കല്‍പ്പറ്റ: വയനാട് ജില്ലയിലെ പൂതാടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ള വിതരണം തടസ്സം നേരിട്ടതോടെ ആദിവാസി കുടുംബങ്ങളാണ് കൂടുതല്‍ ദുരിതത്തിലായിരിക്കുന്നത്. മറ്റു വിഭാഗങ്ങളിലുള്‍പ്പെട്ട കുടുംബങ്ങളും ശുദ്ധജലത്തിനായി ജനങ്ങൾ വലയുകയാണ്. ജല അതോറിറ്റിയാണ് ജലനിധിക്ക് വിതരണത്തിന് ആവശ്യമായ വെള്ളമെത്തിക്കുന്നത്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി രണ്ടായിരത്തിലേറെ കണക്ഷനുകളാണ് ജലനിധിക്ക് കീഴിൽ വരുന്നത്. എന്നാല്‍ 1.80 കോടി രൂപയോളം ജലനിധി വാട്ടര്‍ അതോറിറ്റിക്ക് നല്‍കാനുണ്ട്. ഇതാണ് കുടിവെള്ള പ്രതിസന്ധിക്ക് കാരണമായത്.
പനമരം പുഴയിലെ വെള്ളം ചീങ്ങോട് വഴി അതിരാറ്റുകുന്നിലെ ടാങ്കില്‍ എത്തിക്കേണ്ട വാട്ടര്‍ അതോറിറ്റി ഇത് നിര്‍ത്തിയപ്പോഴാണ് പ്രതിസന്ധി രൂക്ഷമായതെന്ന് ജനങ്ങള്‍ ആരോപിക്കുന്നത്. അതിരാറ്റുകുന്നിലെ ടാങ്കിലെത്തിക്കുന്ന വെള്ളം ഇരുളത്തെ ടാങ്കിലേക്ക് മാറ്റിയതിന് ശേഷം വിതരണം ചെയ്യുന്നതായിരുന്നു രീതി. എന്നാല്‍ ടാങ്ക് കാലിയായതോടെ ഇരുളം, വട്ടത്താണി ടാങ്കുകളുടെ കീഴിലെല്ലാം കുടിവെള്ള വിതരണം തടസ്സപ്പെട്ടു.
Also Read: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തുടർനടപടി മുദ്രവെച്ച കവറിൽ ഹൈക്കോടതിക്ക് കൈമാറി
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ വാല്‍വ് ഓപ്പറേറ്റര്‍മാര്‍ക്ക് വേതനം നല്‍കാനാകാത്തതിനെ തുടർന്ന് മൂന്ന് മാസം മുമ്പ് തന്നെ ഓഫീസ് പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. പലസ്ഥലങ്ങളിലും വിതരണ പൈപ്പുകളില്‍ ഉണ്ടായ തകരാര്‍ പോലും പരിഹരിക്കാൻ സാധിച്ചിട്ടില്ല. ഇരുളം ടാങ്കിന് കീഴിലെ മണല്‍വയല്‍, കല്ലോടിക്കുന്ന്, എല്ലക്കൊല്ലി വട്ടത്താനി ടാങ്കിന് കീഴിലെ കോളേരി, പാപ്ലശേരി, വെളളിമല, തൊപ്പിപ്പാറ അതിരാറ്റ്കുന്ന് ടാങ്കിന് കീഴിലെ പൂതാടി, കേണിച്ചിറ പ്രദേശങ്ങളിലെല്ലാം കുടിവെള്ളത്തിനായി ജനം മറ്റുവഴികള്‍ തേടണമെന്നതാണ് സ്ഥിതി. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തില്‍ ഭരണസമിതി കാര്യക്ഷമമല്ലെന്നാണ് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നത്. അതേസമയം, പൂതാടിയിലെ പദ്ധതി പുല്‍പ്പള്ളിയിലെ ജലനിധിയെ ഏല്‍പ്പിച്ചതായും അധികം വൈകാതെ തന്നെ ജലവിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാനാവുമെന്നുമാണ് പൂതാടി പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശന്‍ വ്യക്തമാക്കി.