ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതിനുള്ള ഓറഞ്ച് ക്യാപ് രണ്ടാം തവണയും റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു സൂപ്പര്‍ താരം വിരാട് കോഹ്ലിക്. ഇതോടെ ഒന്നിലധികം തവണ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും കോഹ്ലിയുടെ പേരിലായി മൂന്നുതവണ ഓറഞ്ച് ക്യാപ് നേടിയ ആസ്‌ട്രേലിയക്കാരന്‍ ഡേവിഡ് വാര്‍ണറും രണ്ടുതവണ സ്വന്തമാക്കിയ വെസ്റ്റിന്‍ഡീസുകാരന്‍ ക്രിസ് ഗെയിലുമാണ് കോഹ്ലിക്ക് മുമ്പ് ഒന്നിലധികം തവണ ഈ നേട്ടത്തിലെത്തിയവര്‍. സീസണില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന കോഹ്ലി 15 മത്സരങ്ങളില്‍ ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധസെഞ്ചറിയുമടക്കം 741 റണ്‍സാണ് അടിച്ചുകൂട്ടിയത്. 61.75 ശരാശരിയുള്ള ആര്‍.സി.ബി താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 154.69 ആണ്.
38 സിക്സറുകളാണ് കോഹ്ലി അടിച്ചത്. രണ്ടാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ ഋതുരാജ് ഗെയ്ക്വാദ് 14 മത്സരങ്ങളില്‍ 583ഉം മൂന്നാമതുള്ള രാജസ്ഥാന്‍ റോയല്‍സിന്റെ റിയാന്‍ പരാഗ് 16 മത്സരങ്ങളില്‍ 573 റണ്‍സുമാണ് നേടിയത്. സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ട്രാവിസ് ഹെഡ് (567), രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ (531) എന്നിവരാണ് റണ്‍വേട്ടക്കാരില്‍ നാലും അഞ്ചും സ്ഥാനത്ത്. 2016ലാണ് കോഹ്ലി ആദ്യമായി ഓറഞ്ച് ക്യാപ് സ്വന്തമാക്കുന്നത്. അന്ന് 973 റണ്‍സാണ് താരത്തിന്റെ ബാറ്റില്‍നിന്ന് പിറന്നത്. ഐ.പി.എല്ലിലെ ഒരു സീസണിലെ ഏറ്റവും ഉയര്‍ന്ന റണ്‍വേട്ടയാണിത്. എലിമിനേറ്ററില്‍ രാജസ്ഥാന്‍ റോയല്‍സിനോട് തോറ്റാണ് കോഹ്ലിയും സംഘവും ഇത്തവണ പുറത്തായത്. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ തോല്‍വി പതിവാക്കിയ ടീം ഗ്രൂപ്പ് ഘട്ടത്തിലെ അവസാന ആറ് മത്സരങ്ങളും ജയിച്ചാണ് പ്ലേ ഓഫിലേക്ക് യോഗ്യത നേടിയത്.