തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്രത്തില്‍ നിന്ന് ഇതുവരെ ഒരു സഹായവും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പറഞ്ഞത്. കേന്ദ്ര സര്‍ക്കാര്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രതീക്ഷ കൈവിടാന്‍ കഴിയില്ലല്ലോ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം കേരളമുള്‍പ്പെടെ പ്രളയം ബാധിച്ച 14 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ധനസഹായം അനുവദിച്ചിരുന്നു. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ (എസ്ഡിആര്‍എഫ്) നിന്നുള്ള കേന്ദ്ര വിഹിതമായും ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ (എന്‍ഡിആറ്എഫ്) നിന്നുള്ള മുന്‍കൂര്‍ തുകയായുമാണ് 14 പ്രളയബാധിത സംസ്ഥാനങ്ങള്‍ക്ക് 5858.60 കോടി രൂപ അനുവദിച്ചത്.
കേരളത്തിന് 145.60 കോടി രൂപയാണ് അനുവദിച്ചത്. 3000 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് തുച്ഛമായ തുകയാണ് കേരളത്തിന് അനുവദിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.