CMDRF

തൊലിയുടെ നിറം നോക്കിയുള്ള അക്രമം അടിച്ചമര്‍ത്തും: കെയര്‍ സ്റ്റാര്‍മര്‍

തൊലിയുടെ നിറം നോക്കിയുള്ള അക്രമം അടിച്ചമര്‍ത്തും: കെയര്‍ സ്റ്റാര്‍മര്‍
തൊലിയുടെ നിറം നോക്കിയുള്ള അക്രമം അടിച്ചമര്‍ത്തും: കെയര്‍ സ്റ്റാര്‍മര്‍

ലണ്ടന്‍: കഴിഞ്ഞ 13 വര്‍ഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ കലാപമാണ് യുകെയില്‍ നടക്കുന്നത്. അക്രമത്തിന്റെ ഭാഗമായവര്‍ ഖേദിക്കേണ്ടിവരുമെന്ന് തീവ്ര വലതുപക്ഷ പ്രതിഷേധക്കാര്‍ക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ മുന്നറിയിപ്പ് നല്‍കി. തൊലിയുടെ നിറം നോക്കിയുള്ള അക്രമം അടിച്ചമര്‍ത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. സൌത്ത് പോര്‍ട്ടില്‍ ഒരു നൃത്ത പരിപാടിയില്‍ വച്ച് മൂന്ന് കുട്ടികള്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സംഘര്‍ഷം തുടങ്ങിയത്. ആ പ്രതിഷേധം കുടിയേറ്റ വിരുദ്ധ, മുസ്ലിം വിരുദ്ധ പ്രക്ഷോഭമായി മാറുകയായിരുന്നു. കൊലപാതകി കുടിയേറ്റക്കാരനാണ് എന്ന വ്യാജ പ്രചാരണമാണ് സംഘര്‍ഷം വ്യാപിക്കാന്‍ കാരണമെന്ന് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ആറ്, ഏഴ്, ഒമ്പത് വയസ്സുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. പ്രതിക്ക് 18 വയസ്സില്‍ താഴെയാണ് പ്രായം. അതുകൊണ്ട് പ്രതിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. തുടര്‍ന്നാണ് മുസ്ലിം കുടിയേറ്റക്കാരനാണ് അക്രമി എന്ന വ്യാജപ്രചാരണമുണ്ടായത്. വെയില്‍സില്‍ ജനിച്ച ബ്രിട്ടീഷ് വംശജനാണ് അക്രമിയെന്ന് അധികൃതരെ ഉദ്ധരിച്ച് എപി റിപ്പോര്‍ട്ട് ചെയ്തു. തീവ്ര വലതുപക്ഷ പ്രക്ഷോഭകര്‍ യുകെയിലെ കുടിയേറ്റം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടു. ഇംഗ്ലീഷ് ചാനല്‍ കടന്ന് ചെറു ബോട്ടുകളില്‍ പതിനായിരക്കണക്കിന് കുടിയേറ്റക്കാര്‍ എത്തുന്നുവെന്നാണ് ഇവരുടെ പരാതി.

നിരവധി കടകള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു. കടകള്‍ കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്തു. കുടിയേറ്റക്കാരുടെ അഭയ കേന്ദ്രമായിരുന്ന ഹോട്ടല്‍ മാസ്‌ക് ധരിച്ചെത്തിയ കുടിയേറ്റ വിരുദ്ധര്‍ തകര്‍ത്തു. പല നഗരങ്ങളിലും പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റുമുട്ടി. ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍, ബ്രിസ്റ്റോള്‍, ബ്ലാക്ക്പൂള്‍, ഹള്‍ തുടങ്ങിയ സ്ഥലങ്ങളിലും വടക്കന്‍ അയര്‍ലണ്ടിലെ ബെല്‍ഫാസ്റ്റിലും തീവ്ര വലതുപക്ഷ റാലികള്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. ചിലയിടങ്ങളില്‍ കലാപകാരികള്‍ പോലീസിനുനേരെ ഇഷ്ടികകളും കുപ്പികളും എറിഞ്ഞു. നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. നിരവധി പേരെ ഇതിനകം അറസ്റ്റ് ചെയ്തു.

Top