ദോഹ: ദോഹയുടെ ദേഹത്തെ നനച്ച് ഖത്തറിൽ പുതുമഴ. കനത്ത ചൂട് സമ്മാനിച്ച വേനൽകാലത്തിനൊടുവിൽ തണുപ്പിലേക്കുള്ള വരവറിയിച്ച് ഖത്തറിലുടനീളമാണ് മഴയെത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു ദോഹയിലും സമീപ പ്രദേശങ്ങളിലുമായി ഇടിക്കൊപ്പം മഴയും പെയ്തിറങ്ങിയത്.
വെള്ളിയാഴ്ച ജുമുഅ നമസ്കാരം കഴിഞ്ഞ് വിശ്വാസികൾ പള്ളിയിൽനിന്നും പുറത്തിറങ്ങിയതിനു പിന്നാലെ മണ്ണും മനസ്സും നനയിച്ച് മഴയെത്തുകയായിരുന്നു. വീശിയടിച്ച കാറ്റിനു പിന്നാലെ ഇടിയുടെ മൂളലിനൊപ്പം മഴ തിമിർത്തു പെയ്തു. ഏതാനും മിനിറ്റുകൾ നീണ്ടപ്പോഴേക്കും റോഡരികുകൾ ചെറു വെള്ളക്കെട്ടുകളായി.
Also Read: കുതിപ്പുമായി വാഹനവിപണി; 13.7 ശതമാനം വർധന
കാത്തിരിപ്പിനൊടുവിൽ കുളിരായി മഴ
ദോഹയിലെ റിങ് റോഡുകൾ, കോർണീഷ്, മൻസൂറ, ഹിലാൽ, ഐൻ ഖാലിദ്, ഓൾഡ് എയർപോർട്ട് തുടങ്ങിയ പ്രദേശങ്ങൾ മുതൽ ലുസൈൽ, അൽ വക്റ, അൽ ഖോർ തുടങ്ങിയ ഭാഗങ്ങളിൽ ശക്തമായ മഴപെയ്തു എന്നാണ് റിപ്പോർട്ടുകൾ. വിവിധ മേഖലകളിൽ പെയ്ത മഴച്ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചാണ് സ്വദേശികളും പ്രവാസികളും മഴയെ സ്നേഹത്തോടെ വരവേറ്റത്.
Also Read: ക്രമസമാധാനം തടസ്സപ്പെടുത്തി; വടക്കന്‍ ബാത്തിനയിൽ നിരവധിപേർ പിടിയിൽ
രാജ്യത്ത് കടുത്ത ചൂടിന് ഒക്ടോബർ ആദ്യവാരത്തിൽ തന്നെ കുറവുണ്ടായെങ്കിലും സീസണിലെ ആദ്യ മഴക്കായുള്ള കാത്തിരിപ്പിലായിരുന്നു എല്ലാവരും. കഴിഞ്ഞ ദിവസങ്ങളിൽ തന്നെ മഴ സാധ്യത പ്രവചിച്ചെങ്കിലും രാജ്യത്തിന്റെ അതിർത്തികളിലും ഒറ്റപ്പെട്ട ചിലയിടങ്ങളിലും ചാറ്റൽ മഴയായി പെയ്ത് അകന്നു. എന്നാൽ ശനിയാഴ്ച ഉച്ചകഴിഞ്ഞ് ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചിട്ടുണ്ട്