അമേരിക്ക നൽകിയ ആയുധങ്ങൾ ഉപയോഗിച്ച് റഷ്യയിൽ ദീർഘദൂര ആക്രമണങ്ങൾ നടത്തുന്നതിൽ യുക്രെയ്‌നു മേൽ ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കിയ ജോ ബൈഡന് എതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. ട്രംപ് അമേരിക്കയുടെ തലപ്പത്തേയ്ക്ക് എത്താൻ രണ്ട് മാസം ശേഷിക്കെയാണ് ബൈഡന്റെ ഈ പുതിയ നീക്കമെന്നത് വളരെ ശ്രദ്ധേയമാണ്. അതേസമയം, ബൈഡന് എതിരെ വിമർശനങ്ങൾ ഉയർന്നിട്ടും അമേരിക്കയുടെ ഇപ്പോഴത്തെ നിലപാടിനെക്കുറിച്ച് പ്രതികരിക്കാൻ വൈറ്റ് ഹൗസ് തയാറായിട്ടില്ല.
നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്തനായ സ്പേസ് എക്സ് സിഇഒ ഇലോൺ മസ്‌ക്, ഇപ്പോൾ പ്രസിഡന്റ് ജോ ബൈഡന്റെ തീരുമാനത്തെ വിലയിരുത്തി രംഗത്ത് വന്നിരിക്കുകയാണ്. ബൈഡന്റേത് കടുത്ത തീരുമാനമാണെന്നായിരുന്നു മസ്‌കിന്റെ പ്രതികരണം. ടെക്ക് ഭീമൻ ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ്, യുക്രേനിയൻ സൈന്യത്തിന് സ്റ്റാർലിങ്ക് ഇന്റർനെറ്റ് ടെർമിനലുകൾ നൽകിയിട്ടുണ്ടെങ്കിലും, യുദ്ധക്കളത്തിൽ റഷ്യൻ സേനയെ പരാജയപ്പെടുത്താൻ യുക്രെയിന് ആകില്ലെന്ന് മസ്‌ക് ആദ്യമേ അഭിപ്രായപ്പെട്ടിരുന്നു. സംഘർഷം ചർച്ചകളിലൂടെ പരിഹരിക്കപ്പെടണമെന്ന വാദഗതിക്കാരനാണ് മസ്‌ക്. യുദ്ധം വേഗത്തിൽ അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്ത ഡൊണാൾഡ് ട്രംപിനെ മസ്‌ക് വലിയ തോതിൽ പിന്തുണയ്ക്കുകയും ചെയ്തു. ട്രംപിന്റെ വിജയത്തോടെ മസ്‌ക് അടുത്ത ഉപദേശകരിൽ ഒരാളാകുകയും ചെയ്തു.
Also Read: ആണവ പദ്ധതിക്ക് എതിരെ നിന്നാല്‍ കനത്ത വില നല്‍കേണ്ടിവരും; ഇറാന്റെ മുന്നറിയിപ്പ്
അതേസമയം, അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള ട്രംപിന്റെ വരവ് ഒരു പോസിറ്റീവ് ആയിട്ടാണ് പല രാഷ്ട്രത്തലവൻമാരും കാണുന്നത്. ലോകം ഇപ്പോൾ രണ്ട് യുദ്ധങ്ങളെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. പ്രബല രാഷ്ട്രങ്ങളായ റഷ്യ-യുക്രെയ്ൻ, ഇറാൻ-ഇസ്രയേൽ തമ്മിലുള്ള യുദ്ധങ്ങളും സംഘർഷങ്ങളും ആരംഭിച്ചിട്ട് നാളുകളേറെയായി. നാല് രാഷ്ട്രങ്ങളിലെ യുദ്ധക്കെടുതി അതിഭീകരമാണ്. അനേകായിരം ജനങ്ങൾ മരണത്തിന് കീഴടങ്ങി. പരിക്കേറ്റവരുടെ കണക്ക് അതിലും ഏറെയാണ്. ഇത്രയൊക്കെയായിട്ടും യുദ്ധങ്ങളും സംഘർഷങ്ങളും അവസാനിപ്പിക്കാൻ ബൈഡന്റെ നേതൃത്വത്തിലുള്ള അമേരിക്കൻ ഭരണകൂടത്തിന് ഇതുവരെ കഴിഞ്ഞതുമില്ല. യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള നടപടികളാണ് ബൈഡൻ ഭരണകൂടം ചെയ്തുവന്നിരിക്കുന്നത്. യുക്രെയ്‌നിനും, ഇസ്രയേലിനും അത്യാധുനിക സൈനിക ആയുധങ്ങളും സാമ്പത്തിക സഹായങ്ങളും അമേരിക്ക നല്ലതുപോലെ നൽകി വന്നു. ഇത് സ്വന്തം രാജ്യത്ത് തന്നെ ബൈഡൻ ഭരണകൂടത്തിനെതിരെയുള്ള അതൃപ്തിക്ക് കാരണമായിരുന്നു. ഇതിന് പുറമെയാണ് ഇപ്പോൾ ലോകത്തെ ഞെട്ടിച്ച് അമേരിക്കയുടെ പുതിയ തീരുമാനം പുറത്തുവന്നിരിക്കുന്നത്. ആർമി ടാക്റ്റിക്കൽ മിസൈൽ സിസ്റ്റംസ് ഉപയോഗിച്ച് റഷ്യയുടെ കുർസ്‌ക് മേഖലയിൽ യുക്രെയ്ന് ആക്രമണം നടത്താനുള്ള അധികാരമാണ് ബൈഡൻ നൽകിയത്.
ബൈഡന്റെ ഈ തലതിരിഞ്ഞ തീരുമാനം സംഘർഷം കൂടുതൽ സങ്കീർണമാകും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. കഴിഞ്ഞ ഏപ്രിൽ മുതൽ യുക്രെയ്ൻ ATACMS മിസൈലുകൾ കൈവശം വച്ചിട്ടുണ്ടെങ്കിലും, അന്താരാഷ്ട്ര അംഗീകാരമുള്ള റഷ്യൻ പ്രദേശത്ത് അവ ഉപയോഗിക്കാൻ അമേരിക്ക യുക്രെയ്‌ന് അനുമതി നൽകിയിരുന്നില്ല.യുക്രെയ്ൻ യുദ്ധമുഖത്ത് റഷ്യയ്‌ക്കൊപ്പം ഉത്തര കൊറിയൻ സൈനികരെ വിന്യസിച്ച നീക്കത്തിനു പിന്നാലെയാണ് യുക്രെയ്‌ന് സഹായകരമായ അമേരിക്കയുടെ നീക്കം എന്നത് ശ്രദ്ധേയമാണ്.
Also Read: യുക്രെയിന് അമേരിക്ക നല്‍കിയ സഹായം; കണക്കുകള്‍ കേട്ട് കണ്ണുതള്ളി ലോകരാജ്യങ്ങള്‍
അതേസമയം, റഷ്യൻ പ്രദേശത്തേക്ക് ആഴത്തിൽ ആക്രമണം നടത്താൻ യുക്രെയ്നിന് ജോ ബൈഡൻ അനുമതി നൽകിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ഡെമോക്രാറ്റുകൾക്കെതിരെ ആഞ്ഞടിച്ച് അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപിന്റെ മൂത്ത മകൻ ഡൊണാൾഡ് ട്രംപ് ജൂനിയർ രംഗത്തുവന്നു.
‘എന്റെ പിതാവിന് സമാധാനം സൃഷ്ടിക്കാനും ജീവൻ രക്ഷിക്കാനും അവസരം ലഭിക്കുന്നതിന് മുമ്പ് അവർ മൂന്നാം ലോകമഹായുദ്ധം നടക്കണമെന്നാണ് ആഗ്രിക്കുന്നതെന്ന് ട്രംപ് ജൂനിയർ പറയുന്നു. റഷ്യയുടെ പ്രത്യാക്രമണത്തെ ഭയന്ന് യുക്രെയ്ൻ ATACMS മിസൈലുകളുടെ ഉപയോഗം ബൈഡൻ ഭരണകൂടം മുമ്പ് നിയന്ത്രിച്ചിരുന്നു. എന്നാൽ അധികാരം ഒഴിയാൻ ഏതാനും നാളുകൾ മാത്രമുള്ളപ്പോഴാണ് ബൈഡന്റെ യുദ്ധക്കൊതി ഇപ്പോൾ വെളിച്ചത്തുവന്നിരിക്കുന്നത്. യുക്രെയ്ൻ ഇങ്ങനെ ഒരു ആക്രമണം നടത്തിയാൽ ആണവായുധങ്ങളുടെ കാര്യത്തിൽ നമ്പർ വണ്ണായ റഷ്യ കൈയും കെട്ടി നോക്കിയിരിക്കില്ലെന്ന് അമേരിക്കയ്ക്ക് അറിയാം. റഷ്യ പ്രത്യാക്രമണം അഴിച്ചുവിട്ടാൽ യുദ്ധം കടുക്കുമെന്നും ട്രംപ് അധികാരത്തിലെത്തിയാൽ യുദ്ധം പെട്ടെന്ന് തീർക്കാനാകില്ലെന്നും ബൈഡൻ കണക്ക്കൂട്ടുന്നു.
Also Read: മസ്‌കുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല; മലക്കം മറിഞ്ഞ് ഇറാന്‍
ബൈഡൻ അധികാരത്തിൽ നിന്നിറങ്ങുന്നത് ട്രംപിന് വലിയ കെണിവെച്ചിട്ടാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, ജനുവരി 20 ന് ട്രംപ് അധികാരമേറ്റെടുക്കുന്നതിന് മുമ്പ് യുക്രെയ്‌നിന്റെ സൈനിക ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള അവസാന ശ്രമമായാണ് ബൈഡന്റെ ഈ തലതിരിഞ്ഞ നയം എന്നും നോക്കിക്കാണുന്നവരുണ്ട്.