ദോഹ: വിനോദസഞ്ചാരികളെ ആഗോള ക്യാമ്പയ്നിലേക്ക് ആകര്‍ഷിക്കാന്‍ ഒരുങ്ങി വിസിറ്റ് ഖത്തര്‍ ക്യാമ്പയിന്‍. ‘സര്‍പ്രൈസ് യുവര്‍സെല്‍ഫ്’ എന്ന പേരിലാണ് പുതിയ പ്രചാരണ പരിപാടിക്ക് തുടക്കം കുറിക്കുന്നത്. പ്രകൃതിയും കായിക വിനോദങ്ങളും ചരിത്ര ഭൂമികളും ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന കാഴ്ചകളിലേക്ക് ആണ് സഞ്ചാരികളെ ക്ഷണിക്കുന്നത്.
പ്രതിവര്‍ഷ സഞ്ചാരികളുടെ എണ്ണം 2030ഓടെ 60 ലക്ഷമാക്കി ഉയര്‍ത്തുക എന്ന ലക്ഷ്യത്തിന്റെ ഭാഗം കൂടിയാണ് വിസിറ്റ് ഖത്തറിന്റെ പ്രചാരണ പരിപാടി. ലോകമെങ്ങുമുള്ള സഞ്ചാരികള്‍ക്കിടയില്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട വിനോദ സഞ്ചാര കേന്ദ്രമായി ഇതുവഴി ഖത്തറിനെ മാറ്റിയെടുക്കാന്‍ കഴിയുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു.
കിഴക്കിനും പടിഞ്ഞാറിനുമിടയില്‍ സ്ഥിതി ചെയ്യുന്ന ഖത്തറിന്റെ തന്ത്രപ്രധാനമായ സ്ഥാനം ലോകമെങ്ങുമുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണെന്ന് വിസിറ്റ് ഖത്തര്‍ സി.ഇ.ഒ എന്‍ജി. അബ്ദുല്‍ അസീസ് അലി അല്‍ മവ്‌ലവി പറഞ്ഞു. ലോകത്തെ പ്രധാന നഗരങ്ങളില്‍ നിന്നും ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെയുള്ള വിമാനയാത്രയില്‍ ഖത്തറിലെത്തിച്ചേരാം. അമേരിക്ക, യൂറോപ്, ആഫ്രിക്ക, മിഡില്‍ഈസ്റ്റ് മേഖലകളിലായി 177 ലക്ഷ്യസ്ഥാനങ്ങളെ ഖത്തര്‍ വ്യോമമാര്‍ഗം ബന്ധിപ്പിക്കുകയും ചെയ്യുന്നു -അദ്ദേഹം പറഞ്ഞു.
Also Read:ഫീഡര്‍ ബസുകളായ മെട്രോ ലിങ്കിന്റെ സര്‍വീസ് ആരംഭിച്ചു
ലോകമെങ്ങുമുള്ള യാത്രക്കാര്‍ക്ക് ഏറ്റവും സുരക്ഷിതവും, കുടുംബ സൗഹൃദവുമുള്ള സ്‌റ്റോപ് ഓവര്‍ ഡെസ്റ്റിനേഷനാണ് ഖത്തര്‍. സാഹസിക ടൂറിസവും വിനോദവും, കടല്‍തീരവും മരുഭൂമിയുമെല്ലാം മികച്ച അനുഭവം നല്‍കുന്നു. രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യം കൂടി അനുഭവിക്കാന്‍ ലോകമെങ്ങുമുള്ള സഞ്ചാരികളെ ആകര്‍ഷിക്കുകയാണ് കാമ്പയിന്‍ കൊണ്ട് ലക്ഷ്യമിടുന്നത്. ബനാന ഐലന്‍ഡ്, സൂഖ് വാഖിഫ്, ഡ്യൂണ്‍ ബാഷിങ്, പ്രകൃതി കാഴ്ചകള്‍ എന്നിവയിലേക്ക് സഞ്ചാരികളെ ക്ഷണിക്കുന്നു -എന്‍ജി. അബ്ദുല്‍ അസീസ് മവ്‌ലവി പറഞ്ഞു.
ഖത്തറിലെ ടൂറിസ്റ്റ് ഇടങ്ങള്‍ ചിത്രീകരിച്ചുകൊണ്ടുള്ള വിഡിയോ പ്രചാരണവും ഇതിനോടകം ആരംഭിച്ചു.വിഖ്യാതമായ ബോബി ഹെബ്‌സിന്റെ ഗാനമായ ‘സണ്ണി’യുടെ പശ്ചാത്തലത്തില്‍ ആണ് പ്രചാരണം ആരംഭിച്ചിരിക്കുന്നത് . ലോകത്തെ പ്രധാന പത്ത് മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് സമൂഹ മാധ്യമങ്ങള്‍, ഡിജിറ്റല്‍ ചാനല്‍, ടി.വി, പ്രസ് എന്നിവയിലൂടെ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ നടപടികളും തുടങ്ങി. ലളിതമായ വിസ നടപടി, പൊതുഗതാഗത സംവിധാനം, വേള്‍ഡ് സേഫ്റ്റി ഇന്‍ഡക്‌സിലെ മികച്ച നേട്ടം, അടിസ്ഥാന സൗകര്യങ്ങളുടെയും നിര്‍മാണങ്ങളുടെയും മികവ്, അന്താരാഷ്ട്ര ബഹുമതികള്‍ നേടിയ എയര്‍ലൈന്‍ സര്‍വിസ് എന്നിവ ഖത്തറിലേക്കുള്ള യാത്രക്കാരുടെ വാതിലുകള്‍ക്ക് കൂടുതല്‍ സ്വീകാര്യത ഖത്തറിനു നല്‍കുന്നു .