കന്‍ വിയറ്റ്‌നാമിന്റെ ചുമതല അമേരിക്കയ്ക്കും മുതലാളിത്ത ചേരിക്കും താത്പര്യമുള്ള ദിന്‍ ദിയെം എന്ന നേതാവിനായിരുന്നു. അമേരിക്കയുടെ നേതൃത്വത്തിലായിരുന്നു ദിന്‍ ദിയെമിന്റെ അധികാരപ്രവേശനം. അതേസമയം വടക്കന്‍ വിയറ്റ്‌നാമില്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടവും അധികാരത്തിലേറി. അങ്ങനെ ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് വിയറ്റ്‌നാമെന്ന് വടക്കന്‍ വിയറ്റ്‌നാമും, റിപ്പബ്ലിക്ക്
ഓഫ് വിയറ്റ്‌നാമെന്ന് തെക്കും അറിയപ്പെട്ടു. കടുത്ത കമ്മ്യൂണിസ്റ്റ് വിരോധിയായിരുന്ന ദിയെം ദക്ഷിണവിയറ്റ്‌നാമില്‍ കമ്മ്യൂണിസ്റ്റ് വേട്ടയാരംഭിച്ചു. അതുതന്നെയായിരുന്നു പാശ്ചാത്യരാജ്യങ്ങളുടെ ലക്ഷ്യവും. കമ്മ്യൂണിസ്റ്റ് ആശയങ്ങളെ അതിക്രൂരമായി അടിച്ചമര്‍ത്താന്‍ ശ്രമിച്ച ദിയെമിന്റെ നയങ്ങള്‍ക്കെതിരെ കമ്മ്യൂണിസ്റ്റുകള്‍ തിരിഞ്ഞു. വിയറ്റ്‌നാം മുഴുവന്‍ സ്വാധീനമുള്ള ഗറില്ലകള്‍ ദിയെം സര്‍ക്കാരിനെതിരേ ഗറില്ലായുദ്ധം ആരംഭിച്ചു. സ്വാഭാവികമായും നോര്‍ത്ത് വിയറ്റ്‌നാമിലുള്ള കമ്മ്യൂണിസ്റ്റ് അനുഭാവികളും ഭരണകൂടവും ഗറില്ലകള്‍ക്ക് ചുക്കാന്‍ പിടിച്ചു. ഈ കമ്മ്യൂണിസ്റ്റ് ഗറില്ല പോരാളികളെ വിയറ്റ്‌കോംഗ് എന്നായിരുന്നു വിളിച്ചിരുന്നത്. വിയറ്റ്‌കോംഗുകളുടെ തിരിച്ചടി തെക്കന്‍ വിയറ്റ്‌നാമില്‍ ആഭ്യന്തരപ്രശ്‌നങ്ങള്‍ക്ക് തിരികൊളുത്തി. കൂടാതെ തെക്കന്‍ വിയറ്റ്‌നാമിലെ കമ്മ്യൂണിസ്റ്റ് അനുഭാവികളും വടക്കന്‍ വിയറ്റ്‌നാമിന്റെ പക്ഷംചേര്‍ന്നു. കൂടാതെ അഴിമതിക്കാരനായിരുന്ന ദിന്‍ ദിയെമിന്റെ ഭരണത്തിനെതിരെ കര്‍ഷകരും സാധാരണക്കാരും ബുദ്ധമതക്കാരും കളത്തിറങ്ങിയതും വിയറ്റ്‌കോംഗുകള്‍ക്ക് ഉപകാരമായി. അങ്ങനെ ഇരുപക്ഷങ്ങളും തമ്മില്‍ ഒരു ആഭ്യന്തരകലഹമായി അത് പരിണമിച്ചു.

യുദ്ധത്തില്‍ നേരിട്ട് കൈകടത്താതെ തെക്കന്‍ വിയറ്റ്‌നാമിന് വേണ്ട സഹായങ്ങള്‍ ചെയ്തായിരുന്നു അമേരിക്ക യുദ്ധത്തിന്റെ ഭാഗമായിരുന്നത്. ഇതിനായി 1963 ല്‍ 16,000 സൈനികരെ പ്രസിഡന്‍്‌റ് ജോണ്‍ എഫ് കെന്നഡി തെക്കന്‍ വിയറ്റ്‌നാമിലേക്ക് അയച്ചിരുന്നു. വിയറ്റ്‌നാമിനടുത്തുള്ള ടോണ്‍കിന്‍ ഉള്‍ക്കടലില്‍ വച്ച് വടക്കന്‍ വിയറ്റ്‌നാമിന്റെ ബോട്ടുകള്‍ അമേരിക്കയുടെ കപ്പല്‍ ആക്രമിച്ചു എന്ന് പറഞ്ഞ് അമേരിക്ക ആഭ്യന്തരയുദ്ധത്തില്‍ നേരിട്ടിടപെട്ടു. കൈകടത്താന്‍ കാരണം നോക്കി നില്‍ക്കുകയായിരുന്ന അമേരിക്ക യുദ്ധത്തില്‍ പ്രവേശിച്ചതിന്റെ കാരണങ്ങളില്‍ ഇന്നും വ്യക്തതയില്ല. കമ്മ്യൂണിസ്റ്റ് നയങ്ങളെ ഇല്ലാതാക്കുക എന്ന കലഹത്തില്‍ നേരിട്ടിടപെടാന്‍ കൈതരിച്ച അമേരിക്ക അങ്ങനെ യുദ്ധമുഖത്തേക്ക് പ്രവേശിച്ചു. വടക്കന്‍ വിയറ്റ്‌നാമില്‍ ആക്രമണം നടത്താന്‍ പ്രസിഡന്‍്‌റ് ലിന്റണ്‍ ജോണ്‍സണ്‍ ഉത്തരവിടുന്നു. 1965 ല്‍ അമേരിക്കന്‍ നാവിക സേനയുടെ ആദ്യ സംഘം വിയറ്റ്‌കോംഗുകളെ ലക്ഷ്യംവെച്ച് വിയറ്റ്‌നാമിലെത്തി. ഗറില്ലകളുമായുള്ള യുദ്ധമായിരുന്നതുകൊണ്ട് തന്നെ കൃത്യമായ ഒരു യുദ്ധമുഖം എങ്ങുമുണ്ടായിരുന്നില്ല. വിയറ്റ്‌നാം കാടുകളില്‍ ഒളിച്ചിരുന്ന് യുദ്ധം നടത്തിയ ഗറില്ലകളെ കീഴടക്കാനോ പിടിക്കുവാനോ അത്ര എളുപ്പവുമായിരുന്നില്ല. കാടുകളില്‍ തിരഞ്ഞുപിടിച്ച് ഗറില്ലകളെ കൊല്ലുന്നതും രഹസ്യമാര്‍ഗ്ഗങ്ങളിലൂടെ അവര്‍ ആയുധം കൊണ്ടുവരുന്നതും ഒക്കെ കണ്ടെത്തുവാന്‍ അമേരിക്കന്‍ സൈന്യം പാടുപെട്ടു. എങ്കിലും പിന്നോട്ട് പോകാതെ അമേരിക്ക വടക്കന്‍ വിയറ്റ്‌നാമിന്റെ നയതന്ത്ര മേഖലകളില്‍ വ്യോമമാര്‍ഗങ്ങളിലായി ബോംബുകള്‍ വര്‍ഷിച്ച് നാശനഷ്ടങ്ങള്‍ സൃഷ്ടിച്ചു. പലപ്പോഴായി നടത്തിയ അപ്രതീക്ഷിത ആക്രമണത്തില്‍ ഗറില്ലകള്‍ അമേരിക്കന്‍ സൈന്യത്തിനു വന്‍ നാശനഷ്ടങ്ങള്‍ വരുത്തിക്കൊണ്ടിരുന്നു. പകരമായി അമേരിക്ക സൈന്യത്തിന്റെ എണ്ണവും വര്‍ധിപ്പിച്ചു. ശത്രുക്കളെ തിരഞ്ഞ് നശിപ്പിക്കുക എന്നതായിരുന്നു അമേരിക്കയുടെ യുദ്ധനയം. കനത്ത ആള്‍നാശം സംഭവിച്ചതോടെ അമേരിക്കയുടെ മട്ട് മാറി. രണ്ടാം ലോകമഹായുദ്ധസമയത്ത് വികസിപ്പിച്ചെടുത്ത ‘നാപാം ബോംബു’കള്‍ വലിയ അളവില്‍ അമേരിക്ക വടക്കന്‍ വിയറ്റ്‌നാമില്‍ വിതറി. ബോംബിംഗിനിരയായവര്‍ ഒക്കെയും കത്തിയമര്‍ന്നു. കാടുകളിലായിരുന്ന ഗറില്ലകളെ വകവരുത്താന്‍ വനഭൂമിയില്‍ ‘ഏജന്റ് ഓറഞ്ച്’ എന്ന വിഷവസ്തു തളിച്ചു. ഏകദേശം 5 ലക്ഷം ഹെക്ടര്‍ വനഭൂമിയില്‍ ഈ മാരകരാസകീടനാശിനി തളിക്കപ്പെട്ടു. ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലുതും കിരാതവുമായ കെമിക്കല്‍ ആക്രമണമായിരുന്നു ഇത്. വായുവും ജലവും പൂര്‍ണ്ണമായും മലിനപ്പെട്ടു. വിയറ്റ്നാമില്‍ ഏജന്റ് ഓറഞ്ച് 30 ലക്ഷത്തോളം സാധാരണക്കാരെയും സൈനികരെയുമാണ് പ്രതികൂലമായി ബാധിച്ചത്. പിറന്നുവീഴുന്ന കുഞ്ഞുങ്ങള്‍ക്ക് മുഴുവന്‍ ശാരീരികവൈകല്യങ്ങളുണ്ടായി. മാറാരോഗങ്ങളും കാന്‍സറടക്കമുള്ളവയും സര്‍വ്വസാധാരണമായി.

തനതായ യുദ്ധമുറകളാലാണ് ഗറില്ലകള്‍ തിരിച്ചടിച്ചത്. തങ്ങളുടെ നാടിനെയും കാടിനെയും നന്നായി അറിയുന്നവര്‍ ആ അറിവ് പ്രയോജനപ്പെടുത്തി. അനാവശ്യമായി യുദ്ധമുഖത്തെത്തിയ അമേരിക്കയെക്കാള്‍ ആത്മാര്‍ത്ഥത എന്തുകൊണ്ടും സ്വന്തം മണ്ണ് രക്ഷിക്കാന്‍ പുറപ്പെട്ടിറങ്ങിയ വിയറ്റ്‌നാമികള്‍ക്കുണ്ടാകുമെന്ന് അമേരിക്ക ഓര്‍ത്തില്ല. റഷ്യന്‍ നിര്‍മ്മിത ആയുധങ്ങള്‍കൊണ്ട് പോരാടിയ അമേരിക്കന്‍ സൈനികര്‍ക്ക് കനത്ത തിരിച്ചടികള്‍ നല്‍കാന്‍ ഗറില്ലകാള്‍ക്കായി. കാട്ടില്‍ കയറിയുള്ള യുദ്ധം അമേരിക്കയുടെ ആത്മധൈര്യത്തെ തളര്‍ത്തി. എന്നാല്‍ നേരിട്ട തിരിച്ചടികളില്‍ പ്രകോപിതനായ അമേരിക്ക മുഖം രക്ഷിക്കാന്‍ യുദ്ധനീതികളെ മറന്ന് എങ്ങനെയെങ്കിലും ജയിക്കണമെന്ന ലക്ഷ്യത്തിലെത്തി. മനുഷ്യത്വരഹിതമായ പല തന്ത്രങ്ങളും അവര്‍ പയറ്റി. വിയറ്റ്‌നാമെന്ന ചെറുരാജ്യത്തോട് അടിയറവ് പറഞ്ഞാലുണ്ടാകുന്ന നാണക്കേട് അമേരിക്കയുടെ സമനില തെറ്റിച്ചു. എപ്പോഴത്തെയും പോലെ യുദ്ധമുഖത്ത് കുറെ നിസ്സഹായരായ സാധരണക്കാരെ വിയറ്റ്‌നാമിലും അമേരിക്ക ബലിയാടുകളാക്കി. അമേരിക്കയുടെ നാപാം ബോംബ് വര്‍ഷിക്കപ്പെട്ടിടത്ത് നിന്ന് പൊള്ളലേറ്റ ശരീരവുമായ് കരഞ്ഞുകൊണ്ട് നഗ്‌നയായി ഓടുന്ന 9 വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ ചിത്രം ഇന്നും വിയറ്റ്‌നാം യുദ്ധത്തിന്റെ ഭീകരത നമ്മളെ ഓര്‍മിപ്പിക്കുന്നു.

അതിക്രൂരമായ അടികള്‍ അമേരിക്കയുടെ ഭാഗത്ത് നിന്നുണ്ടായപ്പോഴും വിയറ്റ്‌നാം ജനത തളര്‍ന്നില്ല. പോരാടാനുള്ള ആവേശം ഒട്ടുംതന്നെ ചോര്‍ന്നില്ല. പിന്‍വാങ്ങാന്‍ തയ്യാറാകാതെ വടക്കന്‍ വിയറ്റ്‌നാമികള്‍ കരുത്താര്‍ജിച്ചുകൊണ്ടേയിരുന്നു. യുദ്ധമുഖത്തുനിന്നും വന്നുകൊണ്ടിരുന്ന ചില ചിത്രങ്ങള്‍ പത്രങ്ങളിലും മറ്റും പ്രസിദ്ധീകരിക്കപ്പെട്ടതോടെ യുദ്ധവിരുദ്ധവികാരങ്ങളും ലോകത്തിന്റെ പലകോണുകളില്‍ നിന്നായി വിമര്‍ശനങ്ങളും അമേരിക്കയ്ക്കു നേരെ വന്നു. നേരിട്ട കനത്ത ആള്‍നാശത്തിനെതിരെ സ്വന്തം നാട്ടില്‍ നിന്നുതന്നെ ചോദ്യങ്ങളുയര്‍ന്നു. അതിനിടയില്‍ അമേരിക്കയ്ക്ക് വിയറ്റ്‌നാമിന്റെ വക ഒരു മിന്നല്‍ ആക്രമണവും നേരിടേണ്ടി വന്നു. വിയറ്റ്‌നാമിന്റെ പ്രധാന ആഘോഷാരവങ്ങളിലൊന്നായിരുന്ന ടെറ്റ് ചടങ്ങിനിടെയാണ് ആക്രമണമുണ്ടായത്. ഗറില്ലാസൈന്യം അമേരിക്കന്‍ ക്യാമ്പുകളിലും എംബസിയിലുമുള്‍പ്പെടെ ആക്രമിച്ചു. പിന്നീട് അമേരിക്കയും തെക്കന്‍ വിയറ്റ്‌നാമും കൂടെ വടക്കന്‍ വിയറ്റ്‌നാം പിടിച്ചെടുത്ത പട്ടണങ്ങള്‍ തിരിച്ചുപിടിച്ചു. പട്ടണങ്ങള്‍ തിരിച്ചുപിടിച്ച യുദ്ധത്തിലും അമേരിക്കയ്ക്ക് ഒരുപാട് സൈനികരെ നഷ്ടമായി. എത്രയൊക്കെ പ്രഹരമേല്‍പ്പിച്ചാലും ഗറില്ലകള്‍ പിന്‍വാങ്ങില്ലെന്ന് അമേരിക്ക മനസ്സിലാക്കി. തിരിച്ചടികള്‍ ശക്തമായതോടെ വിയറ്റ്‌നാമില്‍ നിന്നും നിരുപാധികം പിന്‍വാങ്ങാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. അങ്ങനെ ലോകത്തിലെ സര്‍വശക്തിയായ അമേരിക്ക ഒരു കൊച്ചു രാജ്യത്തിനോട് മുട്ടുമടക്കി. 1973 ല്‍ പാരീസില്‍വെച്ച് സമാധാന ചര്‍ച്ചകള്‍ നടന്നു. അമേരിക്കയും നോര്‍ത്ത് വിയറ്റ്‌നാമും വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവച്ചു. 1975 ല്‍ അമേരിക്കന്‍ പ്രസിഡന്‍്‌റ് ജെറാള്‍ഡ് ഫോര്‍ഡ് യുദ്ധം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. യുദ്ധം ഇരുഭാഗത്തിനും നല്‍കിയ നാശനഷ്ടങ്ങള്‍ ചെറുതല്ല. ഏകദേശം 65 ലക്ഷത്തോളം മനുഷ്യര്‍ കൊന്നൊടുക്കപ്പെട്ടു. ഒരുപാട് പേര്‍ ജീവശവമായി. 1959 മുതല്‍ 1975 വരെ നീണ്ടുനിന്ന യുദ്ധം അവസാനിച്ചപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ സൈനികശക്തി അടിയറവു പറയേണ്ടി വന്നത് സ്വന്തം നാടിനായി പൊരുതിയ ഒരു ജനതയ്ക്ക് മുന്നിലാണ്. ആള്‍ബലവും ആയുധബലവുമുണ്ടെങ്കില്‍ എന്തിനെയും വരുതിയിലാക്കാമെന്ന അമേരിക്കയുടെ ധാര്‍ഷ്ട്യത്തിനുള്ള മറുപടിയായിരുന്നു വിയറ്റ്‌നാം ജനതയും ഗറില്ല പോരാളികളും അന്ന് നല്‍കിയത്.

REPORT: ANURANJANA KRISHNA.S

Top