CMDRF

നീലഗിരിയെ കാക്കുന്ന തമിഴ്നാടിനെ കണ്ട് പഠിക്കണം; കുന്നിടിച്ചും മല തുരന്നും ജനങ്ങളെ മരണത്തിനെറിഞ്ഞ് കൊടുക്കരുത്

നീലഗിരിയെ കാക്കുന്ന തമിഴ്നാടിനെ കണ്ട് പഠിക്കണം; കുന്നിടിച്ചും മല തുരന്നും ജനങ്ങളെ മരണത്തിനെറിഞ്ഞ് കൊടുക്കരുത്
നീലഗിരിയെ കാക്കുന്ന തമിഴ്നാടിനെ കണ്ട് പഠിക്കണം; കുന്നിടിച്ചും മല തുരന്നും ജനങ്ങളെ മരണത്തിനെറിഞ്ഞ് കൊടുക്കരുത്

കുന്നിടിച്ചും മല തുരന്നും ഉരുള്‍പൊട്ടല്‍ ദുരന്തം ക്ഷണിച്ചുവരുത്തി ഇനിയും ജനങ്ങളെ മരണത്തിന് എറിഞ്ഞ് കൊടുക്കരുത്. നീലഗിരിയെ കാക്കുന്ന തമിഴ്നാടിനെ കണ്ട് പഠിക്കണം. യുനസ്‌കോ അംഗീകരിച്ച അന്താരാഷ്ട്ര ജൈവവൈവിധ്യ മണ്ഡലമായ നീലഗിരി ബയോസ്ഫിയറിന്റെ ഭാഗമാണ് തമിഴ്നാട്ടിലെ നീലഗിരി ജില്ലയും കേരളത്തിലെ വയനാടും നിലമ്പൂരും. കുന്നിടിച്ചും മരംമുറിച്ചും നിയന്ത്രണമില്ലാതെ കൂറ്റന്‍ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചും ക്വാറികള്‍ അനുവദിച്ചും വയനാട്ടില്‍ നമ്മള്‍ ഉരുള്‍പൊട്ടല്‍ ദുരന്തം ക്ഷണിച്ചുവരുത്തി ജനങ്ങളെ മരണത്തിന് എറിഞ്ഞ് കൊടുക്കുമ്പോള്‍ കെട്ടിടനിര്‍മ്മാണത്തിലും ഖനനത്തിലും നിയന്ത്രണം കൊണ്ടുവന്ന് പരിസ്ഥിതിയെ സംരക്ഷിച്ച് പ്രകൃതി ദുരന്തങ്ങളെ തടയുന്ന നീലഗിരിയിലെ തമിഴ്നാട് മാതൃകയാണ് ശ്രദ്ധേയമാകുന്നത്.

പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ തമിഴ്നാട്ടിലെ നീലഗിരി അടക്കമുള്ള പ്രദേശങ്ങളും കര്‍ണാടകയിലെ കുടക് ജില്ലയുടെയും ബന്ദിപ്പൂരിന്റെയും ഭാഗങ്ങളും കേരളത്തിലെ വയനാട്, നിലമ്പൂര്‍ മേഖലയും ചേര്‍ന്നതാണ് നീലഗിരി ബയോസ്ഫിയര്‍. 5,520 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ച് കിടക്കുന്ന ഈ മേഖല അപൂര്‍വ്വ ജൈവ വൈവിധ്യങ്ങളുടെ കലവറ കൂടിയാണ്. യുനെസ്‌കോയുടെ മനുഷ്യനും ജൈവ വൈവിധ്യവും എന്ന പദ്ധതിയില്‍ ഇന്ത്യയില്‍ ആദ്യത്തേതാണ് നീലഗിരി ബയോസ്ഫിയര്‍.

വയനാടിനെ അപേക്ഷിച്ച് ദുര്‍ബലമായ മണ്ണാണ് നീലഗിരിയിലേത്. വലിയ മലനിരകളും ബലമില്ലാത്ത മണ്ണുമുള്ള നീലഗിരിയില്‍ ഉരുള്‍പൊട്ടല്‍ സാധ്യത വയനാടിനേക്കാള്‍ ഏറെയാണ്. 2000 ത്തില്‍ യുനസ്‌ക്കോയുടെ നീലഗിരി ബയോസ്ഫിയര്‍ പ്രഖ്യാപനത്തോടെ തമിഴ്നാട് സര്‍ക്കാര്‍ നീലഗിരിയിലും കൊടൈക്കനാലിലും ഖനനത്തിന് നിരോധനം ഏര്‍പ്പെടുത്തുകയും കെട്ടിടനിര്‍മ്മാണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി പരിസ്ഥിതി സൗഹൃദ വികസനനയം കൊണ്ടുവരികയായിരുന്നു. മരംമുറിക്കുന്നതിനും കുന്നും മലകളും ഇടിച്ചുള്ള കെട്ടിട നിര്‍മ്മാണത്തിനും നിയന്ത്രണം കൊണ്ടുവന്നു. തോട്ടഭൂമികളില്‍ കൃഷിയല്ലാതെ ഭൂമി മുറിച്ച് വില്‍പന നടത്തിയും തരംമാറ്റി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനുമെതിരെ നിയമംമൂലം നിയന്ത്രണം കൊണ്ടുവന്നു. ക്വാറിയുടെ പ്രവര്‍ത്തനം തടഞ്ഞു. പരിസ്ഥിതി ലോല മേഖലകളില്‍ ക്വാറിക്ക് നിരോധനം ഏര്‍പ്പെടുത്തി.

നീലഗിരി ഡിസ്ട്രിക്ട് ഡവലപ്മെന്റ് പ്ലാന്‍ പ്രകാരം തമിഴ്നാട് സര്‍ക്കാര്‍ ഭൂവിനിയോഗത്തിനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണം കൊണ്ടുവന്നു. തമിഴ്നാട് ഹില്‍ സ്റ്റേഷന്‍സ് (പ്രിസര്‍വേഷന്‍ ആന്റ് പ്രൊട്ടക്ഷന്‍ ആക്ട് 2002) അനുസരിച്ച് നീലഗിരിയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. നീലഗിരി ബയോസ്ഫിയര്‍ റിസര്‍വിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കി. ഇതിനു പുറമെ ഭൂവിനിയോഗത്തിലും കെട്ടിടനിര്‍മ്മാണത്തിലും കാലാകാലങ്ങളായി നീലഗിരി ജില്ലാ കളക്ടര്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരികയും ചെയ്തു. ഈ നിയന്ത്രണങ്ങളും മുന്‍കരുതലുകളും പരിസ്ഥിതി ലോല മേഖലയായ നീലഗിരിയില്‍ ഉരുള്‍പൊട്ടലും മരണനിരക്കും കുറയാനുള്ള സാഹചര്യമാണുണ്ടാക്കിയത്. നീലഗിരിയില്‍ തമിഴ്നാട് സര്‍ക്കാര്‍ ക്വാറികള്‍ അടച്ചുപൂട്ടിയപ്പോള്‍ അവിടേക്കുള്ള കല്ലും മണ്ണും വരെ കൊണ്ടുപോയത് വയനാട്ടില്‍ നിന്നും നിലമ്പൂര്‍ മേഖലയില്‍ നിന്നുമാണ്. നീലഗിരി ബയോസ്ഫിയറിന്റെ ഭാഗമായിട്ടും കെട്ടിടനിര്‍മ്മാണത്തിലും ക്വാറികളുടെ കാര്യത്തിലും ഒരു നിയന്ത്രണവും വയനാടിലും നിലമ്പൂരിലുമുണ്ടായില്ല.

നീലഗിരിയില്‍ പുതിയ നിര്‍മ്മാണങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവന്നപ്പോള്‍ വയനാടില്‍ മനുഷ്യര്‍ എത്താത്ത മലനിരകള്‍ പോലും ടൂറിസം ലോബിക്ക് റിസോര്‍ട്ട് നിര്‍മ്മിക്കാനായി വിട്ടുകൊടുക്കുകയായിരുന്നു. ഭൂപരിഷ്‌ക്കരണ നിയമത്തില്‍ ഇളവുനേടിയ തോട്ടഭൂമികള്‍ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചാല്‍ സര്‍ക്കാരിന് തിരിച്ചെടുക്കാമെന്ന നിയമത്തില്‍ ഇളവുവരുത്തി തോട്ടഭൂമിയുടെ 5 ശതമാനം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന് മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നിരുന്നു. ഇതിന്റെ മറവിലാണ് തോട്ടഭൂമികളില്‍ കൂണുകള്‍പോലെ റിസോര്‍ട്ടുകളും ഹോം സ്റ്റേകളും മുളച്ച് പൊന്തിയത്. താമസത്തിനും കൃഷിക്കുമായി പതിച്ചു നല്‍കിയ ഭൂമി ഇതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന ഭൂപതിവ് ചട്ടം ഈ സര്‍ക്കാരാണ് ഭേദഗതി ചെയ്തത്. ഇതിലൂടെ തോട്ടഭൂമികളിലും കൃഷി ഭൂമികളിലും റിസോര്‍ട്ടുകള്‍ക്ക് പുറമെ ക്വാറികളും വന്‍കിട സ്ഥാപനങ്ങളും വരാനുള്ള സാഹചര്യമാണ് ഒരുങ്ങിയിരിക്കുന്നത്. വയനാട്ടില്‍ മരംമുറിച്ചും മണ്ണിടിച്ചും നാലായിരത്തോളം റിസോര്‍ട്ടുകളും ഹോം സ്റ്റേകളുമാണ് പണിതിട്ടുള്ളത്. പരിസ്ഥിതി ലോലമായ എല്ലാ മലമടക്കുകളിലും റിസോര്‍ട്ടുകള്‍ ഉയര്‍ന്നുകഴിഞ്ഞു.

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന വെള്ളരി മലയുടെ താഴ്വാരത്തടക്കം നീലഗിരി ബയോസ്ഫിയറിന്റെ ഭാഗമായ കാമല്‍ ഹമ്പ് മൗണ്ട്യന്‍സില്‍ (ഒട്ടകക്കൂന മലനിരകളില്‍) ആയിരത്തിലേറെ റിസോര്‍ട്ടുകളും ഹോം സ്റ്റേകളുമാണുള്ളത്. വയനാട്ടിലേക്കുള്ള പ്രവേശനകവാടമായ വൈത്തിരി മുതല്‍ തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ നാടുകാണി വരെ വ്യാപിച്ച് കിടക്കുന്ന ബ്രിട്ടീഷുകാര്‍ വിളിച്ച കാമല്‍ ഹമ്പ് മൗണ്ട്യന്‍സ് എന്ന 2000 മീറ്റര്‍ വരെ ഉയരമുള്ള മലനിരകളിലെ അതീവ പരിസ്ഥിതി ലോല മേഖലയിലാണ് ഈ റിസോര്‍ട്ടുകള്‍. വൈത്തിരി, മേപ്പാടി, മുപ്പൈനാട് എന്നീ പഞ്ചായത്തുകളിലും തമിഴ്നാട്ടിലെ നാടുകാണിയിലുമായിട്ടാണ് ഈ മലനിര വ്യാപിച്ച് കിടക്കുന്നത്.

റിസോര്‍ട്ടുകളുടെ ഭാഗമായി മലമുകളില്‍ മരംമുറിച്ചും മണ്ണിടിച്ചും നടത്തുന്ന നിര്‍മ്മാണങ്ങളും തടയണകെട്ടലും അടക്കമാണ് സോയില്‍പൈപ്പിങിനും ഉരുള്‍പൊട്ടലിനും ഇടയാക്കുന്നത്. ഈ മലനിരകളിലെ വെള്ളരിമല, ചെമ്പ്ര മല, തൊള്ളായിരം കണ്ടി മല, അരുണമല എന്നിവിടങ്ങളിലായി ചെങ്കുത്തായ മലനിരകള്‍ ഇടിച്ച് യാതൊരു നിയന്ത്രണവുമില്ലാതെയാണ് കുന്നിന്‍മുകളില്‍ റിസോര്‍ട്ടുകള്‍ വരുന്നത്. കാട്ടരുവിയിലെ നീരൊഴുക്ക് തടഞ്ഞ് തടയണകെട്ടിയാണ് ഇവര്‍ നീന്തല്‍ക്കുളത്തിലേക്കുള്ള വെള്ളം വരെ സംഭരിക്കുന്നത്. മരംമുറിച്ചും തടയണകെട്ടിയും ഭൂപ്രകൃതിയില്‍ മാറ്റംവരുത്തിയുമുള്ള നിര്‍മ്മാണങ്ങള്‍ മേല്‍മണ്ണ് ഇളകി കനത്ത മഴയില്‍ ഉരുള്‍പൊട്ടലിന് ഇടയാക്കുമെന്ന് വിദഗ്ധരും അഭിപ്രായപ്പെടുന്നു.

കാമല്‍ ഹമ്പ് മൗണ്ട്യന്‍സും ഈ മലവാരത്തെ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല, നൂല്‍പ്പുഴ, മേപ്പാടി എന്നീ സ്ഥലങ്ങളൊക്കെ ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ അതീവ പരിസ്ഥിതി ലോല പ്രദേശമായി അടയാളപ്പെടുത്തിയിട്ടുള്ളതാണ്. വയനാട് ജില്ലയില്‍ നാലായിരത്തോളം റിസോര്‍ട്ടുകളും ഹോം സ്റ്റേകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ടൂറിസം ഡയറക്ടര്‍ അനുമതി നല്‍കിയിട്ടുള്ളത് കേവലം 22 ഹോം സ്റ്റേകള്‍ക്കും. 9 സര്‍വീസ്ഡ് അപ്പാര്‍ട്ട്മെന്റുകള്‍ക്കുമാണ്. റിസോര്‍ട്ടുകള്‍ക്കും ഹോം സ്റ്റേകള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസന്‍സടക്കമുള്ളവ ആവശ്യമുണ്ട്. എന്നാല്‍ ഇവയൊന്നുമില്ലാതെയാണ് അനധികൃത റിസോര്‍ട്ടുകള്‍ അനുദിനം പെരുകിക്കൊണ്ടിരിക്കുന്നത്. വയനാട് ജില്ലയിലെ റിസോര്‍ട്ടുകളെക്കുറിച്ച് യാതൊരു കണക്കും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും ടൂറിസം വകുപ്പിന്റെയും പക്കലില്ല.

കേശവേന്ദ്രകുമാര്‍ വയനാട് കളക്ടറായിരിക്കെ 2015 ല്‍ വയനാട്ടിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ദുരന്തനിവാരണ നിയമപ്രകാരം നിയന്ത്രണം കൊണ്ടുവന്നിരുന്നു. സുല്‍ത്താന്‍ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ എന്നീ നഗരസഭകളില്‍ പരമാവധി അഞ്ച് നിലവരെയുള്ള കെട്ടിടങ്ങള്‍ക്കും പഞ്ചായത്തുകളില്‍ മൂന്ന് നിലകെട്ടിടങ്ങള്‍ക്കുമാണ് അനുമതി നല്‍കിയിരുന്നത്. വൈത്തിരി പഞ്ചായത്തി രണ്ട് നില കെട്ടിടങ്ങള്‍ക്ക് മാത്രമേ അനുമതി നല്‍കുകയുള്ളൂവെന്നും കളക്ടര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഈ നിയന്ത്രണങ്ങളെല്ലാം ലംഘിച്ച് വന്‍കിട കെട്ടിടങ്ങളാണ് വയനാട്ടില്‍ ഉയരുന്നത്. ഉരുള്‍പൊട്ടല്‍ ദുരന്തങ്ങളെതുടര്‍ന്നുണ്ടാക്കിയ കെട്ടിട നിര്‍മ്മാണ നിയന്ത്രണങ്ങള്‍ പാലിക്കാത്തതും ഭീഷണിയാണ്.

നീലഗിരിയിലെ പരിസ്ഥിതിയും ജനങ്ങളുടെ ജീവനും കാക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ കാണിക്കുന്ന ജാഗ്രത വയനാട്ടിലെ ജനങ്ങളുടെ കാര്യത്തില്‍ കേരളവും കാണിക്കണം. പ്രകൃതിയും ജനങ്ങളുടെ ജീവനും സംരക്ഷിക്കുന്ന വികസന കാഴ്ചപ്പാടിലേക്ക് മാറാതെ മരംമുറിക്കലും കുന്നിടിക്കലും മലതുരക്കലും തുടര്‍ന്നാല്‍ കേരളത്തെ കാത്തിരിക്കുന്നത് മുണ്ടക്കൈയേക്കാള്‍ വലിയ ദുരന്തങ്ങളായിരിക്കും. മുണ്ടക്കൈയിലും കവളപ്പാറയിലും പുത്തുമലയിലും പെട്ടിമുടിയിലും മണ്ണിനടിയിലായവരുടെ നിലവിളിയും അവരുടെ ഉറ്റവരുടെ വിലാപങ്ങളും ഇനിയെങ്കിലും അധികാരികളുടെ കണ്ണ് തുറപ്പിക്കണം.

റിപ്പോർട്ട് ; എം.വിനോദ്

Top