ന്യൂയോര്‍ക്ക്: ഇന്ത്യയുടെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അന്തിമഫലങ്ങള്‍ വരുന്നതിനായി കാത്തിരിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാത്യു മില്ലര്‍. ഇന്ത്യയിലെ തിരഞ്ഞെടുപ്പിനെ ചരിത്രത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയെന്ന് വിശേഷിപ്പിച്ച അദ്ദേഹം തിരഞ്ഞെടുപ്പ് വിജയകരമായി പൂര്‍ത്തിയാക്കിയതിന് സര്‍ക്കാരിനെയും വോട്ടര്‍മാരെയും അഭിനന്ദിച്ചു.
‘തിരഞ്ഞെടുപ്പ് ഫലങ്ങള്‍ അന്തിമമായിട്ടില്ല. അതിനാല്‍ എന്തെങ്കിലും വ്യക്തമായ അഭിപ്രായം നല്‍കുന്നതിന് മുമ്പ് ആ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ അന്തിമരൂപത്തിനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പില്‍ വിജയിച്ചവരെയും പരാജയപ്പെട്ടവരെയും കുറിച്ച് ഞാന്‍ അഭിപ്രായം പറയാന്‍ പോകുന്നില്ല. ചരിത്രത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയ്ക്കാണ് കഴിഞ്ഞ ആറ് ആഴ്ചകളായി നമ്മള്‍ സാക്ഷ്യം വഹിച്ചത്. ഇത്തരമൊരു ബൃഹത്തായ തിരഞ്ഞെടുപ്പ് സംരംഭം വിജയകരമായി പൂര്‍ത്തീകരിച്ചതിലും അതില്‍ പങ്കെടുത്തതിലും അമേരിക്കന്‍ ഇന്ത്യന്‍ സര്‍ക്കാരിനെയും വോട്ടര്‍മാരെയും അഭിനന്ദിക്കാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ അന്തിമ ഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും’, മാത്യൂ മില്ലര്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്തുവന്നത്. തിരഞ്ഞെടുപ്പില്‍ 240 സീറ്റുകള്‍ ബിജെപിയും 99 സീറ്റുകള്‍ കോണ്‍ഗ്രസനേടി. ഇന്‍ഡ്യാ മുന്നണിയെ നിഷ്പ്രഭമാക്കി 400 സീറ്റിന്റെ ഭൂരിപക്ഷത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാവുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അവകാശവാദം.
മൂന്നാം മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് രാഷ്ട്രപതി ഭവനില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. അതേസമയം സര്‍ക്കാര്‍ രൂപീകരണ സാധ്യതകള്‍ കോണ്‍ഗ്രസും തള്ളിയിട്ടില്ല. എന്‍ഡിഎയ്ക്ക് കേവല ഭൂരിപക്ഷം ഉണ്ടെങ്കിലും സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ തുടരാനാണ് ഇന്‍ഡ്യ സഖ്യവും തയ്യാറെടുക്കുന്നത്. ഇന്ന് നടക്കുന്ന സഖ്യ യോഗത്തില്‍ തീരുമാനം ഉണ്ടാകും എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടുണ്ട്. ഒരു അവസരം കൂടി മോദിക്ക് നല്‍കിയാല്‍ ജനാധിപത്യം തകര്‍ക്കും എന്ന് ജനങ്ങള്‍ക്ക് മനസിലായി എന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രതികരിച്ചു. ഇന്‍ഡ്യ സഖ്യം ഒറ്റക്കെട്ടായി പോരാടി എന്നും ജനാധിപത്യത്തിന്റെ വിജയമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍ പ്രദേശിലെ ജനങ്ങള്‍ രാഷ്ട്രീയ വീക്ഷണം ഏറ്റവും ഉയര്‍ന്നത് എന്ന് തെളിയിച്ചു എന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി അമേഠിയിലെ കെ എല്‍ ശര്‍മ്മയുടെ വിജയത്തെ അഭിനന്ദിച്ചു. റായ്ബറേലി, വയനാട് മണ്ഡലങ്ങളില്‍ വിജയിച്ച രാഹുല്‍ ഏത് മണ്ഡലം നിലനിര്‍ത്തും എന്നതില്‍ തീരുമാനം പിന്നീട് എടുക്കും.
എന്‍ഡിഎയുടെ ഭാഗമായ ജെഡിയു, ടിഡിപി പാര്‍ട്ടികളെ ഒപ്പം നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. എന്‍ഡിഎയ്ക്കൊപ്പം തുടരുമെന്നാണ് ടിഡിപിയും ജെഡിയുവും നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ മറ്റു നാടകീയ നീക്കങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ വീണ്ടും എന്‍ഡിഎ സര്‍ക്കാര്‍ തന്നെ അധികാരത്തിലെത്തും.