തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടർപട്ടികയുടെ സംക്ഷിപ്ത പുതുക്കലിനുള്ള കരട് പ്രസിദ്ധീകരിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ. ഷാജഹാൻ അറിയിച്ചു. അന്തിമ വോട്ടർപട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. കരട് വോട്ടർപട്ടിക എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫിസുകളിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ sec.kerala.gov.in വെബ്സൈറ്റിലും പരിശോധനക്ക് ലഭിക്കും.
2024 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ്സ് പൂർത്തിയായവർക്ക് ജൂൺ 21 വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാം. ഉപതെരഞ്ഞെടുപ്പ് നടക്കാനുള്ള 50 വാർഡുകൾ ഉൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലെയും വോട്ടർപട്ടികയാണ് പുതുക്കുന്നത്. ഉപതെരഞ്ഞെടുപ്പുള്ള 50 വാർഡുകളിലെ പ്രവാസികൾക്കും വോട്ടർപട്ടികയിൽ പേരു ചേർക്കാം.
വോട്ടർപട്ടികയിൽ പുതുതായി പേരു ചേർക്കുന്നതിനും (േഫാറം നാല്) അപേക്ഷ, ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനും (േഫാറം ആറ്), സ്ഥാനമാറ്റം വരുത്തുന്നതിനും (േഫാറം ഏഴ്) സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ sec.kerala.gov.in വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. അക്ഷയ സെന്റർ തുടങ്ങിയ സർക്കാർ അംഗീകൃത ജനസേവന കേന്ദ്രങ്ങൾ മുഖേനയും അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കുമ്പോൾ ഹിയറിങ്ങിനുള്ള കമ്പ്യൂട്ടർ ജനറേറ്റഡ് നോട്ടീസ് ലഭിക്കും. നോട്ടീസിൽ പറഞ്ഞിട്ടുള്ള തീയതിയിൽ ആവശ്യമായ രേഖകൾ സഹിതംനേരിട്ട് ഹാജരാകണം.
വോട്ടർപട്ടികയിൽ പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങൾ (േഫാറം അഞ്ച്) ഓൺലൈനായി രജിസ്റ്റർ ചെയ്യുകയും അതിന്റെ പ്രിന്റൗട്ടിൽ അപേക്ഷകൻ ഒപ്പിട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർക്ക് സമർപ്പിക്കണം. ഓൺലൈൻ മുഖേന അല്ലാതെയും നിർദിഷ്ട ഫോറത്തിൽ തെരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫിസർക്ക് അപേക്ഷിക്കാം.ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും സെക്രട്ടറിമാരും കോർപറേഷനുകളിൽ അഡീഷനൽ സെക്രട്ടറിയുമാണ് ഇലക്ഷൻ രജിസ്ട്രേഷൻ ഒാഫിസർമാർ.