ചെന്നൈ: നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ഔദ്യോഗിക പതാക നാളെ പുറത്തിറക്കും. ചെന്നൈ പനയൂരിലുള്ള പാര്‍ട്ടി ആസ്ഥാനത്ത് രാവിലെ 10.30ന് നടക്കുന്ന ചടങ്ങില്‍ വിജയ് തന്നെ പതാക ഉയര്‍ത്തും. പതാകയും അനുബന്ധ പ്രചാരണ സാമഗ്രികളും മഞ്ഞ നിറത്തിലായിരിക്കും എന്നാണ് സൂചന. പാര്‍ട്ടിയുടെ ഔദ്യോഗിക ഗാനവും നാളെ പുറത്തിറക്കും. പ്രശസ്ത സംഗീത സംവിധായകന്‍ എസ് തമന്‍ ആണ് പതാക ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. വരികള്‍ എഴുതിയത് വി വിവേകാണ്.
നേരത്തെ തിരുച്ചിറപ്പള്ളിയില്‍ സമ്മേളന വേദി നോക്കിയിരുന്നെങ്കിലും പൊലീസ് അനുമതി നിഷേധിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു വിജയ് പാര്‍ട്ടി പ്രഖ്യാപിച്ചത്. 2026 ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വിജയ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ‘ഗോട്ട്’ സിനിമയുടെ എല്ലാ പ്രവര്‍ത്തനങ്ങളും പൂർത്തിയായതിന് ശേഷമാണ് വിജയ് പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുന്നത്.
തമിഴ്‌നാടിന് പുറമെ കേരളം, പുതുച്ചേരി, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുളള പാര്‍ട്ടി പ്രതിനിധികളും പതാക പ്രകാശന ചടങ്ങില്‍ പങ്കെടുക്കും. തമിഴ്നാട്ടില്‍ പ്രധാന ഇടങ്ങളിലെല്ലാം കൊടിമരം സ്ഥാപിക്കാനും പദ്ധതിയുണ്ട്. തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനത്തിനുള്ള ഒരുക്കങ്ങളും തകൃതിയായി നടക്കുന്നുണ്ട്. വിജയ്‌യുടെ ഏറ്റവും പുതിയ സിനിമ ‘ഗോട്ട്’ന്റെ റിലീസിന് ശേഷമായിരിക്കും സമ്മേളനം നടക്കുക. നിലവില്‍ വിഴുപ്പുറം ജില്ലയിലെ വിക്രവണ്ടിയിലാണ് സമ്മേളനനഗരി നിശ്ചയിച്ചിരിക്കുന്നത്. അന്നുതന്നെ വിജയ് പാര്‍ട്ടിയുടെ ആശയങ്ങള്‍ പ്രഖ്യാപിക്കുകയും തന്റെ ആദ്യ രാഷ്ട്രീയ പ്രസംഗവും നടത്തുകയും ചെയ്തേക്കുമെന്ന് സൂചനയുണ്ട്. 2026 തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി അരങ്ങേറ്റം കുറിക്കും.