മുംബൈ: ഐപിഎല്ലില്‍ തുടര്‍തോല്‍വികളെത്തുടര്‍ന്ന് വിമര്‍ശനം നേരിടുന്ന മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. രോഹിത്തിന് പകരം ക്യാപ്റ്റനായ ഹാര്‍ദ്ദിക് പ്രതീക്ഷകളുടെ ഭാരം കാരണമാണ് സമ്മര്‍ദ്ദത്തിലാവുന്നതെന്ന് സെവാഗ് സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ചര്‍ച്ചയില്‍ പറഞ്ഞു.
ക്യാപ്റ്റനെന്ന നിലയില്‍ ഹാര്‍ദ്ദിക്കിന് മുകളില്‍ സമ്മര്‍ദ്ദമുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും എന്നാല്‍ പ്രതീക്ഷകളുടെ ഭാരമാണ് ഹാര്‍ദ്ദിക്കിനെ സമ്മര്‍ദ്ദത്തിലാക്കുന്നതെന്നും സെവാഗ് വ്യക്തമാക്കി. കഴിഞ്ഞ രണ്ട് മൂന്ന് സീസണുകളിലും മുംബൈയുടെ സ്ഥിതി ഏതാണ്ട് ഇതുപോലെയൊക്കെ തന്നൊയായിരുന്നു. ക്യാപ്റ്റനായിരുന്ന രോഹിത് ശര്‍മ കാര്യമായി റണ്‍സടിച്ചിരുന്നില്ല. അതുപോലെ കഴിഞ്ഞ രണ്ടോ മൂന്നോ സീസണുകളിലായി രോഹിത് കിരീടവും നേടിയിട്ടില്ല.
ബാറ്ററെന്ന നിലയില്‍ കുറച്ചു കൂടി മികവ് കാട്ടാന്‍ ഹാര്‍ദ്ദിക് ബാറ്റിംഗ് ഓര്‍ഡറില്‍ നേരത്തെ ഇറങ്ങണം. അത് ഹാര്‍ദ്ദിക്കിന്റെ ബാറ്റിംഗില്‍ ഒരുപാട് മാറ്റം വരുത്തും. ബാറ്റിംഗ് മെച്ചപ്പെട്ടാല്‍ സ്വാഭാവികമായും ബൗളിംഗും മെച്ചപ്പെടും. എന്നാല്‍ ബാറ്റിംഗിലും ബൗളിഗിലും മികവ് കാട്ടേണ്ടതിന്റെ സമ്മര്‍ദ്ദത്തില്‍ ഹാര്‍ദ്ദിക് പെട്ടുപോയാല്‍ മുംബൈ ഇനിയും തോല്‍ക്കാന്‍ സാധ്യതയുണ്ട്.
ബാറ്റിംഗ് ഓര്‍ഡറില്‍ വൈകി ഇറങ്ങിയാല്‍ ഹാര്‍ദ്ദിക്കിന് 18 പന്തൊക്കെ മാത്രമെ ബാറ്റ് ചെയ്യാന്‍ കിട്ടു. ആ പന്തുകളില്‍ മികച്ച പ്രകടനം പുറത്തെടുക്കുക അസാധ്യമായിരിക്കും. അതുകൊണ്ട് ബാറ്റിംഗില്‍ നേരത്തെ ഇറങ്ങി മികച്ച പ്രകടനം നടത്തിയാല്‍ സ്വാഭാവികമായും ബൗളിംഗും ക്യാപ്റ്റന്‍സിയും മെച്ചപ്പെടുമെന്നും സെവാഗ് പറഞ്ഞു. സീസണിലെ എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ മൂന്ന് ജയവും അഞ്ച് തോല്‍വിയും അടക്കം ആറ് പോയന്റുള്ള മുംബൈ ഇന്ത്യന്‍സ് പോയന്റ് പട്ടികയില്‍ ഏഴാമതാണ്. ക്യാപ്റ്റനെന്ന നിലയിലും ഓള്‍ റൗണ്ടറെന്ന നിലയിലും ഹാര്‍ദ്ദിക് പാണ്ഡ്യക്ക് ഇതുവരെ മികച്ച പ്രകടനം നടത്താനും കഴിഞ്ഞിട്ടില്ല.