തൃശ്ശൂര്‍: തൃശ്ശൂരില്‍ സിപിഎം ബിജെപിക്ക് വോട്ട് മറിച്ചെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍. തൃശ്ശൂരില്‍ തനിക്ക് നല്ല പ്രതീക്ഷയുണ്ടെന്നും യുഡിഎഫ് ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദല്ലാള്‍ പറഞ്ഞതുപോലെ നടന്ന ചര്‍ച്ചയുടെ പ്രതിഫലനം തൃശ്ശൂരില്‍ ഉണ്ടായി. സിപിഎമ്മിന്റ ശക്തി കേന്ദ്രങ്ങളായ നാട്ടികയിലും ഗുരുവായൂരിലും വോട്ടുകള്‍ ബിജെപിക്ക് പോയി. വോട്ടുകച്ചവടം നടന്നു. ഇത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും മുരളീധരന്‍ പറഞ്ഞു.
എന്നാല്‍ ബിജെപിയ്ക്ക് കഴിഞ്ഞ വര്‍ഷം കിട്ടിയ വോട്ട് അതേപടി ഇത്തവണയും കിട്ടിയിട്ടുണ്ടെന്നും ഇതൊന്നും യുഡിഎഫിനെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 30000 മുതല്‍ 50000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് ജയിക്കും. സി പി എം വോട്ട് മറിച്ചത് ചിലപ്പോള്‍ രണ്ടാം സ്ഥാനത്ത് എത്താന്‍ ബിജെപിയെ സഹായിക്കും. വോട്ട് മറിഞ്ഞു എന്നത് യാഥാര്‍ത്ഥ്യമാണ്. ബി ജെ പിയോടുള്ള സിപിഎം സമീപനം എന്നും മൃദുവാണ്. പണ്ട് കേന്ദ്രത്തില്‍ ആണെങ്കില്‍ ഇന്നും കേരളത്തില്‍ അത് തുടരുന്നുവെന്നും കെ.മുരളീധരന്‍ ആരോപിച്ചു.
കരുവന്നൂര്‍, മുഖ്യമന്ത്രിയുടെ മകള്‍ക്ക് എതിരായ കേസ് എന്നിവയെല്ലാം പാര്‍ട്ടിയെ ഭയപ്പെടുത്തുന്നു. ജയരാജന്‍ ചര്‍ച്ച നടത്തിയത് അദ്ദേഹത്തിന് ബിജെപിയില്‍ പോകാനല്ല. സി പി എമ്മിന്റെ പ്രതിനിധി ആയി മുഖ്യമന്ത്രിയുടെ അറിവോടെയാണ് ചര്‍ച്ച നടന്നത്. അതുകൊണ്ടാണ് നടപടി എടുക്കാത്തത്. തൃശ്ശൂര്‍ ആയിരുന്നു മെയിന്‍ ഡീലെന്നും കെ.മുരളീധരന്‍ ആരോപിച്ചു.