ലുസാന്‍ : പാരീസ് ഒളിമ്പിക്സില്‍ ഗുസ്തി ഫൈനലിനു മുമ്പ് അയോഗ്യയാക്കപ്പെട്ട ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലില്‍ ലോക കായിക തര്‍ക്കപരിഹാര കോടതിയുടെ വിധി ശനിയാഴ്ചയും ഉണ്ടായില്ല.
വിധി പറയുന്നത് ഒരു ദിവസത്തേക്കു കൂടി കോടതി നീട്ടി. ഞായറാഴ്ച രാത്രി 9.30-നുള്ളില്‍ ഇക്കാര്യത്തില്‍ കോടതിയുടെ തീരുമാനമുണ്ടാകുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഏഴാം തീയതി ഗുസ്തി ഫൈനലിന് മുമ്പായി നടത്തിയ ഭാരപരിശോധനയില്‍ 100 ഗ്രാം ഭാരം കൂടിയതിന്റെ പേരിലാണ് വിനേഷ് ഫോഗട്ട് ഒളിമ്പിക്സില്‍ നിന്നുതന്നെ അയോഗ്യയാക്കപ്പെട്ടത്.
തുടര്‍ന്ന് വെള്ളി മെഡല്‍ പങ്കിടണമെന്ന ആവശ്യം ഉന്നയിച്ചാണ് കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ശനിയാഴ്ച ഇന്ത്യന്‍ സമയം രാത്രി 9.30-ന് മുമ്പായി ഈ വിഷയത്തില്‍ കോടതി തീരുമാനമെടുക്കുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ടുകള്‍. അപ്പീലില്‍ വാദം പൂര്‍ത്തിയായെങ്കിലും വിധി പറയുന്നത് കോടതി നീട്ടുകയായിരുന്നു. വിനേഷിന്റെ അപ്പീലില്‍ വെള്ളിയാഴ്ച കോടതി മൂന്നു മണിക്കൂര്‍ വാദംകേട്ടു.
പാരീസ് ഒളിമ്പിക്‌സ് അവസാനിക്കുന്നതിന് മുമ്പ് ഹര്‍ജിയില്‍ തീര്‍പ്പുകല്‍പ്പിക്കുമെന്ന് കോടതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഒളിമ്പിക്‌സിന്റെ സമാപന ചടങ്ങ് ഓഗസ്റ്റ് 11 ഞായറാഴ്ചയാണ്. ഓഗസ്റ്റ് ഏഴാം തീയതി വനിതകളുടെ 50 കി.ഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ സ്വര്‍ണ മെഡലിനായി ഫൈനലില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് വിനേഷ് അയോഗ്യയായത്.