CMDRF

വിഴിഞ്ഞം തീരത്ത് ‘വാട്ടര്‍ സ്‌പോട്ട്’ പ്രതിഭാസം

ഏകദേശം കാല്‍ മണിക്കൂറോളം നീണ്ടുനിന്ന ചുഴലിയുടെ വരവ് കണ്ട് ഒരു മത്സ്യബന്ധന ബോട്ടിനെ വെട്ടിത്തിരിച്ച് വേഗത്തില്‍ ഓടിച്ചതിനാല്‍ അപകടം ഒഴിവായി.

വിഴിഞ്ഞം തീരത്ത് ‘വാട്ടര്‍ സ്‌പോട്ട്’ പ്രതിഭാസം
വിഴിഞ്ഞം തീരത്ത് ‘വാട്ടര്‍ സ്‌പോട്ട്’ പ്രതിഭാസം

തിരുവനന്തപുരം:വിഴിഞ്ഞം കടലില്‍ വാട്ടര്‍ സ്‌പോട്ട് എന്ന കടല്‍ ചുഴലിക്കാറ്റ് പ്രതിഭാസം. കടലില്‍ രൂപപ്പെട്ട കുഴല്‍രൂപത്തിലുള്ള പ്രതിഭാസം കണ്ട് ചുഴലികൊടുങ്കാറ്റെന്ന് തെറ്റിദ്ധരിച്ച് ഭയപ്പാടിലായിരുന്നു മത്സ്യത്തൊഴിലാളികള്‍. തുടര്‍ച്ചയായ കടല്‍ക്കാറ്റുമായതോടെ വിഴിഞ്ഞം മേഖലയിലെ നിവാസികളും ശരിക്കും അമ്പരന്നു. ബുധനാഴ്ച വൈകിട്ട് 4.50 ഓടെയാണ് തീരത്ത് നിന്ന് ഏകദേശം അഞ്ച് നോട്ടിക്കല്‍ മൈല്‍ അകലെ പ്രതിഭാസം കണ്ടെത്തിയത്.

40 മീറ്റര്‍ ചുറ്റളവ് വിസ്തീര്‍ണ്ണത്തില്‍ ചുറ്റിയടിച്ച കാറ്റ് കടല്‍ജലത്തെ ശക്തമായി ആകാശത്തേക്ക് വലിച്ചു കയറ്റി. ഒരു ചോര്‍പ്പിന്റെ ആകൃതിയില്‍ വെള്ളം ഉയരുന്നത് അപ്രതീക്ഷിതമായി കണ്ട മത്സ്യത്തൊഴിലാളികള്‍ ദൃശ്യം മൊബൈല്‍ കാമറകളില്‍ പകര്‍ത്തി. വെള്ളത്തിന് മുകളില്‍ കൂടി വീശിയ വാട്ടര്‍സ്‌പ്പോട്ട് (വെള്ളം ചീറ്റല്‍) പ്രതിഭാസം വലിയ കടപ്പുറം ഭാഗത്തെ മണന്‍ പ്പരപ്പില്‍ അവസാനിച്ചു.

ഏകദേശം കാല്‍ മണിക്കൂറോളം നീണ്ടുനിന്ന ചുഴലിയുടെ വരവ് കണ്ട് ഒരു മത്സ്യബന്ധന ബോട്ടിനെ വെട്ടിത്തിരിച്ച് വേഗത്തില്‍ ഓടിച്ചതിനാല്‍ അപകടം ഒഴിവായി. ചുഴലിക്കാറ്റ് മൂലമുണ്ടാകുന്ന വെള്ളത്തിന്റെയും സ്‌പ്രേയുടെയും ഒരു നിരയാണ് വാട്ടര്‍ സ്‌പോട്ട്. സാധാരണ വെള്ളത്തിന് മുകളില്‍ ഉണ്ടാകുന്ന ഈ ചുഴലിക്കാറ്റ് കപ്പലുകള്‍ക്കും ബോട്ടുകള്‍ക്കും അപകടം വരുത്താം.

Top