അമേരിക്കയിലെ ഇന്ത്യയുടെ അടുത്ത അംബാസഡറായി വിനയ് മോഹൻ ക്വാത്രയെ നിയമിച്ചു. വിദേശകാര്യ മന്ത്രാലയമാണ് വിവരം അറിയിച്ചത്. ക്വാത്രയുടെ നാമനിർദ്ദേശം ഇന്ത്യ ഔദ്യോഗികമായി യുഎസിനെ അറിയിച്ചു. ഇതോടെ വിനയ് മോഹൻ ക്വാത്രയെ അംബാസിഡർ ആയി നിയമിക്കാനുള്ള നടപടിക്രമങ്ങൾ യുഎസിൽ തുടങ്ങി. നടപടിക്രമങ്ങൾ പൂർത്തിയായാൽ വാഷിംഗ്ടൺ ഡി സിയിൽ ക്വാത്ര ചുമതലയേൽക്കും. തരൺജിത് സിംഗ് സന്ധു വിരമിച്ച ശേഷം ഇക്കഴിഞ്ഞ ജനുവരി മുതൽ ഈ തസ്തിക ഒഴിഞ്ഞുകിടക്കുകയായിരുന്നു.
വിരമിച്ച ഇന്ത്യൻ ഫോറിൻ സർവീസ് (IFS) ഇന്ത്യൻ നയതന്ത്രജ്ഞനാണ് വിനയ് മോഹൻ ക്വാത്ര. അയൽ രാജ്യങ്ങളായ യുഎസ്, ചൈന, യൂറോപ്പ് എന്നിവയുമായി ഇടപെടുന്നതിൽ വൈദഗ്ദ്യമുള്ള ആളാണ് വിനയ് മോഹൻ. മുമ്പ് ഫ്രാൻസിലെയും നേപ്പാളിലെയും ഇന്ത്യൻ അംബാസഡറായി ക്വാത്ര സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജൂലൈ 15 ന് ക്വാത്രയുടെ വിദേശകാര്യ സെക്രട്ടറിയുടെ കാലാവധി അവസാനിച്ചിരുന്നു. തുടർന്ന് വിക്രം മിസ്രി വിദേശകാര്യ സെക്രട്ടറിയാകുകയും ചെയ്തു. റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധത്തിൽ അമേരിക്ക അതൃപ്തി പ്രകടിപ്പിച്ചതിനെ തുടർന്ന് ഇന്ത്യ-യുഎസ് ബന്ധം വഷളായ സാഹചര്യത്തിലാണ് പുതിയ അംബാസഡർ നിയമനം.