മദർഷിപ്പിനെ സ്വീകരിക്കാൻ വിഴിഞ്ഞം സജ്ജം: ദിവ്യ എസ് അയ്യർ

മദർഷിപ്പിനെ സ്വീകരിക്കാൻ വിഴിഞ്ഞം സജ്ജം: ദിവ്യ എസ് അയ്യർ
മദർഷിപ്പിനെ സ്വീകരിക്കാൻ വിഴിഞ്ഞം സജ്ജം: ദിവ്യ എസ് അയ്യർ

തിരുവനന്തപുരം: മദര്‍ഷിപ്പിനെ സ്വീകരിക്കാൻ വിഴിഞ്ഞം തുറമുഖം പൂർണ സജ്ജമായെന്ന് എംഡി ദിവ്യ എസ് അയ്യര്‍. ആയിരത്തിലധികം കണ്ടെയ്നറുകൾ ഉള്ള പടുകൂറ്റൻ കപ്പലാണ് ആദ്യം എത്തുന്നത്. സെപ്തംബര്‍ വരെ വിഴിഞ്ഞത്ത് നടക്കുന്നത് ട്രയൽ റണ്ണാണ്. വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം സെപ്തംബറിന് ശേഷം നടക്കുമെന്നും ദിവ്യ എസ് അയ്യര്‍.

ആദ്യ കണ്ടെയിനർ മദർഷിപ്പ് ഈ മാസം 12 നാണ് വിഴിഞ്ഞത്ത് എത്തുക. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ വൻ സ്വീകരണമൊരുക്കാനാണ് സർക്കാരിന്‍റെ തീരുമാനം. ചടങ്ങിലേക്ക് പതിനായിരം പേർക്ക് ക്ഷണമുണ്ടാകും. എല്ലാ നൂതന സജ്ജീകരണങ്ങളോടെയാണ് തുറമുഖം യാഥാർത്ഥ്യമാകുന്നതെന്ന് എം ഡി ദിവ്യ എസ് അയ്യർ പറഞ്ഞു.

അതിനിടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ലോക്കേഷൻ കോഡായി. ഇന്ത്യയുടെയും നെയ്യാറ്റിൻകരയുടെയും ചുരുക്കെഴുത്ത് ചേർത്ത് IN NYY 1 എന്നാണ് വിഴിഞ്ഞം തുറമുഖത്തിന്‍റെ ലോക്കേഷൻ കോഡ്. വിഴിഞ്ഞത്ത് നേരെത്തെയുണ്ടായിരുന്ന തുറമുഖത്തിന് വിഴിഞ്ഞം എന്നതിന്‍റെ ഇംഗ്ലീഷ് ചുരുക്കെഴുത്തായ VIZ എന്നതായിരുന്നു ലൊക്കേഷൻ കോഡ്. അതിനാലാണ് പുതിയ തുറമുഖത്തിന് നെയ്യാറ്റിൻകര താലൂക്കിന്റെ ചുരുക്കെഴുത്ത് നൽകിയത്.

കേന്ദ്രസർക്കാരിന് കീഴിലെ ഡയറക്ട്രേറ്റ് ജനറൽ ഓഫ് സിസ്റ്റം ആന്റ് ഡാറ്റാ മാനേജ്മെന്റാണ് ലോക്കേഷൻ കോഡ് അനുവദിക്കുന്ന ഏജൻസി. നാവിഗേഷൻ, ഷിപ്പിങ്ങ് ഇതിനെല്ലാം ലോക്കേഷൻ കോഡാണ് ഉപയോഗിക്കുക. ഇനി ഇലക്ട്രോണിക് ഡാറ്റാ ഇന്റർചേഞ്ച് കോ‍ഡും കസ്റ്റോഡിയൻ കോഡും കിട്ടണം. ഇമിഗ്രേഷൻ ചെക്ക്പോസ്റ്റ് ക്ലിയറൻസ് അനുവദിച്ച് കിട്ടണം. നാഷണൽ സേഫ്റ്റി ഇൻ പോർട്ട് കമ്മിറ്റി അംഗീകാരവും ഐഎസ്‌പിഎസ് കോഡും നേരത്തെ തന്നെ ലഭിച്ചിരുന്നു.

കമ്മീഷനിംഗിന് വേണ്ട അടിസ്ഥാന സൗകര്യങ്ങളെല്ലാം പൂർത്തിയായെന്ന് അദാനി കമ്പനി അധികൃതരും തുറമുഖ വകുപ്പും അറിയിച്ചു. മുന്ദ്ര തുറമുഖത്ത് നിന്നുള്ള ചരക്ക് കപ്പലാകും ആദ്യം വിഴിഞ്ഞത്തേക്ക് എത്തുക. അത് വിജയകരമായാൽ പിന്നെ തുറമുഖം കമ്മീഷനിംഗ് നടപടികളിലേക്ക് കടക്കും.

Top