CMDRF

ഓണത്തിന് വിഴിഞ്ഞം തുറക്കും; മേയിൽ ട്രയൽ റൺ

ഓണത്തിന് വിഴിഞ്ഞം തുറക്കും; മേയിൽ ട്രയൽ റൺ
ഓണത്തിന് വിഴിഞ്ഞം തുറക്കും; മേയിൽ ട്രയൽ റൺ

കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്രാ തുറമുഖ പദ്ധതി ഓണക്കാലത്ത് പ്രവർത്തന സജ്ജമാകുമെന്ന് അദാനി ഗ്രൂപ്പ്. മേയിൽ തുറമുഖത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന ട്രയൽ റൺ ആരംഭിക്കും. കണ്ടെയ്‌നറുകൾ കയറ്റിയ വലിയ ബാർജുകൾ എത്തിച്ചായിരിക്കും ആദ്യഘട്ടത്തിൽ ട്രയൽറൺ.

അന്താരാഷ്ട്ര ഷിപ്പിങ് കമ്പനികളുമായി വാണിജ്യ ഇടപാടുകളെക്കുറിച്ച് അദാനി തുറമുഖ അധികൃതർ ചർച്ച ആരംഭിച്ചിട്ടുണ്ട്. മലയാളികൾക്ക് ഓണസമ്മാനമായി പദ്ധതി പൂർത്തിയാക്കാനാകുമെന്ന് അദാനി വിഴിഞ്ഞം പോർട്ടിന്റെ പുതിയ സി.ഇ.ഒ.യായി ചുമതലയേറ്റ പ്രദീപ് ജയരാമൻ പറഞ്ഞു. മുന്ദ്ര തുറമുഖത്തിന്റെ ഓപ്പറേഷൻസ് മേധാവിയായിരുന്നു പ്രദീപ് ജയരാമൻ.

തുറമുഖത്തിന്റെ നിർണായകമായ ബ്രേക്ക് വാട്ടറിന്റെ ആകെ നീളം 2959 മീറ്ററാണ്. നിലവിൽ 2800 മീറ്റർ, അതായത് 90 ശതമാനം പൂർത്തിയിട്ടുണ്ട്. ബെർത്തിന്റെയും യാർഡിന്റെയും ആദ്യഘട്ട നിർമാണവും അവസാനഘട്ടത്തിലാണ്. തുറമുഖത്തിന്റെ 800 മീറ്റർ ബർത്തിലെ 650 മീറ്റർ പണി പൂർത്തിയായി.

തുറമുഖ നിർമാണത്തിനായി 24 യാർഡ് ക്രെയിനുകളും എട്ട് ഷിപ് ടു ഷോർ ക്രെയിനുകളുമുൾപ്പെടെ ആകെ 32 ക്രെയിനുകളാണ് വേണ്ടത്. ഏപ്രിലിൽ ഇവ പൂർണമായും സ്ഥാപിച്ചുകഴിയും. തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന 1.7 കിലോമീറ്റർ റോഡ് നിർമാണം പുരോഗമിക്കുകയാണ്.

220 കെ.വി.യുടെയും 33 കെ.വി.യുടെയും രണ്ട് സബ് സ്റ്റേഷനുകളുടെയും നിർമാണം നേരത്തേതന്നെ പൂർത്തിയായിരുന്നു. കപ്പലിൽനിന്ന് എത്തുന്ന കണ്ടെയ്‌നറുകൾ ഇറക്കിവെക്കാനായി 3,80,000 ചതുരശ്ര മീറ്റർ കണ്ടെയ്‌നർ യാർഡാണ് നിർമിക്കാനുള്ളത്. ഇതിൽ ആദ്യഘട്ടത്തിൽ ഒരു ലക്ഷം ചതുരശ്ര മീറ്ററോളം പണി പൂർത്തിയായി.

തുറമുഖത്തിന്റെ വിവിധ ആവശ്യങ്ങൾക്കായി എട്ട് കെട്ടിടങ്ങൾ പൂർത്തിയായിട്ടുണ്ട്. അഗ്‌നിരക്ഷാ സംവിധാനമുൾപ്പെയെുള്ളവയുെട പണി പുരോഗമിക്കുകയാണ്.

സാങ്കേതിക ആവശ്യങ്ങൾക്കായി വേണ്ടുന്ന പൈലറ്റ് കം സർവേ വെസൽ, മൂറിങ് ലോഞ്ചസ്, നാവിഗേഷനുള്ള ഉപകരണങ്ങൾ തുടങ്ങിയവ ഉടൻതന്നെ വിഴിഞ്ഞത്ത് എത്തിക്കും. കപ്പലുകൾക്ക് തുറമുഖത്തേക്കു വഴികാട്ടുന്നതിനായി നാലു ടഗ്ഗുകളും തുറമുഖത്തിനായി എത്തിച്ചിട്ടുണ്ട്.

പ്രവർത്തനസജ്ജമാകുന്നതോടെ അദാനി ഗ്രൂപ്പ് ഇസ്രയേലിലെ ഹൈഫമുതൽ കൊളംബോവരെ സൃഷ്ടിക്കുന്ന തുറമുഖ ശൃംഖലയിലെ പ്രധാന കേന്ദ്രമായി വിഴിഞ്ഞം മാറും. 2028-ൽ രണ്ടും മൂന്നും ഘട്ടം വികസനത്തിനായി 10,000 കോടിയാണ് അദാനി ഗ്രൂപ്പ് വിഴിഞ്ഞത്ത് നിക്ഷേപിക്കുന്നത്.

എന്നാൽ ഇപ്പോഴും നിർമാണത്തിന് അദാനി ഗ്രൂപ്പിന് നൽകാനുള്ള തുക കണ്ടെത്താൻ സർക്കാരിന് കഴിയാത്തത് പ്രതിസന്ധി സൃഷ്ടിക്കുകയാണ്.

Top