CMDRF

വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് നൽകണം; കെ.സുധാകരൻ

വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് നൽകണം; കെ.സുധാകരൻ
വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് നൽകണം; കെ.സുധാകരൻ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ എം.പി. ഉമ്മൻചാണ്ടിയുടെ നിശ്ചയദാർഢ്യം കൊണ്ടുമാത്രമാണ് വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർത്ഥ്യമാക്കിയത്. എന്നാലത് പിണറായി സർക്കാർ മനഃപൂർവം തമസ്‌കരിക്കുകയാണ്.

വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി പ്രവർത്തിച്ച യു.ഡി.എഫ് നേതാക്കളെ ഇതുമായി ബന്ധപ്പെട്ട പരിപാടികളിൽ നിന്ന് പിണറായി സർക്കാർ പാടെ ഒഴിവാക്കി അസഹിഷ്ണുത പ്രകടിപ്പിക്കുകയാണ്. വിഴിഞ്ഞത്ത് ചരക്കുകപ്പലിന് സ്വീകരണം നൽകുന്ന ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തത് മാന്യതയില്ലാത്ത നടപടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഉമ്മൻചാണ്ടി സർക്കാർ വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി മുന്നോട്ട് പോയപ്പോൾ എൽ.ഡി.എഫും സി.പി.എമ്മും ഏതു വിധേനയും അതിനെ ഇല്ലാതാക്കാൻ ശ്രമിച്ചവരാണ്. അന്ന് പദ്ധതിയുടെ അന്തകനാകാൻ ശ്രമിച്ച പിണറായി വിജയൻ ഇന്ന് ഇതിന്റെ പിതൃത്വാവകാശം ഏറ്റെടുക്കാൻ നടത്തുന്ന ശ്രമങ്ങൾ അപഹാസ്യമാണ്. 5000 കോടി രൂപയുടെ പദ്ധതിയിൽ 6000 കോടി രൂപയുടെ അഴിമതി ആരോപിച്ചും ഉമ്മൻ ചാണ്ടിക്കെതിരേ അന്വേഷണ കമ്മീഷനെ വച്ച് വേട്ടയാടിയും കടൽക്കൊള്ളയെന്നു വിശേഷിപ്പിച്ചും പ്രക്ഷോഭങ്ങൾ നടത്തിയും പദ്ധതി ഇല്ലാതാക്കാൻ ശ്രമിച്ചെന്നും കെ.സുധാകരൻ ചൂണ്ടിക്കാട്ടി.

ഉമ്മൻചാണ്ടിയുടെ കാലത്ത് കടൽക്കൊള്ളയെന്ന് വിശേഷിപ്പിച്ച പദ്ധതിയെ പിണറായി വിജയൻ ഇന്നിപ്പോൾ തന്റെ ഇച്ഛാശക്തിയെന്ന് വിശേഷിപ്പിക്കുന്ന രാഷ്ട്രീയപാപ്പരത്തം കേരളീയ സമൂഹത്തിന് ബോധ്യമാകും. കൊച്ചി മെട്രോ,കണ്ണൂർ വിമാനത്താവളം ഉൾപ്പെടെയുള്ള പദ്ധതികൾ യാഥാർത്ഥ്യമായപ്പോഴും യു.ഡി.എഫ് നേതാക്കളെ ഒഴിവാക്കുന്ന പിണറായി സർക്കാരിന്റെ അൽപ്പത്തരം പ്രകടമായെന്നും സുധാകരൻ തുറന്നടിച്ചു.

Top