ബെയ്ജിങ്: മൃഗശാലകളിൽ ഡ്യൂപ്ലിക്കേറ്റ് മൃഗങ്ങളെ വെച്ച് പ്രദർശനം നടത്തിയ സിനിമ കഥകളൊക്കെ നമ്മൾ കേട്ടിട്ടുണ്ട്. അക്വേറിയത്തിലെ മൽസ്യ കന്യകകളുടെ പല തരം ഷോകളും നാം കണ്ടിട്ടുണ്ട്. എന്നാൽ സിനമയെ വെല്ലുന്ന ‘ഡ്യുപ്ലിക്കേറ്റ് തിമിംഗല സ്രാവിനെ’ ഇറക്കി ആളുകളെ പറ്റിച്ചിരിക്കുകയാണ് ചൈന. ഒന്നും രണ്ടുമല്ല ഒരുലക്ഷത്തിലധികം പേരാണ് തട്ടിപ്പിനിരയായത്.
ഷെൻഷനിലെ ഷിയോമീഷ സീ വേൾഡ് എന്ന ചൈനീസ് അക്വേറിയത്തിലാണ് സംഭവം. ഇവിടുത്തെ പ്രധാന ആകർഷണമായിരുന്നു തിമിംഗല സ്രാവ്. എന്നാൽ ഇത് റോബോട്ടിക് ആയിരുന്നുവെന്ന സത്യം അടുത്തിടെയാണ് ആളുകൾ തിരിച്ചറിയുന്നത്.
അഞ്ചുവർഷത്തെ നവീകരണത്തിന് ശേഷം വീണ്ടും തുറന്ന പാർക്കിൽ തിമിംഗല സ്രാവിനെ നേരിട്ട് കാണാൻ നിരവധി ആളുകൾ എത്തിയിരുന്നു. ഒക്ടോബർ 1 ന് തുറന്ന പാർക്കിൽ ഒരാഴ്ച കൊണ്ട് ഏകദേശം ഒരു ലക്ഷം സന്ദർശകരാണ് എത്തിയത്.
സന്ദർശകർ പങ്കിട്ട തിമിംഗല സ്രാവിന്റെ ചിത്രങ്ങൾ സൂഷ്മമായി പരിശോധിച്ചവരാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലാക്കിയത്. ചിത്രത്തിലെ സ്രാവിന്റെ ശരീരത്തിൽ വലിയ വിടവുകൾ ദൃശ്യമായിരുന്നു. ഇതോടെ അക്വേറിയത്തിനെതിരെ പലരും വിമർശനവുമായി രംഗത്തെത്തി.