‘ഗോട്ട്’ പൂർത്തിയാക്കിയിട്ടേ പാർട്ടി കാര്യങ്ങളിലേക്ക് വിജയ് കടക്കൂ; റിപ്പോർട്ടുകൾ പുറത്ത്

‘ഗോട്ട്’ പൂർത്തിയാക്കിയിട്ടേ പാർട്ടി കാര്യങ്ങളിലേക്ക് വിജയ് കടക്കൂ; റിപ്പോർട്ടുകൾ പുറത്ത്
‘ഗോട്ട്’ പൂർത്തിയാക്കിയിട്ടേ പാർട്ടി കാര്യങ്ങളിലേക്ക് വിജയ് കടക്കൂ; റിപ്പോർട്ടുകൾ പുറത്ത്

തെന്നിന്ത്യൻ സിനിമാപ്രേമികൾ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ്-വെങ്കട് പ്രഭു കൂട്ടുകെട്ടിന്റെ ‘ദി ഗോട്ട്’. ചിത്രത്തിന്റെ റിലീസിന് ശേഷം മാത്രമേ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിൻ്റെ മറ്റു പ്രഖ്യാപനങ്ങളിലേക്ക് കടക്കുകയുള്ളുവെന്ന് നടൻ അണികളെ അറിയിച്ചതായി റിപ്പോർട്ടുകള്‍ പുറത്തുവരികയാണിപ്പോള്‍.

പാർട്ടിക്കായി മൂന്ന് വ്യത്യസ്ത പതാകകളിൽ ഒന്ന് തിരഞ്ഞെടുക്കാനുള്ള അധികാരം ടിവികെ മേധാവിക്ക് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വിജയ് ഔദ്യോഗികമായി പതാക അനാച്ഛാദനം ചെയ്യുമെന്നും ഗോട്ടിൻ്റെ റിലീസിന് ശേഷം തൻ്റെ പാർട്ടിയുടെ ആദ്യ പൊതുസമ്മേളനത്തിൻ്റെ വേദിയും തീയതിയും പ്രഖ്യാപിക്കുമെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

സിനിമാ കരിയർ അവസാനിപ്പിച്ച് സജീവ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ഇറങ്ങുകയാണെന്ന് വിജയ് നേരത്തെ ആരാധകരെ അറിയിച്ചിരുന്നു. അതിനാൽ തന്നെ കരാർ ഒപ്പിട്ട സിനിമകളുടെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണ്. സെപ്റ്റംബർ അഞ്ചിന് ഗോട്ട് തിയേറ്ററുകളിൽ എത്തും. വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ നോക്കി കാണുന്നത്.

വലിയ ബജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ കേരളത്തിലെ വിതരണാവകാശം ശ്രീഗോകുലം മൂവീസ് സ്വന്തമാക്കിയെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. നേരത്തെ വിജയ്‌യുടെ ലിയോയുടെ വിതരണാവകാശവും ശ്രീഗോകുലം മൂവീസിനായിരുന്നു. വിജയ് ഡബിൾ റോളിൽ എത്തുന്ന സിനിമ സെപ്തംബർ അഞ്ചിനാണ് റിലീസ് ചെയ്യുന്നത്. മീനാക്ഷി ചൗധരി, സ്‌നേഹ, ലൈല, ജയറാം, പാർവതി നായർ, പ്രേംജി, വൈഭവ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്. വെങ്കട് പ്രഭുവിന്റെ ഈ ചിത്രത്തിനായി വിജയ് ആരാധകരും പ്രേക്ഷകരും ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

Top