ചെന്നൈ: സംസ്ഥാനത്തിന് പുറത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളതും അനധികൃത സ്റ്റേജ് കാരിയറുകളായി ഓടിക്കുന്നതുമായ ബസുകൾ ഇനി മുതൽ നിരത്തിലിറക്കാൻ അനുവദിക്കില്ലെന്ന് തമിഴ്‌നാട് ഗതാഗതവകുപ്പ്.
ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ടങ്ങൾ ലംഘിച്ചോടുന്ന ബസുകൾക്ക് സർക്കാർ നൽകിയ സമയപരിധി ചൊവ്വാഴ്ച അവസാനിച്ചതോടെയാണ് കടുത്ത നടപടികളുമായി ഗതാഗത വകുപ്പ് മുന്നോട്ടുപോകുന്നത്.
കേരളം, നാഗാലാൻഡ്, സിക്കിം, കർണാടക, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള 547 ബസുകളാണ് ഇത്തരത്തിൽ സർവീസ് നടത്തുന്നത്. രജിസ്ട്രേഷൻ മാറാതെ ഈ ബസുകൾ നിരത്തിലിറക്കാനാകില്ല. ഈ ബസുകളുടെ വിശദാംശങ്ങൾ www.tnsta.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ചട്ടം ലംഘിച്ച് ഒടുന്ന ബസുകൾക്കെതിരെ വ്യാഴാഴ്ച മുതൽ നടപടി തുടങ്ങി. കേരളത്തിൽ നിന്നും തമിഴ്‌നാട് വഴി ബംഗളൂരുവിലേക്ക് പോയ ബസുകൾ തമിഴ്‌നാട് മോട്ടോർ വാഹന വകുപ്പ് അധികൃതർ തടഞ്ഞു. യാത്രക്കാരെ ഇറക്കിവിടുകയും ചെയ്തു.
ചട്ടങ്ങൾ ലംഘിച്ച് സർവീസ് നടത്തുന്ന ബസുകൾ മൂലം സർക്കാരിന് പ്രതിവർഷം 34.56 കോടി രൂപയുടെ നഷ്ടമാണുള്ളതെന്ന് തമിഴ്‌നാട് ഗതാഗത വകുപ്പ് ചൂണ്ടിക്കാണിക്കുന്നു.