ഡൽഹി: ഒളിംപിക്സ് ഗുസ്തി താരം വിനേഷ് ഫോഗട്ട് റെയിൽവെയിലെ ജോലി രാജിവെച്ചു. കോൺഗ്രസ് പാർട്ടിയിൽ ചേരാൻ തീരുമാനിച്ച പശ്ചാത്തലത്തിലാണ് രാജി. എക്സ് പോസ്റ്റിലൂടെയാണ് വിനേഷ് റെയിൽവെ ജോലി രാജിവെക്കുന്നകാര്യം പ്രഖ്യാപിച്ചത്. ഇന്ന് വൈകിട്ട് നടക്കുന്ന ചടങ്ങിൽ വിനേഷ് ഫോഗട്ടും ഗുസ്തി താരം ബജ്റംഗ് പൂനിയയും കോൺഗ്രസിൽ ഔദ്യോഗികമായി അംഗത്വമെടുക്കും. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരുവരും കോൺഗ്രസ് സ്ഥാനാർത്ഥികളായി മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
ഒളിംപിക്സ് ഗുസ്തിയിൽ ഫൈനലിലെത്തിയ വിനേഷ് അമിതഭാരത്തിൻറെ പേരിൽ അയോഗ്യയാക്കപ്പെടുകയായിരുന്നു. അയോഗ്യതക്കെതിരെ വിനേഷ് നൽകിയ അപ്പീൽ കായിക തർക്കപരിഹാര കോടതിയും തള്ളിയിരുന്നു. തുടർന്ന് ഇന്ത്യയിൽ തിരിച്ചെത്തിയ വിനേഷിന് മെഡൽ ജേതാവിന് നൽകുന്ന സ്വീകരണമാണ് ലഭിച്ചത്. ലൈംഗിക പീഡന പരാതി നേരിട്ട ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി നേതാവുമായ ബ്രിജ്ഭൂഷൺ ശരൺ സിംഗിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിനേഷിൻറെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം ഗുസ്തി താരങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചതും ഒളിംപിക് മെഡലുകൾ ഗംഗയിലൊഴുക്കാൻ തുനിഞ്ഞതും ലോക ശ്രദ്ധ ആകർഷിച്ചിരുന്നു.
Also Read:വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോൺഗ്രസിൽ; ഹരിയാന തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും
ഒളിംപിക്സിൽ പങ്കെടുത്ത് തിരിച്ചെത്തിയശേഷം വിനേഷ് ഫോഗട്ടും ബജ്റംഗ് പൂനിയയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കണ്ടിരുന്നു. രാഷ്ട്രീയത്തിൽ സജീവമാകണമെന്ന ആഗ്രഹം അടുപ്പമുള്ളവരോടെ വിനേഷ് പങ്കു വച്ചിരുന്നു. കർഷക പ്രതിഷേധത്തിൽ കഴിഞ്ഞ ദിവസം വിനേഷ് ഫോഗട്ട് പങ്കെടുത്തതും ചർച്ചയായിരുന്നു. അതേസമയം ഹരിയാനയിൽ സീറ്റ് വിഭജനത്തിൽ ആംദ്മി പാർട്ടിയുമായുള്ള ചർച്ച കോൺഗ്രസ് തുടരുകയാണ്.
ആംആ്ദമി പാർട്ടിക്ക് കൈകൊടുക്കുന്നതിൽ സംസ്ഥാന നേതൃത്വത്തിന് താൽപര്യമില്ലെങ്കിലും സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആംആ്ദമി പാർട്ടി നേതാവ് രാഘവ് ഛദ്ദയുമായി മൂന്ന് വട്ടം ചർച്ച നടത്തിയിരുന്നു. തൊണ്ണൂറിൽ 10 സീറ്റ് വേണമെന്നാണ് ആംആദ്മി പാർട്ടിയുടെ നിലപാട്. ഏഴ് വരെയാകാമെന്നാണ് കോൺഗ്രസ് പറയുന്നത്.