തിരുവനന്തപുരം: സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് വോട്ടിങ് ആരംഭിച്ചെങ്കിലും പലയിടങ്ങളിലും ഇപ്പോഴും വോട്ട് രേഖപ്പെടുത്തി തുടങ്ങിയിട്ടില്ല. സംസ്ഥാനത്തെ പല ബൂത്തുകളിലും വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കി. ചിലയിടങ്ങളില്‍ വിവിപാറ്റ് മെഷീനും മറ്റിടങ്ങളില്‍ വോട്ടിങ് യന്ത്രവുമാണ് തകരാറിലായത്. പകരം വോട്ടിങ് യന്ത്രങ്ങള്‍ എത്തിച്ച് പ്രശ്‌നം വേഗം പരിഹരിച്ച് വോട്ടെടുപ്പ് ആരംഭിക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍.
പെരുങ്കുഴി എല്‍പി സ്‌കൂളിലെ വോട്ടിങ് യന്ത്രമാണ് തകരാറിലായത്. കായംകുളം കൊയ്പള്ളി കാരാഴ്മ 82-ാം നമ്പര്‍ ബൂത്തിലും യന്ത്ര തകരാര്‍. കണ്ണൂരില്‍ ഇരിക്കൂറില്‍ രണ്ടിടത്ത് വോട്ടിംഗ് മെഷീന്‍ തകരാറിലായി. ഇരിക്കൂര്‍ മണ്ഡലത്തിലെ 21, 108 ബൂത്തുകളിലാണ് യന്ത്രം തകരാറിലായത്. വോട്ടിംഗ് താല്‍കാലികമായി നിര്‍ത്തിവെച്ചു. ആലക്കോട് രാമവര്‍മ രാജ വിദ്യാനികേതന്‍ യുപി സ്‌കൂള്‍ അരങ്ങം, മടമ്പം മേരി ലാന്റ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലും വോട്ടിംഗ് നിര്‍ത്തിവെച്ചു.
ആലപ്പുഴ ലജനത്ത് സ്‌കൂളിലെ 9-ാം നമ്പര്‍ ബൂത്തില്‍ വോട്ടെടുപ്പ് വൈകി. പുറക്കാട് പഞ്ചായത്തിലെ 173 – നമ്പര്‍ ബൂത്തിലും യന്ത്രത്തകരാര്‍. വോട്ടെടുപ്പ് ആരംഭിക്കാന്‍ ആയിട്ടില്ല. ബൂത്തില്‍ വയോധികരടക്കം നീണ്ട ക്യൂവിലാണ്. കൊല്ലം ചവറ മണ്ഡലത്തിലെ അയ്യന്‍കോയിക്കല്‍ ബൂത്ത് 93 ലും വോട്ടിങ് യന്ത്രം പണിമുടക്കിയിട്ടുണ്ട്. ആറ്റിങ്ങല്‍ മണ്ഡലത്തിലെ 154-ാം ബൂത്തില്‍ കണ്‍ട്രോള്‍ യൂണിറ്റാണ് തകരാറിലായത്. പൊന്നാനി – കോട്ടക്കല്‍ ആമപ്പാറ എഎല്‍പി സ്‌കൂളിലെ 29-ാം നമ്പര്‍ ബൂത്തിലും സ്ഥിതി സാമാനം.