അക്രമങ്ങള്‍ അമേരിക്കയുടെ സംസ്‌കാരത്തില്‍ വേരൂന്നിയിട്ടുള്ളവയാണ്. ലോക രാജ്യങ്ങള്‍ക്കിടയിലാണെങ്കിലും സ്വന്തം രാജ്യത്താണെങ്കിലും അതങ്ങനെ തന്നെയാണ് എന്ന് ബോധ്യമാകുന്ന തരത്തിലാണ് പുറത്തുവരുന്ന വാര്‍ത്തകളും നല്‍കുന്ന സൂചന. അമേരിക്കന്‍ ചരിത്രം എഴുതിത്തുടങ്ങിയ കാലം മുതല്‍ക്കേ അത്തരം നിരവധി അവസരങ്ങള്‍ക്ക് ഇടതടവില്ലാതെ ലോകം സാക്ഷ്യംവഹിക്കുന്നുമുണ്ട്. ലോകം ഉറ്റുനോക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോള്‍ രാജ്യത്തിന്റെ ചരിത്രത്തിലെ മറ്റൊരു കറുത്ത ദിനത്തിന് കൂടിയാണ് അമേരിക്ക വേദിയായത് എന്ന് പറയാതിരിക്കാന്‍ വയ്യ.
രാഷ്രീയ പകപോക്കലുകള്‍, അധിക്ഷേപ പരാമര്‍ശങ്ങള്‍, ട്രംപ് വധശ്രമം, വംശീയ അധിക്ഷേപം, കുടിയേറ്റ വിരുദ്ധത തുടങ്ങി നിരവധി വിഷയങ്ങള്‍ അമേരിക്കന്‍ ജനാധിപത്യത്തിന്റെ മേല്‍ കരിനിഴലായി വന്നു വീണുകഴിഞ്ഞു. അമേരിക്കയ്ക്ക് മുന്നില്‍ ഇരുതലവാളായി ഇപ്പോള്‍ മാറിയിരിക്കുന്നതും ക്രമസമാധാനത്തിന്റെ താളപ്പിഴകള്‍ തന്നെയാണ്.
Also Read: കൊല്ലപ്പെട്ടവരുടെ എണ്ണത്തിൽ യുക്രെയിൻ കള്ളം പറയുന്നു, തുറന്നടിച്ച് ഡൊണാൾഡ് ട്രംപ് രംഗത്ത്
അക്രമ മനോഭാവമുള്ള ഒരു തലമുറയെയാണ് ലോക പോലീസ് വളര്‍ത്തിയെടുക്കുന്നത്. നാള്‍ക്കുനാള്‍ അമേരിക്കയില്‍ വെടിയൊച്ചകള്‍ സാധാരണ സംഭവമായി മാറിക്കഴിഞ്ഞിരിക്കുന്നു. ലോക പൊലീസിന് തടയിടാന്‍ പോലും സാധിക്കാത്ത രീതിയില്‍ നിരന്തരം സംഭവിക്കുന്ന ഒരു പ്രതിഭാസമായി അത് മാറിയിട്ടും നാളേറെയായി.
രാജ്യത്തിന്നോളം നടന്ന വെടിവെപ്പുകളിലെല്ലാം പലപ്പോഴും ‘പ്രതികള്‍’ പ്രായപൂര്‍ത്തിയാകാത്തവരാണ്. ഇത് തന്നെയാണ് നമ്മെ ഏറെ ഭയപ്പെടുത്തുന്നതും. ആ നിരയിലെ ഏറ്റവും ഒടുവിലത്തേതാണ് ജോര്‍ജിയയിലെ സ്‌കൂളിലുണ്ടായ കൂട്ട വെടിവെപ്പ്. അമേരിക്കയിലെ ജോര്‍ജിയയില്‍ ബാരോ കൗണ്ടിയിലുള്ള അപലാച്ചെ ഹൈസ്‌കൂളില്‍ നടന്ന വെടിവെയ്പ്പില്‍ രണ്ട് ഗണിത അദ്ധ്യാപകരും വിദ്യാര്‍ഥികളുമാണ് കൊല്ലപ്പെട്ടത്.
Also Read: ഇസ്രയേലിന് ആയുധം നൽകില്ലെന്ന ബ്രിട്ടൻ തീരുമാനം; അമേരിക്കയ്ക്കും അമ്പരപ്പ്, ഭരണമാറ്റം തിരിച്ചടിച്ചു
നാല് പേരുടെ ജീവനെടുത്തതാകട്ടെ കോള്‍ട്ട് ഗ്രേയെന്ന 14 കാരനും. ജീവന്‍ മുറുകെപിടിച്ച് വിദ്യാര്‍ത്ഥികള്‍ പലരും അവരുടെ ക്ലാസ് മുറികളിലും ഫുട്‌ബോള്‍ സ്റ്റേഡിയത്തിലും അഭയം തേടി. 30 പേര്‍ക്ക് പരുക്കേറ്റു. ഒന്‍പത് പേരുടെ നില ഗുരുതരമായി തുടരുന്നു. രാജ്യത്തെ പ്രായപൂര്‍ത്തിയായവരില്‍ മൂന്നിലൊന്ന് ആളുകള്‍ക്കും തോക്ക് കൈവശം വെക്കാനുള്ള അനുമതി അമേരിക്കയിലുണ്ട്.
സൈനികര്‍ ഉപയോഗിക്കുന്ന റൈഫിളുകള്‍ വരെ ചില നിയന്ത്രണങ്ങളോടെ ആ രാജ്യം തന്റെ പൗരന്മാര്‍ക്ക് നല്‍കുന്നുണ്ട്. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പോലും വളരെ എളുപ്പത്തില്‍ ആയുധങ്ങള്‍ കൈവശമാക്കാനുള്ള എളുപ്പ മാര്‍ഗമായി ഇത് മാറുന്നു. ഈ വര്‍ഷം 384 വെടിവെയ്പ്പുകളിലായി 11,557 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 2023 ല്‍ രാജ്യത്ത് 42 അക്രമ സംഭവങ്ങളിലായി ജീവന്‍ നഷ്ടമായത് 217 ആളുകള്‍ക്കാണ്. അമേരിക്കയിലെ മരണനിരക്കിലെ റെക്കോര്‍ഡ് കണക്കാണിത്.
Also Read: യുദ്ധം തിന്നുന്ന മനുഷ്യ ജീവനുകൾ , അനാഥമാകുന്ന മൃതദേഹങ്ങള്‍
മേല്‍പറഞ്ഞ സംഭവത്തില്‍ 14 വയസ്സുമാത്രമുള്ള പ്രതി ഉപയോഗിച്ചിരുന്നത് പ്രൊഫഷണല്‍ ഷൂട്ടര്‍മാര്‍ ഉപയോഗിച്ച് വരുന്ന എആര്‍-15 എന്ന റൈഫിളാണ്. അമേരിക്കയില്‍ ഏറ്റവും എളുപ്പത്തില്‍ ഇവ ലഭ്യമാകും എന്നതാണ് മിക്ക പ്രതികളും ഇത് തിരഞ്ഞെടുക്കാന്‍ കാരണം. എന്തിനേറെ ജൂലൈയില്‍ മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ തോമസ് മാത്യു ക്രൂക്സ് എന്ന 20 കാരന്‍ തിരഞ്ഞെടുത്തതും ഇതേ റൈഫിളാണ്.
AR-15: ട്രംപ് വെടിവയ്പ്പില്‍ ഉപയോഗിച്ച റൈഫിള്‍
യുഎസിലെ ഏറ്റവും ജനപ്രിയവും തിരിച്ചറിയാവുന്നതുമായ തോക്കുകളില്‍ ഒന്നാണ് AR-15. മത്സരങ്ങളിലും മൃഗങ്ങളെ വേട്ടയാടാനുമായാണ് പ്രധാനമായും ഈ റൈഫിള്‍ ഉപയോഗിക്കുന്നത്. 1950 കളില്‍ ArmaLite എന്ന കമ്പനിയാണ് ഈ റൈഫിള്‍ നിര്‍മ്മിച്ചത്. 2021 നും 2022 നും ഇടയില്‍ അമേരിക്കയില്‍ നടന്ന പല വെടിവെപ്പ് ആക്രമണങ്ങളിലും ഈ റൈഫിള്‍ ഉപയോഗിച്ചിരുന്നതായി വാഷിംഗ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Also Read: ഒടുവില്‍ ബ്രിട്ടനും ഇസ്രയേലിനെ കൈവിട്ടു…
2022 മെയ് മാസത്തില്‍ ടെക്സാസിലെ എലിമെന്ററി സ്‌കൂളില്‍ നടന്ന കൂട്ടവെടിവെപ്പ്, 2012 ലെ കൊളറാഡോ തിയേറ്ററിലുണ്ടായ വെടിവെപ്പ്, കഴിഞ്ഞ വര്‍ഷത്തെ ജാക്സണ്‍വില്ല വെടിവെപ്പ് തുടങ്ങിയവയാണ് AR-15 റൈഫിള്‍ ഉപയോഗിച്ച് രാജ്യത്തരങ്ങേറിയ ഏറ്റവും മാരകമായ അക്രമങ്ങള്‍.
എ ആര്‍ -15 അപകടകാരിയോ?
അസോള്‍ട്ട് റൈഫിള്‍ എന്ന വിഭാഗത്തില്‍പ്പെടുന്ന അമേരിക്കന്‍ സൈനികരുടെ സ്റ്റാന്‍ഡേഡ് സര്‍വീസ് റൈഫിള്‍ ആണ് എം-16. വിയറ്റ്‌നാം യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ മുന്‍നിരയില്‍ എം-16 ഉപയോഗിച്ചിരുന്നു. ഫുള്ളി ഓട്ടോമാറ്റിക് തോക്കിന്റെ കാഞ്ചി വലിച്ചാല്‍ കാറ്റ്‌റിഡ്ജിലെ മുഴുവന്‍ വെടിയുണ്ടയും തീരുന്നത് വരെ വെടിയുതിര്‍ക്കാന്‍ കഴിയും.
വിയറ്റ്‌നാം യുദ്ധത്തിനു ശേഷം, കോള്‍ട്ട് യുഎസിലെ തോക്ക് പ്രേമികള്‍ക്ക് റൈഫിളിന്റെ സെമി-ഓട്ടോമാറ്റിക് പതിപ്പ് വിപണനം ചെയ്യാന്‍ തുടങ്ങി. എം-16 ന്റെ സിവിലിയന്‍ പതിപ്പാണ് എആര്‍-15. മാന്വല്‍/സെമി ഓട്ടോമാറ്റിക് ഓപ്പറേഷനാണ് ഇതിലുള്ളത്. ഓരോ തവണ കാഞ്ചി വലിക്കുമ്പോഴും ഓരോ ബുള്ളറ്റ് പുറത്തേക്ക് പായുന്നതാണ് മാന്വല്‍ ഓപ്പറേഷന്‍.
Also Read: ഇസ്രയേലിനെതിരെ മറ്റൊരു ചാവേര്‍ ഗ്രൂപ്പുകൂടി രംഗത്ത്, പ്രതികാരം ചെയ്യാന്‍ സകലരും ഒന്നിക്കുന്നു
തോക്കിന്റെ കാഞ്ചിയില്‍ നിന്ന് കൈ മാറ്റുന്നത് വരെ വെടിയുണ്ടകള്‍ പായുന്നതാണ് സെമി ഓട്ടോമാറ്റിക് പതിപ്പ്. അമേരിക്കയില്‍ സ്വയരക്ഷയ്ക്കായി തോക്കുകള്‍ വാങ്ങാന്‍ അനുമതി ഉണ്ട്. അതുപ്രകാരമാണ് മാന്വല്‍/സെമി ഓട്ടോമാറ്റിക് പതിപ്പ് സിവിലിയന്മാര്‍ക്കായി അവതരിപ്പിച്ചത്.
ഭാരം കുറഞ്ഞതും, മാഗസിന്‍ നല്‍കുന്നതും, ഗ്യാസ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതുമായ സെമി-ഓട്ടോമാറ്റിക് റൈഫിളുകളാണ് അവയുടെ കൃത്യതയ്ക്കും ഉപയോഗത്തിന്റെ എളുപ്പത്തിനും അനുയോജ്യതയ്ക്കും പേരുകേട്ടത്. ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര പരിക്കുണ്ടാക്കാനും തലയോട്ടി പൊട്ടിത്തെറിക്കാനും ഇതിലെ ഒരൊറ്റ ബുള്ളറ്റ് തന്നെ ധാരാളം എന്ന് ചുരുക്കം.
AR-15 ല്‍ നിന്ന് സ്പ്രേ ചെയ്യുന്ന ബുള്ളറ്റിന്റെ വേഗതയാണ് അതിനെ മാരകമാക്കുന്നത്. 20 അമേരിക്കക്കാരില്‍ ഒരാള്‍ക്ക് എന്ന കണക്കിലാണ് നിലവില്‍ അമേരിക്കയില്‍ ഇവയുള്ളത്. 9/11ന് ശേഷം അമേരിക്കയില്‍ തോക്കുകളോടുള്ള താല്‍പര്യം വര്‍ധിച്ചത് ഇത്തരം ആയുധങ്ങളുടെ നിരന്തരോപയോഗത്തിലേക്ക് ജനങ്ങളെ നയിച്ചു.
Also Read: അമേരിക്കൻ യുദ്ധവിമാനം വീണതിലും പോര്, വ്യോമസേന തലവൻ തെറിച്ചു, യുക്രെയ്ൻ വീഴുന്നു
അക്രമികള്‍ ജനിക്കുകയല്ലല്ലോ അവരെ സമൂഹം സൃഷ്ടിക്കുകയല്ലേ ചെയുന്നത്, അതുകൊണ്ട് തന്നെയാണ് അപകര്‍ഷതാബോധം, സ്‌കൂളുകളില്‍ ‘ബുള്ളീയിങ്ങിന്’ വിധേയരായവര്‍, തകര്‍ന്ന കുടുംബസാഹചര്യങ്ങള്‍, വിദ്യാഭ്യാസത്തില്‍ പിന്നോക്കം പോയവര്‍, പ്രതീക്ഷകളറ്റവര്‍, സാമ്പത്തിക പ്രശ്നങ്ങള്‍ അലട്ടുന്നവര്‍ – അങ്ങനെ മാനസികമായി ഒട്ടേറെ പ്രശ്നങ്ങളില്‍ പുകയുന്നവര്‍ ഒരു സുപ്രഭാതത്തില്‍ മാരക പ്രഹരശേഷിയുള്ള തോക്കുകളുമായി സമൂഹത്തിന് നേരെ തിരിയുന്നത്.
എന്നാല്‍ അത്തരം സാഹചര്യങ്ങളില്‍ നിന്ന് രാജ്യത്തെ പൗരന്മാരെ സംരക്ഷിക്കേണ്ടതിന്റെ ധര്‍മികത രാജ്യത്തെ ഭരണകൂടത്തിന്റേത് കൂടിയാണ്. അതല്ലെങ്കില്‍ ഇതര രാജ്യങ്ങളെയല്ല സ്വന്തം രാജ്യത്തിന്റെ തോക്കുധാരികളില്‍ നിന്ന് പൗന്‍മാരെ സംരക്ഷിക്കാന്‍ സായുധസേനയെ ഇറക്കേണ്ട ഗതികേടാവും അമേരിക്കയ്ക്ക് വരിക.