CMDRF

ഇലക്ട്രിക്കിലേക്കുള്ള മാറ്റം തത്കാലമില്ലെന്ന് വോള്‍വോ

സ്വീഡിഷ് കമ്പനിയുടെ ഈ പിന്മാറ്റം ഓസ്ട്രേലിയയിലെ വോൾവോയുടെ തീരുമാനം തിരുത്തുമോയെന്ന കാര്യത്തിലും വ്യക്തതയില്ല

ഇലക്ട്രിക്കിലേക്കുള്ള മാറ്റം തത്കാലമില്ലെന്ന് വോള്‍വോ
ഇലക്ട്രിക്കിലേക്കുള്ള മാറ്റം തത്കാലമില്ലെന്ന് വോള്‍വോ

2030-ഓടെ വോൾവോ ഇലക്ട്രിക് വാഹനം മാത്രം നിർമിക്കുന്ന കമ്പനിയാകുമെന്ന് മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് ഈ സ്വീഡിഷ് വാഹന നിർമാതാക്കൾ പ്രഖ്യാപിച്ചത്. ഇതിൻ്റെ ഭാഗമായി പെട്രോൾ-ഡീസൽ വാഹനങ്ങളുടെ ഉത്പാദനം കുറച്ച് ആഗോളതലത്തിൽ കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ എത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ, പൂർണമായും ഇലക്ട്രിക് വാഹനങ്ങൾ മാത്രം നിർമിക്കുന്നുവെന്ന തീരുമാനം പുനപരിശോധിക്കാനുള്ള തീരുമാനത്തിലാണ് വോൾവോ എന്നാണ് പുതിയ റിപ്പോർട്ട്.

ആഗോളതലത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ വലിയ പുരോഗതി കൈവരിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് 2023-ഓടെ പൂർണമായും ഇലക്ട്രിക്കിലേക്ക് മാറാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറുന്നതെന്നാണ് വിലയിരുത്തലുകൾ. 2030-ന് ശേഷവും ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങൾ എത്തിക്കാനാണ് വോൾവോയുടെ പുതിയ തീരുമാനമെന്നാണ് ഡ്രൈവ്.ഡോട്ട്കോം റിപ്പോർട്ട് ചെയ്യുന്നത്. 2021-ലാണ് പൂർണമായും ഇലക്ട്രിക്കിലേക്ക് മാറുന്നുവെന്ന വോൾവോയുടെ പ്രഖ്യാപനം ഉണ്ടാകുന്നത്.

അതേസമയം, 2026 മുതൽ തന്നെ പൂർണമായും ഇലക്ട്രിക്കിലേക്ക് മാറുമെന്നാണ് വോൾവോ ഓസ്ട്രേലിയ പ്രഖ്യാപിച്ചിരുന്നത്. സ്വീഡിഷ് കമ്പനിയുടെ ഈ പിന്മാറ്റം ഓസ്ട്രേലിയയിലെ വോൾവോയുടെ തീരുമാനം തിരുത്തുമോയെന്ന കാര്യത്തിലും വ്യക്തതയില്ല. 2030-ന് ശേഷവും വോൾവോയുടെ മൊത്തവിൽപ്പനയുടെ 90 മുതൽ 100 ശതമാനം വരെയും ഇലക്ട്രിക്, ഹൈബ്രിഡ് കാറുകളായിരിക്കും എന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. 10 ശതമാനം വരെ വിൽപ്പന മൈൽഡ് ഹൈബ്രിഡ് വാഹനങ്ങളുടേതായിരിക്കുമെന്നാണ് അറിയിക്കുന്നത്.
എന്നാൽ, പൂർണമായും ഇലക്ട്രിക്കിലേക്കുള്ള മാറ്റം വോൾവോ തള്ളിയിട്ടില്ല. ഇലക്ട്രിക്കിലേക്കുള്ള മാറ്റത്തിന് സമയപരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും പതിയെ നോൺ-ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന കുറച്ചുകൊണ്ട് വരാനാണ് വോൾവോയുടെ പുതിയ പദ്ധതി. വിപണിയിലെ മാറ്റങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും വാഹനങ്ങളിൽ മാറ്റമുണ്ടാകുകയെന്ന സൂചനയാണ് കമ്പനി നൽകുന്നത്. 2026-ഓടെ പൂർണമായും ഇലക്ട്രിക്കിലേക്ക് മാറുമെന്ന് അറിയിച്ചിട്ടുള്ള വോൾവോ ഓസ്ട്രേലിയ അഞ്ച് ഇ.വികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

2030 ആകുന്നതോടെ എല്ലാ ശ്രേണിയിലും വോൾവോയുടെ ഇലക്ട്രിക് കാറുകൾ എത്തും. ഇലക്ട്രിക് വാഹനങ്ങൾക്ക് അനുകൂലമായ മാറ്റം വിപണിയിൽ ഉണ്ടാകുമ്പോൾ പൂർണമായും ഇലക്ട്രിക്ക് വാഹന നിർമാതാക്കളാകാൻ ഇത് സഹായക്കുമെന്നുമാണ് വോൾവോ പ്രതീക്ഷിക്കുന്നത്. 2025 ആകുമ്പോഴേക്കും ആഗോള വിൽപ്പനയുടെ 50 ശതമാനം ഇലക്ട്രിക് വാഹനങ്ങൾ ആക്കി മാറ്റണമെന്ന തീരുമാനവും വോൾവോ പിൻവലിച്ചതായാണ് റിപ്പോർട്ട്.

Top