CMDRF

സംസ്ഥാനത്ത് ചൂട് തുടരുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് തുടരുമെന്ന് മുന്നറിയിപ്പ്
സംസ്ഥാനത്ത് ചൂട് തുടരുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുമെന്ന് മുന്നറിയിപ്പ്. മെയ് രണ്ടാം വാരം വരെ ചൂട് തുടരുമെന്നാണ് മുന്നറിയിപ്പ്. അത്യുഷ്ണം അനുഭവപ്പെടുന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യ വകുപ്പും അറിയിച്ചു. മൂന്ന് ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരും. പാലക്കാട്, തൃശൂര്‍, കൊല്ലം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രത്യേക താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചത്.

ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത്‌ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. നേരിട്ട് വെയില്‍ ഏല്‍ക്കരുത്. നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ധാരാളം വെള്ളം കുടിക്കണം. ശാരീരിക ബുദ്ധിമുട്ടുകളുണ്ടായാല്‍ ചികിത്സ തേടേണ്ടതാണെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്. വേനല്‍ പ്രതിരോധ ജാഗ്രത നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. പൊതുജനങ്ങളും ഭരണ – ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏല്‍ക്കാന്‍ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം. താഴെ പറയുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അഭ്യര്‍ത്ഥിക്കുന്നു.

തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. പാലക്കാട് 41 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇതിനൊപ്പം ഇടുക്കി വയനാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Top