CMDRF

തിരിച്ചടിയുടെ ‘ഭാരം’ ; വിനേഷ് പണ്ടേ പറഞ്ഞു, ‘അവർ ചതിക്കും’

തിരിച്ചടിയുടെ ‘ഭാരം’ ; വിനേഷ് പണ്ടേ പറഞ്ഞു, ‘അവർ ചതിക്കും’
തിരിച്ചടിയുടെ ‘ഭാരം’ ; വിനേഷ് പണ്ടേ പറഞ്ഞു, ‘അവർ ചതിക്കും’

ത്രിവർണ പതാക ലോകത്തിന് മുന്നില്‍ പാറിക്കാന്‍ ഉറക്കമിളച്ച് കഷ്ടപ്പെടുന്ന കായിക താരങ്ങള്‍ സ്വയരക്ഷ ചോദ്യചിഹ്നമായപ്പോള്‍ തെരുവിലിറങ്ങി സമരം ചെയ്ത ചിത്രം രാജ്യം മുഴുവന്‍ കണ്ടതാണ്. ഗുസ്തി ഫെഡറേഷന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും മുന്നില്‍ അടിപതറാതെ പൊരുതി പാരീസ് ഒളിമ്പിക്‌സിന്റെ വേദി വരെ കയറിച്ചെന്ന വിനേഷ് ഫോഗട്ട് ഇന്ത്യയുടെ പ്രതീക്ഷ താരമായിരുന്നു. പലര്‍ക്കുമുള്ള മറുപടിയായ് വിനേഷ് ഫോഗട്ട് ഒളിമ്പിക്‌സ് വേദിയിലെത്തിയപ്പോള്‍ അതില്‍ ചൊടിച്ചവര്‍ ഏറെയുണ്ട്. ഒരുപാട് കടമ്പകള്‍ താണ്ടി ഒളിമ്പിക് വേദിയിലെത്തിയ താരത്തെ പക്ഷേ, ഭാരം തുണച്ചില്ല.

50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ വിഭാഗത്തില്‍ മത്സരിക്കുന്ന വിനേഷ് ഭാരപരിശോധനയില്‍ പരാജയപ്പെട്ടപ്പോള്‍, അതില്‍ വിജയം കണ്ടെത്തിയവര്‍ നമ്മുടെ രാജ്യത്ത് തന്നെ ഉണ്ടാവണം. അഭിനന്ദനപ്രവാഹങ്ങളോടെയാണ് വിനേഷ് ഫൈനലില്‍ പ്രവേശിച്ചത്. പ്രധാനമന്ത്രിയടക്കം ആശംസകള്‍ നേര്‍ന്നപ്പോള്‍ ഇതേ മോദി സര്‍ക്കാരയച്ച സേവകരുടെ ലാത്തിക്കിടയിലും, അമര്‍ഷങ്ങള്‍ക്കിടയിലും ന്യൂഡല്‍ഹിയിലെ ജന്തര്‍ മന്തര്‍ തെരുവുകളില്‍ അര്‍ഹിച്ച അംഗീകാരത്തിനും ബഹുമാനത്തിനുമായി ഉയര്‍ന്ന നിലവിളികളും രാജ്യം മറക്കില്ല.

ഫൈനല്‍ മത്സരത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ അയോഗ്യത കല്‍പ്പിക്കപ്പെട്ട താരത്തിന് എവിടെയാണ് വീഴ്ച്ചപറ്റിയത്…? പഴി താരത്തില്‍ മാത്രം അവശേഷിക്കില്ല. പരിശീലകരും സപ്പോര്‍ട്ട് സ്റ്റാഫും, എന്തിന് ഫിസിയോ വരെ ഉള്‍പ്പെടുന്ന ഒരു പരിശീലന ടീം വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒരു കാര്യത്തില്‍ പാളിപ്പോയെങ്കില്‍ ഇവിടെ എന്ത് വിശദീകരണത്തിനാണ് പ്രസക്തിയുള്ളത്. വിനേഷ് പണ്ടേ പറഞ്ഞിരുന്നു പരിശീലന ടീമിലെ ​ബ്രിജ് ഭൂഷന്റെ കൂട്ടാളികൾ ചതിച്ചേക്കാമെന്ന്. മത്സരത്തിനിടയിൽ അവർ നൽകുന്ന എന്തെങ്കിലും പാനീയം തന്റെ ശാരീരികാവസ്ഥയെ ബാധിക്കാനും അത് മത്സരത്തിൽ പ്രതിഫലിക്കാനും സാധ്യതയുണ്ട്.

ബ്രിജ് ഭൂഷണും അയാളുടെ അനുയായി ആയ സഞ്ജയ് സിങ്ങും ചേർന്നുകൊണ്ട് തന്നെ ഒളിംപിക്സിൽ പങ്കെടുപ്പിക്കാതിരിക്കാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും തന്നെ അയോഗ്യയാക്കാനുള്ള ശ്രമങ്ങൾ അവരുടെ ഭാഗത്തു നിന്നും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും വിനേഷ് കുറിച്ചിരുന്നു. ലൈംഗികാതിക്രമത്തിനെതിരെ പ്രതികരിച്ചതിന്റെ പേരിൽ, ഒരന്താരാഷ്ട്ര വേദിയിൽ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ പോകുന്ന സമയത്തും തങ്ങൾ ഈ രാഷ്ട്രീയ ഇടപെടലുകൾ സഹിക്കേണ്ടതുണ്ടോ? ഇതാണോ ഒരു തെറ്റ് ചൂണ്ടിക്കാണിച്ചതിന് ഈ രാജ്യം നൽകുന്ന ശിക്ഷ? എന്ന് ചോദിച്ചുകൊണ്ടാണ് വിനേഷ് ആ കുറിപ്പ് അവസാനിപ്പിക്കുന്നത്. വെങ്കലമെങ്കിലും വാങ്ങാന്‍ സാധിക്കുമായിരുന്ന ഒരു മത്സരത്തില്‍ 100 ഗ്രാമിന്റെ വ്യത്യാസത്തില്‍ ഒന്നുമല്ലാതായി പോയത് ഒരുപാട് നാളത്തെ കഷ്ടപ്പാടുകളാണ്.

ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്റെ തലവനുമായിരുന്ന ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ മുദ്രാവാക്യമുയര്‍ത്തി തെരുവിലിറങ്ങിയപ്പോള്‍ അടിപതറാതെ നിന്ന കായികതാരങ്ങള്‍ മെഡലുകള്‍ക്ക് വേണ്ടിയായിരുന്നില്ല അന്ന് പ്രതികരിച്ചിരുന്നത്. രാജ്യതലസ്ഥാനം പ്രതിഷേധത്തിന്റെ വേലികള്‍ തീര്‍ത്തപ്പോഴും ഭരണകക്ഷികളോട് കേന്ദ്രസര്‍ക്കാര്‍ കാണിച്ച നന്ദിയെന്നോണം ബ്രിജ് ഭൂഷനെതിരെ ഒരു ചെറുവിരല്‍ പോലും ആരും അനക്കിയില്ല. സമരപാതയില്‍ വീര്യത്തോടെ പോരാടിയ വിനേഷ് വീര്യം ഒട്ടും ചോരാതെയാണ് ഒളിമ്പിക്‌സ് വേദിയിലും പ്രകടനം കാഴ്ച്ചവെച്ചത്. വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തില്‍ ആവേശം നിറഞ്ഞ സെമിയില്‍ ക്യൂബയുടെ യുസ്‌നെയ്ലിസ് ഗുസ്മന്‍ ലോപസിനെ 5-0ന് മലര്‍ത്തിയടിച്ചാണ് താരം ഫൈനലില്‍ കടന്നത്. ഒരുപാട് വമ്പന്‍താരങ്ങളെ കീഴ്‌പ്പെടുത്തി ഫൈനലില്‍ എത്തിയ വിനേഷ് ചരിത്രം കുറിക്കുകയായിരുന്നു. വനിത ഗുസ്തിയില്‍ ഫൈനലില്‍ ഇടംനേടിയ ആദ്യത്തെ ഇന്ത്യന്‍ താരമായി വിനേഷ് ഫോഗട്ട് എഴുതപ്പെട്ടു.

ആദ്യമായല്ല വിനേഷിനെ ഭാരം ചതിക്കുന്നത്. ഒളിമ്പിക്സ് യോഗ്യത ഘട്ടത്തിലും സമാനമായ വെല്ലുവിളി നേരിട്ടിരുന്നെങ്കിലും വിനേഷ് വിട്ടുകൊടുത്തില്ല. ചൊവ്വാഴ്ച രാത്രി നടന്ന പരിശോധനയില്‍ രണ്ട് കിലോഗ്രാം ഭാരം കൂടുതലായിരുന്നു. രാത്രി ഉറക്കമിളച്ചു, ജോഗിംഗ്, സൈക്ലിംഗ് തുടങ്ങി ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ പലതും നടത്തി, പക്ഷേ അനുവദനീയമായ ഭാരത്തില്‍ എത്താനായില്ല. പാരീസില്‍ ഇന്ത്യ സ്വര്‍ണമോ വെള്ളിയോ പ്രതീക്ഷിച്ചിരിക്കവെയാണ് താരത്തെ അയോഗ്യയാക്കിയത്. സ്വര്‍ണത്തിളക്കം ഉറപ്പ് നല്‍കിയ നീരജ് ചോപ്രയ്‌ക്കൊപ്പം ഇന്ത്യ മറ്റൊരു പൊന്‍വെളിച്ചം കൂടി സ്വപ്നം കണ്ടപ്പോള്‍ ആരോഗ്യം പോലും അവഗണിച്ചാണ് വിനേഷ് അതിനായി കഷ്ടപ്പെട്ടത്.

ഫെഡറേഷന്റെ പിന്‍ബലത്തിലെത്തിയ കോച്ചിങ് ടീമിനെയടക്കം വിശദമായി ചോദ്യം ചെയ്യേണ്ട ഒരു അയോഗ്യതാ കല്‍പ്പിക്കലിനാണ് കായികലോകം പാരീസിൽ സാക്ഷിയായത്. പ്രതിപക്ഷമടക്കം സംഭവത്തിൽ അന്വേണമാവശ്യപ്പെട്ട് സംശയങ്ങളുന്നയിച്ച സാഹചര്യത്തിലും, 2001 മുതൽ ആരംഭിച്ച പോരാട്ടത്തിൽ സ്വപ്നങ്ങൾ തകർന്ന് വിരമിക്കൽ പ്രഖ്യാപനത്തിനു മുന്നിൽ വരെ എത്തി നിൽക്കുന്ന താരത്തെ എന്ത് പറഞ്ഞാണ് രാജ്യം ആശ്വസിപ്പിക്കുക. ഏന്ത് നഷ്ടപ്പെടുത്തിയും രാഷ്ട്രീയ പകപ്പോക്കലിന് പ്രാധാന്യം കൊടുക്കുന്ന അധികാരമോഹികൾ വാഴുന്നിടത്തോളംകാലം ഇതിനൊന്നും മാറ്റം വരികയില്ല!

REPORT: ANURANJANA KRISHNA

Top