ഡി.ജി.പിയെ പുകച്ച് പുറത്താക്കാൻ, പരാതിക്കാരനെയും ആയുധമാക്കിയോ ? അണിയറയിൽ നടന്നത് അസ്വാഭാവിക നിക്കങ്ങൾ !

ഡി.ജി.പിയെ പുകച്ച് പുറത്താക്കാൻ, പരാതിക്കാരനെയും ആയുധമാക്കിയോ ? അണിയറയിൽ നടന്നത് അസ്വാഭാവിക നിക്കങ്ങൾ !

സംസ്ഥാന പൊലീസ് മേധാവി ഷെയ്ക്ക് ദർവേഷ് സാഹിബിൻ്റെ ഭാര്യയുടെ പേരിലുള്ള ഭൂമി ക്രയവിക്രയം ചെയ്യുന്നത് സംബന്ധമായ വിവാദങ്ങൾക്ക് പിന്നിൽ, ചില ‘അദൃശകേന്ദ്രങ്ങൾ’ ബോധപൂർവ്വം പ്രവർത്തിച്ചതായ സംശയം ബലപ്പെടുന്നു.

ഡി.ജി.പിക്ക് എതിരെ ഉയർന്ന പരാതിയും അത് പിന്നീട് വലിയ വാർത്തയായി പൊലീസ് സേനയെ തന്നെ നാണം കൊടുത്തുന്ന രൂപത്തിൽ കലാശിച്ചതിനെയും ഗൗരവമായാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സർക്കാറും നോക്കി കാണുന്നത്. ഡി.ജി.പിക്ക് എതിരെ ഇത്തരം ഒരു പരാതിയുമായി മുന്നോട്ട് പോകാൻ, പരാതിക്കാരനിൽ ഏതെങ്കിലും തരത്തിലുള്ള ബാഹ്യ പ്രേരണ ഉണ്ടായിട്ടുണ്ടാ എന്ന സംശയം മന്ത്രിമാർക്കിടയിൽ വരെയുണ്ട്.

ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി തസ്തികയിൽ ഒരുവർഷം പൂർത്തിയാക്കാനിരിക്കെ, ഷെയ്ക്ക് ദർവേസ് സാഹിബിൻ്റെ കാലാവധി ഏതാനും ദിവസങ്ങൾക്ക് മുൻപാണ് സർക്കാർ നീട്ടി നൽകിയിരുന്നത്.

സംസ്ഥാന പൊലീസ് മേധാവിയെ നിയമിക്കാനുള്ള മൂന്നംഗ ചുരുക്കപ്പട്ടികയിൽ ജയിൽ ഡിജിപി കെ. പത്മകുമാർ ആയിരുന്നു ഒന്നാമതെങ്കിലും, രണ്ടാം നമ്പറുകാരനായ ഷെയ്ഖ് ദർവേഷ് സാഹിബിനെയാണ് സർക്കാർ നിയമിച്ചിരുന്നത്. പത്മകുമാറിന് എതിരെ മുൻപ് ഉയർന്ന ആരോപണങ്ങളും കോൺഗ്രസ്സ് നേതാക്കളുമായുള്ള അടുപ്പവുമാണ് അദ്ദേഹത്തിന് വിനയായിരുന്നത്.

ക്രമസമാധാന ചുമതലയുള്ള ഡി.ജി.പിക്ക് ചുരുങ്ങിയത് രണ്ട് വർഷക്കാലം കാലാവധി അനുവദിക്കണമെന്ന മാർഗ്ഗ നിർദ്ദേശമുള്ളതിനാലാണ്, ഇപ്പോൾ വീണ്ടും ദർവേഷ് സാഹിബിന് കാലാവധി നീട്ടി നൽകിയിരിക്കുന്നത്. ജയിൽ മേധാവി കെ പത്മകുമാറിനും വിരമിക്കാൻ ഇനി ഒരു വർഷം കാലാവധിയുണ്ട്. ഏതെങ്കിലും സാഹചര്യത്തിൽ ഷെയ്ഖ് ദർവേഷ് സാഹിബ് മാറുന്ന സാഹചര്യമുണ്ടായാൽ, പത്മകുമാറിനെ ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി സ്ഥാനത്തേക്ക് പരിഗണിക്കുകയാണെങ്കിൽ, അദ്ദേഹത്തിനും പിന്നീട് ഇതുപോലെ ഒരുവർഷം കൂടി അധികം സർവ്വീസ് കാലയളവ് ലഭിക്കും. ഇതാണ് നിലവിലെ അവസ്ഥ.

സേനയിൽ ഇന്നുവരെ ഒരു അഴിമതി ആരോപണവും കേൾപ്പിക്കാത്ത ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ഷെയ്ക്ക് ദർവേസ് സാഹിബ്. അദ്ദേഹത്തിൻ്റെ ഈ സത്യസന്ധതയാണ് സംസഥാന പൊലീസ് മേധാവിയാക്കാൻ പിണറായി സർക്കാറിനെ പ്രേരിപ്പിച്ചിരുന്നത്. അതു കൊണ്ടു തന്നെ ഇപ്പോഴത്തെ വിവാദങ്ങൾ സർക്കാറിനും അപ്രതീക്ഷിതമാണ്.

അതേസമയം, ഷെയ്ക്ക് ദർവേസ് സാഹിബിൻ്റെ പദവി തെറുപ്പിക്കാൻ അണിയറയിൽ നടന്ന ഏതെങ്കിലും തരത്തിലുള്ള നീക്കത്തിൻ്റെ ഭാഗമായാണോ പരാതിക്കാരൻ കോടതിയിൽ പോകാനും, പിന്നീട് മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിക്കാനും ഇടയാക്കിയതെന്ന ഗൗരവ ചോദ്യമാണ് പൊലീസ് സേനയ്ക്ക് അകത്തും ഇപ്പോൾ വ്യാപകമായി ഉയർന്നിരിക്കുന്നത്. ഡി.ജി.പിക്കും ഭാര്യയ്ക്കും പരാതിക്കാരൻ രജിസ്ട്രേഡ് നോട്ടീസ് അയച്ചപ്പോൾ, പണം നൽകാൻ സാധ്യമല്ലന്ന മറുപടി അഭിഭാഷകൻ വഴി നൽകുന്നതിനു പകരം, വാങ്ങിയ പണം മടക്കി നൽകി , വസ്തു സംബന്ധമായ ഇടപാടിൽ നിന്നും ഡി.ജി.പി പിൻമാറുകയായിരുന്നു വേണ്ടതെന്ന അഭിപ്രായവും പൊലീസ് സേനയ്ക്ക് അകത്തുണ്ട്. യാഥാർത്ഥ്യം എന്തു തന്നെ ആയാലും നിലവിലെ കരാർ പ്രകാരം, പരാതിക്കാരൻ നടപടിയുമായി മുന്നോട്ട് പോയാൽ കോടതി ഇടപെടൽ ഉണ്ടാകുമെന്നും, അത് വിവാദമാകുമെന്നുമുള്ള തിരിച്ചറിവ് ഡി.ജി.പിയ്ക്ക് ഉണ്ടാകണമായിരുന്നു എന്നാണ്, സി.പി.എം നേതാക്കളും ചൂണ്ടിക്കാട്ടുന്നത്. ഒഴിവാക്കാമായിരുന്ന വിവാദമാണ് വരുത്തി വച്ചതെന്ന അഭിപ്രായമാണ് സി.പി.എം നേതൃത്വത്തിനുള്ളത്.

ഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബിൻ്റെ ഭാര്യയുടെ പേരിൽ നെട്ടയത്തുള്ള 10 സെൻ്റ് ഭൂമി തിരുവനന്തപുരം അഡീഷണൽ കോടതി ജപ്തി ചെയ്തതോടെയാണ്, ഇപ്പോഴത്തെ വിവാദങ്ങളും പൊട്ടി പുറപ്പെട്ടിരിക്കുന്നത്. വായ്പ ബാധ്യതയുള്ള ഭൂമി വിൽക്കാനായി വില കരാർ ഉണ്ടാക്കിയെന്ന തിരുവനന്തപുരം സ്വദേശി ഉമർ ഷെരീഫിൻ്റെ പരാതിയിലാണ് കോടതിയുടെ ഈ ഉത്തരവ് ഉണ്ടായിരിക്കുന്നത്. അഡ്വാൻസ് വാങ്ങിയ 30 ലക്ഷം രൂപയും തിരിച്ചു നൽകിയില്ലെന്നും ഡിജിപിയും ഭാര്യയും ചേർന്നാണ് പണം വാങ്ങിയതെന്നുമാണ് ഹർജിക്കാരൻ ആരോപിച്ചിരുന്നത്.

എന്നാൽ, തൻ്റെ ഭാര്യയുടെ പേരിലുള്ള ഭൂമി ഇടപാടിൽ നിന്ന് ഒരു പിൻവാങ്ങലും നടന്നിട്ടില്ലെന്നാണ് ഡിജിപി ഷെയ്ഖ് ദർവേസ് സാഹിബ് മാധ്യമങ്ങളോട്പ്രതികരിച്ചിരിക്കുന്നത്. കൃത്യമായ കാരാറോടെയാണ് ഭൂമി വിൽപ്പനയിൽ ഏർപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അഡ്വാൻസ് പണം തന്ന ശേഷം കരാറുകാരൻ ഭൂമിയിൽ മതിൽ കെട്ടിയെന്നും. മൂന്നു മാസം കഴിഞ്ഞിട്ടും പണം നൽകാതെ അഡ്വാൻസ് തിരികെ ചോദിക്കുകയാണ് ഉണ്ടായതെന്നുമാണ് ഡി.ജി.പി പറയുന്നത്. ഭൂമി വിറ്റിട്ട് പണം നൽകാമെന്ന് അറിയിച്ചുവെന്നും ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്.

ഭൂമിക്ക് വായ്പ ഉണ്ടായിരുന്ന കാര്യം മുൻകൂട്ടി ഉമർ ഷെരീഫിനെ അറിയിച്ചിരുന്നു എന്നും, മുഴുവൻ പണവും നൽകിയ ശേഷം പ്രമാണം എടുത്തു നൽകാമെന്ന ധാരണയുണ്ടായ കാര്യവും ഡി.ജി.പി എടുത്ത് പറയുന്നുണ്ട്. ഭൂമിയിലുള്ള ബാധ്യത തീർക്കാനാണ് ഡി.ജി.പി ബാക്കിയുള്ള പണം ആവശ്യപ്പെട്ടത് എന്നത് , പരാതിക്കാരൻ്റെ വാക്കുകളിൽ നിന്നു തന്നെ ഇപ്പോൾ വ്യക്തമായിട്ടുമുണ്ട്.

ഈ ഇടപാടിൽ തനിക്കാണ് നഷ്ടം സംഭവിച്ചതെന്നും നിയമപരമായി മുന്നോട്ടു പോകുമെന്നുമുള്ള നിലപാടിലാണ് ഡിജിപി ഷെയ്ക്ക് ദർവേഷ് സാഹിബ് ഇപ്പോഴും ഉറച്ചു നിൽക്കുന്നത്.

വസ്തു ഇടപാടുകളിൽ ഇത്തരം കാര്യങ്ങൾ പതിവുള്ള കാര്യമാണെങ്കിലും, മറുവശത്ത് സംസ്ഥാന പൊലീസ് മേധാവി ആയതാണ് ഈ വിഷയം ഇത്രയും വിവാദമാകാൻ ഇപ്പോൾ കാരണമായിരിക്കുന്നത്.

റിപ്പോർട്ട് : എം വിനോദ്

Top