കൊല്ലം: കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ സുഹൃത്തായ അന്‍പതുകാരന്‍ അമ്പലപ്പുഴ കരൂർ പുതുവൽ സ്വദേശി ജയചന്ദ്രനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിവന്ന ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റസമ്മതം നടത്തിയത്. നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തുവെന്നായിരുന്നു പ്രതിയുടെ ആദ്യ മൊഴി. പിന്നീടാണ് സമീപത്തെ പറമ്പില്‍ കുഴിച്ചിട്ടുവെന്ന് പറഞ്ഞത്.
Also Read: സ്ത്രീകളുടെ തലയ്ക്കടിച്ച് മോഷണം; ഗൊരഖ്പൂരിനെ വിറപ്പിച്ച മോഷ്ടാവ് പിടിയിൽ
നവംബര്‍ പത്തിനാണ് വിജയലക്ഷ്മിയെ കാണാനില്ലെന്ന് സഹോദരി പൊലീസിൽ പരാതി നല്‍കിയത്. ഇവര്‍ ഭര്‍ത്താവുമായി അകന്നുകഴിയുകയായിരുന്നു. പരാതിയെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. അതിനിടയിലാണ് വിജയക്ഷ്മിയുടെ മൊബൈല്‍ ഫോണ്‍ പൊലീസിന് ലഭിക്കുന്നത്. ഇക്കാര്യം അടിസ്ഥാനപ്പെടുത്തിയാണ് അന്വേഷണം പുരോഗമിച്ചത്. ഇതിലേക്ക് വന്ന കോളുകളും പൊലീസ് പരിശോധിച്ചു. മാത്രമല്ല, ജയചന്ദ്രന്റെയും വിജയലക്ഷ്മിയുടെയും ഫോൺ ലൊക്കേഷനുകൾ ഒരേയിടത്ത് വന്നിരുന്നു.
രാത്രിയില്‍ മറ്റൊരാള്‍ വിജയലക്ഷ്മിയുടെ ഫോണില്‍ വിളിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. അമ്പലപ്പുഴ ക്ഷേത്രത്തില്‍ തൊഴാമെന്ന് പറഞ്ഞാണ് ജയചന്ദ്രന്‍ വിജയലക്ഷ്മിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. സംഭവം നടക്കുമ്പോള്‍ ജയചന്ദ്രന്റെ ഭാര്യയും കുട്ടിയും വീട്ടിലുണ്ടായിരുന്നില്ല. പ്ലയര്‍ കൊണ്ട് തലയ്ക്കടിച്ചാണ് വിജയലക്ഷ്മിയെ ജയചന്ദ്രന്‍ കൊലപ്പെടുത്തിയത്.