CMDRF

വിയറ്റ്‌നാമീസ് റിയല്‍ എസ്റ്റേറ്റ് വ്യവസായി ട്രൂങ് മൈ ലാന് വധശിക്ഷ വിധിച്ചു

വിയറ്റ്‌നാമീസ് റിയല്‍ എസ്റ്റേറ്റ് വ്യവസായി ട്രൂങ് മൈ ലാന് വധശിക്ഷ വിധിച്ചു
വിയറ്റ്‌നാമീസ് റിയല്‍ എസ്റ്റേറ്റ് വ്യവസായി ട്രൂങ് മൈ ലാന് വധശിക്ഷ വിധിച്ചു

ഹാനോയ്: രാജ്യത്തെ എക്കാലത്തെയും വലിയ സാമ്പത്തിക തട്ടിപ്പ് കേസില്‍ വിയറ്റ്‌നാമീസ് റിയല്‍ എസ്റ്റേറ്റ് വ്യവസായി ട്രൂങ് മൈ ലാന് വധശിക്ഷ വിധിച്ചു. 2022ല്‍ 12.5 ബില്യണ്‍ ഡോളറിന്റെ തട്ടിപ്പാണ് 67 കാരിയായ ബിസിനസുകാരിക്കെതിരെ ചുമത്തിയിരുന്നത്. ആഡംബര അപ്പാര്‍ട്ടുമെന്റുകള്‍, ഹോട്ടലുകള്‍, ഓഫീസുകള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവയില്‍ രാജ്യത്ത് വന്‍കുതിപ്പ് നടത്തിയ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ വാന്‍ തിന്‍ ഫാറ്റിന്റെ അധ്യക്ഷയായിരുന്നു ട്രൂങ് മൈ ലാന്‍. ഇതേ കേസില്‍ ഇവരുടെ മരുമകളും കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവായ ട്രൂങ് ഹ്യൂ വാനിനും 17 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു.

5.2 മില്യണ്‍ ഡോളര്‍ കൈക്കൂലി വാങ്ങിയതിന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മുന്‍ കേന്ദ്ര ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയതായും ആരോപണമുയര്‍ന്നു. സര്‍ക്കാറിന് മേലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടാന്‍ ഇവരുടെ പ്രവൃത്തികള്‍ കാരണമായെന്നും കോടതി വിലയിരുത്തി. 2022ലാണ് ഇവര്‍ അറസ്റ്റ് ചെയ്തത്.

വിയറ്റ്നാമില്‍ വധശിക്ഷ അസാധാരണമല്ലെങ്കിലും സാമ്പത്തിക കുറ്റകൃത്യ കേസുകളില്‍ അപൂര്‍വമാണ്. വിയറ്റ്‌നാമിലെ സെന്‍ട്രല്‍ ബാങ്ക് ഏകോപിപ്പിച്ച സൈഗോണ്‍ ജോയിന്റ് കൊമേഴ്സ്യല്‍ ബാങ്കിന്റെ ലയനത്തിന് ലാന്‍ നേതൃത്വം നല്‍കിയിരുന്നു. സര്‍ക്കാര്‍ രേഖകള്‍ പ്രകാരം, 2012 മുതല്‍ 2022 വരെയുള്ള കാലയളവില്‍ ബാങ്കിനെ നിയമവിരുദ്ധമായി നിയന്ത്രിച്ച് സ്വകാര്യ നേട്ടങ്ങള്‍ക്കായി ഉപയോഗിച്ചുവെന്നാണ് പ്രധാന ആരോപണം. തനിക്കും കൂട്ടാളികള്‍ക്കും വായ്പ നല്‍കാന്‍ കടലാസ് കമ്പനികളെ ഉപയോഗിച്ചതായും രേഖകള്‍ പറയുന്നു. വായ്പകള്‍ 27 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണുണ്ടാക്കിയത്.

Top