മസ്‌കത്ത്: തൊഴിലുടമകള്‍ക്ക് വേതന സംരക്ഷണ സംവിധാനത്തെ സംബന്ധിച്ച പരാതികള്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍ (സി.ബി.ഒ) പോര്‍ട്ടലിലൂടെ സമര്‍പ്പിക്കാമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. സി.ബി.ഒയുടെ ഔദ്യോഗിക സംവിധാനം വഴി ലൈസന്‍സുള്ള പ്രാദേശിക ബാങ്കുകള്‍ മുഖേനയാണ് പരാതികള്‍ സമര്‍പ്പിക്കേണ്ടത്. തൊഴില്‍ദാതാക്കള്‍ക്ക് https://cbo.gov.om/ar വഴി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാനിന്റെ പരാതി സംവിധാനത്തിലേക്ക് പ്രവേശിക്കാന്‍ സാധിക്കുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി.
ബാങ്കുകള്‍ വഴിയോ അല്ലെങ്കില്‍ സേവനം നല്‍കാന്‍ അംഗീകൃതവും അംഗീകാരമുള്ളതുമായ ധനകാര്യ സ്ഥാപനങ്ങള്‍ വഴിയോ തൊഴിലാളികളുടെ വേതനം നല്‍കാന്‍ കമ്പനികളെ അനുവദിക്കുന്ന ഇലക്ട്രോണിക് ശമ്പള കൈമാറ്റ സംവിധാനമാണ് ഡബ്ല്യു.പി.എസ്. തൊഴില്‍ മന്ത്രാലയം സെന്‍ട്രല്‍ ബാങ്കുമായി സഹകരിച്ചാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. തൊഴിലാളികളുടെ ശമ്പളം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിലൂടെ കമ്പനികള്‍ തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സഹായിക്കുന്നതാണിത്.
സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പളത്തിന്റെ കൃത്യമായ ഡാറ്റാബേസ് സ്ഥാപിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സാമ്പത്തിക പരിഷ്‌കരണത്തിന്റെ സുപ്രധാന ഘടകമായി ഡബ്ല്യു.പി.എസിനെ കണക്കാക്കുന്നു. ഈ സംവിധാനം സുസ്ഥിരമായ തൊഴിലുടമ-തൊഴിലാളി ബന്ധം പ്രോത്സാഹിപ്പിക്കുകയും ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യും. വേതനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കുറക്കാനും സഹായിക്കും.
തൊഴിലാളികളുടെ വേതനം നിശ്ചിത തീയതിയുടെ ഏഴ് ദിവസത്തിനുള്ളില്‍ ബാങ്കുകളിലേക്ക് മാറ്റാന്‍ തൊഴിലുടമ ബാധ്യസ്ഥനാണ്. തൊഴിലാളികളുടെ വേതനത്തില്‍ എന്തെങ്കിലും മാറ്റം വരുമ്പോള്‍ തൊഴിലുടമ മന്ത്രാലയവുമായുള്ള തൊഴില്‍ കരാറുകള്‍ അപ്ഡേറ്റ് ചെയ്യുകയും വേണം. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ഡബ്ല്യു.പി.എസിലൂടെ തൊഴിലാളിയുടെ വേതനം കൈമാറ്റം ചെയ്യുന്നതില്‍ നിന്ന് തൊഴിലുടമയെ ഒഴിവാക്കിയിട്ടുണ്ട്