24 വര്‍ഷത്തിനു ശേഷം ഉത്തരകൊറിയ സന്ദര്‍ശിച്ച് വ്‌ളാഡിമിര്‍ പുട്ടിന്‍: കിമ്മുമായി തന്ത്രപ്രധാന ചര്‍ച്ചകള്‍ നടത്തും

24 വര്‍ഷത്തിനു ശേഷം ഉത്തരകൊറിയ സന്ദര്‍ശിച്ച് വ്‌ളാഡിമിര്‍ പുട്ടിന്‍: കിമ്മുമായി തന്ത്രപ്രധാന ചര്‍ച്ചകള്‍ നടത്തും
24 വര്‍ഷത്തിനു ശേഷം ഉത്തരകൊറിയ സന്ദര്‍ശിച്ച് വ്‌ളാഡിമിര്‍ പുട്ടിന്‍: കിമ്മുമായി തന്ത്രപ്രധാന ചര്‍ച്ചകള്‍ നടത്തും

സോള്‍: 24 വര്‍ഷത്തിനു ശേഷം ഉത്തരകൊറിയ സന്ദര്‍ശിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം സംബന്ധിച്ച് ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നുമായി ചര്‍ച്ച നടത്തും. റഷ്യന്‍ പ്രതിരോധ മന്ത്രി ആന്‍ഡ്രി ബെലോസോവിനും വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവിനും ഉപപ്രധാനമന്ത്രി അലക്‌സാണ്ടര്‍ നൊവാക്കിനുമൊപ്പമാണ് പുട്ടിന്‍ ഉത്തര കൊറിയന്‍ തലസ്ഥാനമായ പ്യോങ്യാങില്‍ എത്തിയത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ആയുധ കൈമാറ്റത്തെ യുഎസും ദക്ഷിണ കൊറിയയും ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ആയുധ കൈമാറ്റം നടന്നിട്ടില്ലെന്ന നിലപാടാണ് ഇരുരാജ്യങ്ങളും സ്വീകരിച്ചത്. ഉത്തരകൊറിയയുമായി ആയുധക്കരാറില്‍ ഏര്‍പ്പെടാന്‍ യുഎന്നിന്റെ വിലക്കുള്ളതാണ്. 2023 സെപ്റ്റംബറില്‍ കിം റഷ്യയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. റഷ്യയുടെ സൈനിക സാങ്കേതിക വിദ്യയും ആണവ മുങ്ങിക്കപ്പലും ലക്ഷ്യമിട്ടായിരുന്നു കിമ്മിന്റെ സന്ദര്‍ശനം. യുക്രെയ്‌നില്‍ റഷ്യക്ക് ലഭ്യതക്കുറവുള്ള പടക്കോപ്പുകള്‍ ഉത്തര കൊറിയ പകരം നല്‍കുമെന്നും അന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. കിമ്മിന്റെ റഷ്യന്‍ സന്ദര്‍ശനം പാശ്ചാത്യ രാജ്യങ്ങളെ അസ്വസ്ഥരാക്കിയിരുന്നു.
യുക്രെയ്ന്‍ അധിനിവേശത്തിന് ശേഷം വിരളമായാണ് പുട്ടിന്‍ വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്നത്. കോവിഡ് മഹാമാരിക്ക് ശേഷം ഇതാദ്യമായാണ് ഒരു ലോകനേതാവിന് ഉത്തര കൊറിയയും ആതിഥ്യമരുളുന്നത്. 2000 ജൂലൈയിലാണ് പുട്ടിന്‍ ഇതിനുമുന്‍പ് തലസ്ഥാനമായ പ്യോങ്യാങ് സന്ദര്‍ശിച്ചത്. റഷ്യന്‍ പ്രസിഡന്റായി പുട്ടിന്‍ ആദ്യമായി അധികാരത്തിലെത്തിയ വര്‍ഷമായിരുന്നു ഇത്. അന്ന് ഉത്തര കൊറിയയുടെ പരമോന്നത നേതാവ് കിം ജോങ് ഇല്‍ ആയിരുന്നു.

Top