ചന്ദ്രനില്‍ തന്മാത്രാ രൂപത്തില്‍ ജലം

ചന്ദ്രനില്‍ തന്മാത്രാ രൂപത്തില്‍ ജലം
ചന്ദ്രനില്‍ തന്മാത്രാ രൂപത്തില്‍ ജലം

ന്ദ്രനില്‍ തന്മാത്രാ രൂപത്തിലുള്ള ജലം ഉണ്ടെന്ന കണ്ടെത്തലുമായി ചൈന, ഭൗതിക തെളിവുകളോടെ ഇപ്പോള്‍ കണ്ടെത്തിയിരിക്കുകയാണ്. ചന്ദ്രനില്‍ നിന്ന് ചൈനയുടെ ചാങ്ഇ-5 പേടകം ശേഖരിച്ച മണ്ണ് വിശകലനം ചെയ്താണ് ഈ കണ്ടെത്തല്‍ എന്ന് രാജ്യാന്തര മാധ്യമമായ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. നേച്ചര്‍ ആസ്‌ട്രോണമി ജേണല്‍ ഇത് സംബന്ധ് ചൈനീസ് ശാസ്ത്രജ്ഞരുടെ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തന്മാത്രാ രൂപത്തിലുള്ള (H20) ജലം ചന്ദ്രനിലുണ്ട് എന്നാണ് അവിടെ നിന്ന് ചാങ്ഇ-5 പേടകം ശേഖരിച്ച മണ്ണില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത് എന്നാണ് ചൈനീസ് ശാസ്ത്രജ്ഞരുടെ അവകാശവാദം. ജലത്തിന്റെ സാന്നിധ്യമേയില്ല എന്ന് മുമ്പ് കരുതിയിരുന്ന ചാന്ദ്രഭാഗത്ത് നിന്നാണ് ചാങ്ഇ-5 പേടക സാംപിള്‍ ശേഖരിച്ചത്. തന്‍മാത്രാ രൂപത്തിലുള്ള വെള്ളത്തിന് പുറമെ ധാതുവിന്റെയും അമോണിയയുടേയും സാന്നിധ്യം മണ്ണിന്റെ സാംപിളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. നിഗൂഢമായ ഈ ധാതുവിന് ULM-1 എന്നാണ് പേര് നല്‍കിയിരിക്കുന്നത് എന്ന് നേച്ചര്‍ ആസ്‌ട്രോണമി ജേണല്‍ 2024 ജൂലൈ 16ന് പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ഭാവിയില്‍ ചന്ദ്ര വാസത്തിനുള്ള വിഭവമാകാന്‍ ചന്ദ്രനില്‍ കണ്ടെത്തിയ ജലത്തിനായേക്കുമെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍ കരുതുന്നു.

ചന്ദ്രന്റെ മധ്യ ലാറ്റിറ്റിയൂഡ് പ്രദേശത്ത് നിന്നാണ് ചാങ്ഇ-5 പേടകം മണ്ണിന്റെ സാംപിള്‍ ശേഖരിച്ചത്. ചന്ദ്രനില്‍ ജലത്തിന്റെ സാന്നിധ്യമുള്ളതായി നാസയുടെ സോഫിയ ടെലസ്‌കോപ് 2020ല്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ചൂടുപിടിച്ച ചന്ദ്രോപരിതലത്തില്‍ എങ്ങനെയാണ് ജലമുള്ളതെന്ന് ഭൗതിക തെളിവുകളോടെ നാസയ്ക്ക് സ്ഥാപിക്കാനായിരുന്നില്ല. ഈ വെല്ലുവിളിയാണ് ചാങ്ഇ-5 പേടകം മറികടന്നിരിക്കുന്നത്. ചന്ദ്രനില്‍ ഗവേഷണ കേന്ദ്രം തുടങ്ങാന്‍ ചൈനയ്ക്ക് പദ്ധതിയുള്ളതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ചൈന 2020ല്‍ അയച്ച ചന്ദ്ര പര്യവേഷണ പേടകമാണ് ചാങ്ഇ-5. ചന്ദ്രനില്‍ നിന്നുള്ള സാംപിളുകള്‍ ശേഖരിച്ച് ഭൂമിയില്‍ തിരിച്ചെത്തുകയായിരുന്നു ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. ചാങ്ഇ-5 പേടകം ശേഖരിച്ച മണ്ണിന്റെ സാംപിളുകള്‍ സൂക്ഷ്മമായി പരിശോധിച്ചാണ് ചൈനീസ് ഗവേഷകര്‍ ചന്ദ്രനിലെ ജല സാന്നിധ്യത്തെ കുറിച്ച് നിഗമനത്തിലെത്തിയിരിക്കുന്നത്.

Top