തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ പ്രസിഡന്റായിരിക്കേ കോടികൾ വരുന്ന ഫണ്ട് ദുരുപയോഗം ചെയ്തു എന്ന ആരോപണത്തിൽ ചുട്ട മറുപടി നൽകി നടൻ വിശാൽ. ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് താരം തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്രതികരിച്ചത്. താൻ ഫണ്ട് ദുരുപയോഗം ചെയ്തിട്ടില്ലെന്ന് വിശാൽ വ്യക്തമാക്കി.
വിശാൽ 12 കോടി രൂപയുടെ ഫണ്ട് ദുരുപയോഗം ചെയ്‌ത് നഷ്‌ടമുണ്ടാക്കിയെന്ന് പ്രൊഡ്യൂസേഴ്സ് കൗൺസിൽ ആരോപിച്ചതായി ഇന്ത്യ ഗ്ലിറ്റ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ വിശാലിനൊപ്പം പ്രവർത്തിക്കുന്ന നിർമ്മാതാക്കളുമായും സാങ്കേതിക പ്രവർത്തകരുമായും ചർച്ച ചെയ്ത് സത്യവാസ്ഥ അന്വേഷിക്കുമെന്ന് സംഘടനയുടെ പ്രസ്താവനയിൽ ആവശ്യപ്പെട്ടിരുന്നു.
ഇതിന് പിന്നാലെയാണ് വിശാൽ പോസ്റ്റുമായി രംഗത്തെത്തിയത്.”നിങ്ങളുടെ ടീമിലെ കതിരേശൻ ഉൾപ്പെടെയുള്ളവരുടെ ഒരു കൂട്ടായ തീരുമാനമാണിതെന്ന് അറിയില്ലേ? പ്രൊഡ്യൂസേഴ്‌സ് കൗൺസിലിലെ പ്രായമായ, സാമ്പത്തികമായി ബുദ്ധിമുട്ടുന്ന അംഗങ്ങളുടെ മക്കളുടെ വിദ്യാഭ്യാസം, മെഡിക്കൽ ഇൻഷുറൻസ് എന്നിവ ഉൾപ്പെടെയുള്ള ക്ഷേമപ്രവർത്തനങ്ങൾക്കായി ഫണ്ട് ഉപയോഗിച്ചിട്ടുണ്ടെന്നും കൗൺസിൽ അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കുമുള്ള ക്ഷേമ പ്രവർത്തനത്തിന് ഫണ്ട് എടുത്തിട്ടുണ്ടെന്ന് നിങ്ങൾക്ക് അറിയില്ലേ.
നിങ്ങൾ നിങ്ങളുടെ ജോലികൾ ശരിയായി ചെയ്യുക, ഈ മേഖലയ്ക്കു വേണ്ടി വളരെയധികം പ്രവർത്തിക്കാനുണ്ട്.” വിശാൽ പറഞ്ഞു. എപ്പോഴും ഇനിയങ്ങോട്ടും വിശാൽ സിനിമകൾ ചെയ്തുകൊണ്ടേയിരിക്കും. സിനിമകൾ ഇതുവരെ നിർമ്മിക്കാത്ത, ഇനി നിർമ്മിക്കുകയുംചെയ്യാതെ നിർമ്മാതാക്കൾ എന്ന് വിളിക്കപ്പെടുന്ന നിങ്ങളെല്ലാവരും എന്നെ തടയാൻ ശ്രമിച്ചോളൂ. കുറച്ചുകൂടി പുരോഗമനപരമായി ചിന്തിക്കൂ എന്നും വിശാൽ പറഞ്ഞു.
ഹരി സംവിധാനം ചെയ്ത രത്നം ആണ് വിശാലിന്റേതായി ഏറ്റവും ഒടുവിൽ തിയേറ്ററുകളിലെത്തിയത്. നിലവിൽ താനാദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കിലാണ് വിശാൽ. മിഷ്കിൻ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ‘തുപ്പറിവാളന്റെ’ രണ്ടാംഭാഗമായ ‘തുപ്പറിവാളൻ 2’ ആണ് വിശാൽ അണിയിച്ചൊരുക്കുന്നത്. സിനിമയുടെ ചിത്രീകരണം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.