CMDRF

വയനാട് ദുരന്തം: രക്ഷാപ്രവര്‍ത്തനത്തിനായി നാളെ രണ്ട് മെഡിക്കല്‍ ചെക്ക് പോസ്റ്റുകള്‍ കൂടി സ്ഥാപിക്കും

വയനാട് ദുരന്തം: രക്ഷാപ്രവര്‍ത്തനത്തിനായി നാളെ രണ്ട് മെഡിക്കല്‍ ചെക്ക് പോസ്റ്റുകള്‍ കൂടി സ്ഥാപിക്കും
വയനാട് ദുരന്തം: രക്ഷാപ്രവര്‍ത്തനത്തിനായി നാളെ രണ്ട് മെഡിക്കല്‍ ചെക്ക് പോസ്റ്റുകള്‍ കൂടി സ്ഥാപിക്കും

കല്‍പ്പറ്റ: വയനാട്ടില്‍ മേപ്പാടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനത്തിനായി നാളെ രണ്ട് മെഡിക്കല്‍ ചെക്ക് പോസ്റ്റ് കൂടി സൈന്യം സ്ഥാപിക്കും. നാളെ അതിരാവിലെ മുതല്‍ തിരുവനന്തപുരത്ത് നിന്നുള്ള രണ്ട് കോളം സൈനിക സംഘം രക്ഷാപ്രവര്‍ത്തനം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. കര്‍ണാടക-കേരള സബ് ഏരിയ കമാന്റര്‍ മേജര്‍ ജനറല്‍ വിടി മാത്യു നാളെ വയനാട്ടിലേക്ക് തിരിക്കും. രക്ഷാദൗത്യം നേരിട്ട് ഏകോപിപ്പിക്കാന്‍ ഉന്നത സൈനിക ഉദ്യോഗസ്ഥരാണ് എത്തുന്നത്. വയനാട്ടിലെ കണ്‍ട്രോള്‍ റൂമിന്റെ ചുമതല നേരിട്ട് ഏറ്റെടുക്കും.

മദ്രാസ്, മറാത്ത റെജിമെന്റുകളില്‍ നിന്ന് 140 പേരാണ് നാളെ ദുരന്തഭൂമിയില്‍ എത്തുക. 330 അടി ഉയരമുള്ള താത്കാലിക പാലം നാളെ നിര്‍മ്മാണം തുടങ്ങും. ബെംഗളൂരുവില്‍ നിന്ന് നാളെ പുലര്‍ച്ചെ പാലത്തിന്റെ ഭാഗങ്ങള്‍ എത്തിക്കും. അതിനായി ബെംഗളൂരുവില്‍ നിന്ന് സംഘം പുറപ്പെട്ടു കഴിഞ്ഞു. ആര്‍മി എഞ്ചിനിയറിങ്ങ് ഗ്രൂപ്പിന്റെ 70 വിദഗ്ധരാണ് പാലം നിര്‍മാണത്തിന് എത്തുന്നത്. പാലം നിര്‍മ്മാണത്തിനുള്ള സജ്ജീകരണങ്ങള്‍ തയ്യാറാക്കി. ചെറുപാലങ്ങള്‍ നിര്‍മ്മിക്കാനുള്ള ഉപകരണങ്ങള്‍ ദില്ലിയില്‍ നിന്ന് നാളെ രാവിലെ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തും. ഇതോടൊപ്പം ദില്ലിയില്‍ നിന്ന് മൂന്ന് സ്‌നിഫര്‍ ഡോഗുകളേയും എത്തിക്കും. മൃതദേഹങ്ങള്‍ കണ്ടെത്താനാണ് സ്‌നിഫര്‍ ഡോഗുകളെ എത്തിക്കുന്നത്.

മുണ്ടക്കൈ, ചൂരല്‍മല ഭാഗത്ത് ഉരുള്‍പൊട്ടലില്‍ ആറ് മണി വരെ പുറത്ത് വന്ന വിവരം അനുസരിച്ച് 119 പേരുടെ മരണം സ്ഥിരീകരിച്ചു. ഇതില്‍ 48 പേരുടെ മൃതദേഹം മാത്രമാണ് തിരിച്ചറിഞ്ഞത്. മൃതദേഹത്തില്‍ ചിലത് ചിന്നിച്ചിതറിയ നിലയിലാണ്. അപകടം ഉണ്ടായ സ്ഥലത്ത് നിന്ന് കിലോ മീറ്റുകള്‍ അകലെ നിലമ്പൂര്‍ പോത്തുകല്ല് ഭാഗത്ത് ചാലിയാര്‍ പുഴയിലൂടെ മൃതദേഹം ഒഴുകിയെത്തിയ അവസ്ഥയും ഉണ്ടായി. നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ 42 മൃതദേഹമാണുള്ളത്. ഇതില്‍ 16 എണ്ണം ശരീരഭാഗമാണ്. 98 പേരെ കാണാതായി. 131 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു ആദ്യ ഉരുള്‍ പൊട്ടല്‍. പുലര്‍ച്ചെ 4.10 ന് രണ്ടാമതും ഉരുള്‍ പൊട്ടി. ചൂരല്‍മല മുണ്ടക്കൈ റോഡും പാലവും ഒലിച്ച് പോയി. വെള്ളാര്‍മല സ്‌കൂള്‍ തകര്‍ന്നു. മുണ്ടക്കൈയില്‍ മണിക്കൂറുകള്‍ക്ക് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായത്. ഒറ്റപ്പെട്ട അട്ടമലയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യവും ദുരന്ത നിവാരണ സേനയും വയനാട്ടിലെത്തി. ആകാശ മാര്‍ഗം രക്ഷാ ദൗത്യത്തിന് സേന രാവിലെ രണ്ട് വട്ടം ശ്രമിച്ചെങ്കിലും പ്രതികൂല കാലവസ്ഥ കാരണം നടന്നില്ല. വടം കെട്ടിയാണ് മറുകരയിലുണ്ടായിരുന്ന ചൂരല്‍ മലയില്‍ എത്തിയത്. വൈകീട്ട് സേന ഹെലികോപ്ടര്‍ ചൂരല്‍ മലയിലെത്തിച്ചു. സ്ഥലത്ത് സൈന്യം താല്‍ക്കാലിക പാലം നിര്‍മിക്കും. എന്നാല്‍ രാത്രിയില്‍ രക്ഷാപ്രവര്‍ത്തനം സാധ്യമാകില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് രണ്ട് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു.

Top