ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ വസ്ത്രധാരണവും രൂപമാറ്റവും എന്നും ആരാധകര്‍ക്ക് ഇടയില്‍ വലിയ ചര്‍ച്ചാ വിഷയമാണ്. ഐപിഎല്‍ പതിനേഴാം സീസണില്‍ പുത്തന്‍ ലുക്കിലാണ് വിരാട് കോലി എത്തിയത്. കോലിയുടെ ഹെയര്‍ സ്റ്റൈലിലെ മാറ്റം പ്രകടമായതോടെ ആരാധകര്‍ ലുക്കിനെ ഏറ്റെടുക്കുകയും അത് വൈറല്‍ ആവുകയും ചെയ്തിരുന്നു.
ഈ ഹെയര്‍സ്റ്റൈലിന്റെ ചിലവിനെക്കുറിച്ച് പ്രമുഖ സെലിബ്രിറ്റി ഹെയര്‍ ഡ്രസര്‍ ആലിം ഹക്കീം പറഞ്ഞിരുന്നു. വിരാട് കോലിയുടെ ഹെയര്‍സ്റ്റൈലിനെക്കുറിച്ച് താന്‍ എത്ര രൂപ ഈടാക്കിയെന്ന് നേരിട്ട് വെളിപ്പെടുത്തുന്നില്ലെങ്കിലും ഹക്കിം ഒരു ഏകദേശ സൂചന നല്‍കിയിട്ടുണ്ട്.
”എന്റെ ഫീസ് വളരെ ലളിതമാണ്, ഞാന്‍ എത്ര തുക ഈടാക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. ഇത് ഒരു ലക്ഷം രൂപയില്‍ നിന്ന് ആരംഭിക്കുന്നു. അതാണ് എന്റെ ഏറ്റവും കുറഞ്ഞ തുക” എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. രസകരമായതും വ്യത്യസ്തവുമായ സ്‌റ്റൈലുകള്‍ പരീക്ഷിക്കാന്‍ വിരാടിനും താല്പര്യമാണെന്നും ഹക്കിം പറഞ്ഞു.