CMDRF

അതിരാവിലെ എഴുന്നേല്‍ക്കും ജയില്‍മുറി സ്വയം അടിച്ചുവാരി വൃത്തിയാക്കും; കെജ്രിവാളിന്റെ തീഹാര്‍ ജയില്‍വാസം ഇങ്ങനെ

അതിരാവിലെ എഴുന്നേല്‍ക്കും ജയില്‍മുറി സ്വയം അടിച്ചുവാരി വൃത്തിയാക്കും; കെജ്രിവാളിന്റെ തീഹാര്‍ ജയില്‍വാസം ഇങ്ങനെ
അതിരാവിലെ എഴുന്നേല്‍ക്കും ജയില്‍മുറി സ്വയം അടിച്ചുവാരി വൃത്തിയാക്കും; കെജ്രിവാളിന്റെ തീഹാര്‍ ജയില്‍വാസം ഇങ്ങനെ

ഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ മാര്‍ച്ച് 21നാണ് മുഖ്യമന്ത്രി അരവിന്ദ്
കെജ്രിവാള്‍ അറസ്റ്റിലായത്. ഏപ്രില്‍ 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് കെജ്രിവാള്‍. തീഹാറിലെ ജയില്‍ നമ്പര്‍ രണ്ടിലെ നാലാം വാര്‍ഡിലാണ് അദ്ദേഹം കഴിയുന്നതെന്ന് ജയില്‍ അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

”കെജ്രിവാള്‍ ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്. ജയിലുമായി പൊരുത്തപ്പെടാന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ട്. അതിരാവിലെ എഴുന്നേല്‍ക്കുകയും ജയില്‍മുറി സ്വയം അടിച്ചുവാരി വൃത്തിയാക്കുകയും ചെയ്യും. സെല്ലിനോട് ചേര്‍ന്നുള്ള ഏരിയയിലുള്ള ടിവി കാണും. പിന്നീട് യോഗ ചെയ്യും. രണ്ടു കഷ്ണം ബ്രഡും ചായയുമാണ് പ്രഭാതഭക്ഷണം. ശേഷം കുറച്ചുനേരം നടക്കും. ടിവി ഇരുന്നുകാണാനുള്ള സൗകര്യമില്ലാത്തതിനാല്‍ നിന്നാണ് ചാനലുകള്‍ മാറിമാറി നോക്കുന്നത്. ചിലപ്പോള്‍ കട്ടിലില്‍ തന്നെയിരുന്ന് ചുറ്റുപാടുകള്‍ വീക്ഷിക്കും അല്ലെങ്കില്‍ പുസ്തകം വായിക്കും”-ജയില്‍ അധികൃതര്‍ പറഞ്ഞു. രാമായണം മഹാഭാരതം, ഭഗവദ്ഗീത, നീരജ ചൗധരി രചിച്ച ഹൗ പ്രൈം മിനിസ്റ്റേഴ്‌സ് ഡിസൈഡ് എന്നി പുസ്തകങ്ങളും ഒരു ലോക്കറ്റും സെല്ലിലേക്ക് കൊണ്ടുവരാന്‍ അരവിന്ദ് കെജ്രിവാളിന് അനുവാദമുണ്ടായിരുന്നു. വീട്ടില്‍ നിന്നുള്ള ഭക്ഷണവും അനുവദനീയമാണ്.

കെജ്രിവാളിന്റെ ഭാരം, രക്തസമ്മര്‍ദ്ദം, ഷുഗര്‍ എന്നിവ ദിവസം രണ്ടുനേരം മുതിര്‍ന്ന ഡോക്ടര്‍മാര്‍ പരിശോധിക്കുന്നുണ്ട്. ജയിലിലായ ശേഷം കെജ്രിവാളിന്റെ ഭാരം 4.5 കിലോ കുറഞ്ഞതായി ആം ആദ്മി പാര്‍ട്ടി ആരോപിച്ചിരുന്നു. എന്നാല്‍ ബിപി നോര്‍മലാണെന്നും, ഷുഗര്‍ കണ്ട്രോളിലാണന്നും ഭാരം 65 കിലോയില്‍ നിന്നും കുറഞ്ഞിട്ടില്ലെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു.

സെല്ലിന് പുറത്ത നടക്കാന്‍ പോകാന്‍ അനുവാദമുണ്ടെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ മറ്റ് ജയില്‍പ്പുള്ളികളോട് സംസാരിക്കാന്‍ കഴിയില്ല. കെജ്രിവാള്‍ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ മുറ്റത്തുനിന്നും സഹതടവുകാരെ നീക്കം ചെയ്യും. നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ എപ്പോഴും കെജ്രിവാളിനൊപ്പമുണ്ടാകും. സുരക്ഷാ ഉദ്യോഗസ്ഥരും കെജ്രിവാളും തമ്മില്‍ അടുപ്പമുണ്ടാകാതിരിക്കാന്‍ റൊട്ടേഷന്‍ അടിസ്ഥാനത്തിലാണ് ഇവരെ വിന്യസിക്കുന്നത്.

അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞിട്ടില്ല. എന്നാല്‍ ജയില്‍ രേഖകളോ കോടതിയുടെ നിര്‍ദ്ദേശപ്രകാരം കൊണ്ടുവരുന്ന രേഖകളോ അല്ലാതെ ഒരു ഫയലുകളും ജയിലില്‍ അനുവദനീയമല്ല. കെജ്രിവാള്‍ കാണമമെന്ന് ലിസ്റ്റ് ചെയ്തിട്ടുള്ള 10 പേര്‍ക്ക് മാത്രമാണ് അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ സാധിക്കുന്നത്. ആഴ്ചയില്‍ രണ്ട് വട്ടം രണ്ടു പേര്‍ക്ക് 30 മിനിറ്റുനേരം കെജ്രിവാളിനൊപ്പം ചെലവിടാം. എന്നാല്‍ കെജ്രിവാള്‍ തന്നെ സന്ദര്‍ശിക്കാന്‍ അഞ്ചുപേര്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്. ഭാര്യ സുനിത, മകന്‍ പുള്‍കിത്, മകള്‍ ഹര്‍ഷിത, പേഴ്‌സണല്‍ സെക്രട്ടറി, ആംആദ്മി നേതാവ് ദുര്‍ഗേഷ് പഥക് എന്നിവര്‍ക്കു മാത്രമാണ് കെജ്രിവാളിനെ കാണാന്‍ അനുവാദമുള്ളത്.

കെജ്രിവാളിനെ പാര്‍പ്പിച്ചിരിക്കുന്ന ജയില്‍ കോമ്പൗണ്ടില്‍ തന്നെയാണ് അധോലോക നായകന്‍ ഛോട്ടാ രാജന്‍, ഗുണ്ടാത്തലവന്‍ നീരജ് ബവാന തുടങ്ങിയവരും ഉള്ളത്. എന്നാല്‍ ഇവരെ ഹൈ റിസ്‌ക് സെല്‍ ബില്‍ഡിങ്ങില്‍ ആണ് പാര്‍പ്പിച്ചിരിക്കുന്നത് ഇവര്‍ക്ക് മറ്റ് തടവുകാരുമായി ഇടപഴകാന്‍ സാധിക്കില്ല.

Top