വാഷിങ്ടൺ: അമേരിക്കയിലെ ദശലക്ഷക്കണക്കിന് സർക്കാർ ഉദ്യോഗസ്ഥരെ പിരിച്ചുവിടുമെന്ന് മുന്നറിയിപ്പ്. ചെലവ് വെട്ടിക്കുറക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനമെന്ന് ഡോണൾഡ് ട്രംപ് ഭരണത്തിൽ കാര്യക്ഷമത വകുപ്പിന്റെ ചുമതല വഹിക്കാനിരിക്കുന്ന വ്യവസായി വിവേക് രാമസ്വാമി.
സർക്കാർ ഉദ്യോഗസ്ഥരാണ് രാജ്യത്തെ പിന്നോട്ടടിപ്പിക്കുന്ന ഏറ്റവും വലിയ പ്രശ്നം. ചെലവ് വെട്ടിക്കുറച്ച് രാജ്യത്തെ രക്ഷിക്കാൻ പോവുകയാണെന്നും ഫ്ലോറിഡയിലെ മാർ എലഗോയിൽ നടന്ന പൊതുപരിപാടിയിൽ അദ്ദേഹം പറഞ്ഞു. കൂടുതൽ ഉദ്യോഗസ്ഥരുണ്ടെങ്കിൽ ചെലവ് കൂടുകയും നവീന ആശയങ്ങൾക്ക് തടസ്സമാവുകയും ചെയ്യും.
Also Read: വെടിനിർത്തൽ; അമേരിക്ക മുന്നോട്ടുവെച്ച നിർദേശം പരിഗണനയിലെന്ന് ലബനാൻ
ഭക്ഷ്യ, മരുന്ന് വകുപ്പും ആണവ നിയന്ത്രണ കമ്മീഷനും ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ നേരിടുന്ന യാഥാർഥ പ്രശ്നമാണിത്. സർക്കാർ ഉദ്യോഗസ്ഥരുടെ എണ്ണം കുറക്കുകയും കഴിയുന്നത്ര പൊതുജനങ്ങളോട് സുതാര്യത പാലിക്കുകയുമാണ് തങ്ങളുടെ ജോലിയെന്ന് രാമസ്വാമി വ്യക്തമാക്കി.
ഓരോ ആഴ്ചയും സർക്കാർ കാര്യക്ഷമത വകുപ്പിന്റെ പ്രവർത്തന റിപ്പോർട്ട് പുറത്തുവിടുമെന്നും രാജ്യത്തിന്റെ ഏറ്റവും നല്ല കാലം വരാനിരിക്കുന്നേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശതകോടീശ്വരൻ ഇലോൺ മസ്കിനൊപ്പമാണ് വിവേക് രാമസ്വാമിയെ കാര്യക്ഷമത വകുപ്പിന്റെ ചുമതല ട്രംപ് ഏൽപിച്ചിരിക്കുന്നത്.