CMDRF

ഉള്ളുലച്ച ഉരുൾപൊട്ടൽ: കരുത്തേകാൻ മേജർ സീത ഷെൽക്കെയുടെ സൈന്യവും

ഉള്ളുലച്ച ഉരുൾപൊട്ടൽ: കരുത്തേകാൻ മേജർ സീത ഷെൽക്കെയുടെ സൈന്യവും
ഉള്ളുലച്ച ഉരുൾപൊട്ടൽ: കരുത്തേകാൻ മേജർ സീത ഷെൽക്കെയുടെ സൈന്യവും

കേരളത്തിന്റെ ഉള്ളുലച്ച വയനാട്ടിലെ ഉരുള്‍പൊട്ടല്‍ നാടിനെ ആകെ സങ്കടത്തിലാഴ്ത്തിയപ്പോള്‍ ഉറ്റവരും, ഉടയവരും കണ്‍മുന്നില്‍ നഷ്ടപ്പെടുന്നത് കണ്ടിട്ടും പ്രിയപ്പെട്ടവര്‍ക്കായി ചെളിക്കടലിലിറങ്ങാന്‍ ആരും മടികാണിച്ചില്ല. ഒരു നാടിനെ മുഴുവനായും ഒറ്റ രാത്രി കൊണ്ട് ആര്‍ത്തിരച്ചു വന്ന ഒരു പുഴ കാര്‍ന്നു തിന്നപ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാന്‍ പോലും ആര്‍ക്കും സമയം കിട്ടിയില്ല. പ്രാണാന്‍ മാത്രം കരങ്ങളില്‍ ബാക്കിയായ പലരും പ്രിയപ്പെട്ടവരുടെ വേര്‍പാട് കണ്‍മുന്നില്‍ കണ്ടവരാണ്. പിഞ്ചുകുഞ്ഞുങ്ങളടക്കം നൂറിലധികം ആളുകള്‍ പ്രകൃതിയുടെ കോപത്തിന് ഇരയായപ്പോള്‍ ചൂരല്‍മലയെന്ന നാടിനെ ചേര്‍ത്തുപിടിക്കാന്‍ മനുഷ്യര്‍ ഒരുമിച്ചു. ആരൊക്കെയോ എവിടുന്നൊക്കെയോ ആയി പ്രദേശത്ത് എത്തപ്പെട്ടു.

പരസ്പരം പരിചയമില്ലാത്തവര്‍ ഒരുമിച്ച് കൈകോര്‍ത്തു. പല ജീവനുകളെയും കരക്കെത്തിച്ചു. പലരെയും ചേര്‍ത്തുപിടിച്ചു. സഹായഹസ്തങ്ങള്‍ ലോകത്തിന്റെ പല കോണുകളില്‍ നിന്നുമായി എത്തി. ഒരു കാഴ്ച്ചയ്ക്കപ്പുറം ജീവന്റെ തുടിപ്പുകളുണ്ടോ, വേണ്ടപ്പെട്ടവരുണ്ടോ എന്ന വെപ്രാളത്തില്‍ നിസ്സഹായരായി നില്‍ക്കുന്നവരുടെ അടുത്തേക്ക് പ്രതീക്ഷയുടെ വഴിയൊരുക്കാന്‍ രാജ്യത്തിന്റെ കാവല്‍ക്കാരെത്തി. ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനത്തില്‍ പ്രത്യക്ഷപ്പെടുന്ന സ്ത്രീ സാന്നിധ്യം നാടിനെന്നും അഭിമാനമാണ്. അത്തരത്തില്‍ രാജ്യത്തിന്റെ അഭിമാനമായ ഒരു ചിത്രം മുണ്ടക്കൈ ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനത്തില്‍ നിന്നും പുറത്തുവന്നിരുന്നു. ചിത്രത്തില്‍ രക്ഷാകവചമായ ബെയ്‌ലി പാലവും അതിന്റെ നിര്‍മാണത്തിന് നേതൃത്വം നല്‍കിയ മേജര്‍ സീത അശോക് ഷെല്‍ക്കെയും കാണാം.

കര്‍ണാടക – കേരള സബ് ഏരിയാ ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ് മേജര്‍ ജനറല്‍ വിനോദ് ടി മാത്യുവിന്റെ നേതൃത്വത്തിലുള്ള 70 അംഗ സംഘമാണ് ചൂരല്‍മലയെ രക്ഷിക്കാനെത്തിയത്. സൈന്യവും നാട്ടുകാരും അവരെ നയിക്കാന്‍ മേജര്‍ സീത അശോക് ഷെല്‍ക്കെയും മുന്നിട്ടിറങ്ങിയപ്പോള്‍ 190 അടി നീളവും 24 ടണ്‍ ഭാരവുമുള്ള പാലം പണിതുയര്‍ന്നത് വെറും 20 മണിക്കൂറുകള്‍ കൊണ്ടാണ്. മഴയും, കാറ്റും മത്സരിച്ച് കാലാവസ്ഥയെ പ്രതികൂലമാക്കിയതൊന്നും വകവെക്കാതെ പാലം നിര്‍മാണവുമായി മുന്നോട്ടുപോയ സംഘം നാടിനായി നീക്കി വെച്ച കരുതല്‍ ആ നാട്ടുകാര്‍ ഒരിക്കലും മറക്കില്ല.

ഒരു സ്ത്രീയല്ലെ, അവര്‍ സൈന്യത്തില്‍ എന്തുചെയ്യാനാണ്… അതിനുള്ള മറുപടി കൂടിയാണ് ദുരന്തമുഖത്ത് ആത്മവിശ്വാസം പകര്‍ന്ന് തന്റെ സൈന്യത്തെ നയിച്ച മേജര്‍ സീത അശോക് ഷെല്‍ക്കെ. മഹാരാഷ്ട്രക്കാരിയായ സീത 600 പേര്‍ മാത്രമുള്ള ഒരു ചെറിയ ഗ്രാമത്തില്‍ നിന്നാണ് സൈന്യത്തിലെത്തിയത്. എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം പൂര്‍ത്തിയാക്കിയ സീത ഐപിഎസ് മോഹം ഉപേക്ഷിച്ചാണ് സൈന്യത്തില്‍ പ്രവേശിക്കുന്നത്. ആദ്യ രണ്ട് തവണയും സൈനികപ്രവേശന പരീക്ഷയില്‍ പരാജയപ്പെട്ടു. പക്ഷേ, പിന്മാറിയില്ല. മൂന്നാംതവണ ശ്രമം വിജയം കണ്ടു. അങ്ങനെ 2012 ല്‍ സീത ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായി. മേജര്‍ സീത അശോക് ഷെല്‍ക്കെയുടെ നേതൃത്വത്തില്‍ കരുത്തുറ്റ മറ്റ് 69 പേരുടെ കൂടെ കൈതാങ്ങില്‍ ഉയര്‍ന്ന് പൊങ്ങിയ ബൈലി പാലം രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാരം കുറച്ചു. ബെംഗളൂര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുമായിട്ടാണ് ബെയ്ലി പാലത്തിന്റെ നിര്‍മാണ സാമഗ്രികള്‍ ചൂരല്‍മലയില്‍ എത്തിച്ചത്. ബ്രിട്ടിഷ് ഉദ്യോഗസ്ഥനായിരുന്ന ഡോണള്‍ഡ് ബെയ്ലിയുടെ ആശയത്തില്‍ രൂപപ്പെട്ട ബെയിലി പാലം രണ്ടാം ലോകയുദ്ധ കാലത്ത് ഉത്തര ആഫ്രിക്കയിലാണ് ബ്രിട്ടിഷ് സൈന്യം ആദ്യമായി പരീക്ഷിച്ചത്.

ഒരു താത്കാലിക സംവിധാനം മാത്രമാണ് ബെയ്‌ലി പാലം. ദുരന്തനിവാരണത്തിനും സൈനികാവശ്യങ്ങള്‍ക്കുമാണ് കൂടുതലും ഇതുപയോഗിക്കുക. ഇന്ത്യയിലാദ്യമയി ഈ പാലം ഉയര്‍ന്നത് പത്തനംതിട്ടയിലെ റാന്നിയിലാണ്. പാലം പണി പൂര്‍ത്തിയായതോടെ, ഇന്ത്യന്‍ ആര്‍മിയെയും മേജര്‍ സീത ഷെല്‍ക്കെയെയും മനസ്സറിഞ്ഞ ഹസ്താരവങ്ങള്‍ നല്‍കിയാണ് നാട് നന്ദി പ്രകടിപ്പിച്ചത്. പ്രദേശത്ത് സുരക്ഷിതമായ മറ്റൊരു പാലം ഉയരുന്നതുവരെ ചൂരല്‍മലയില്‍ നിര്‍മിച്ച ബെയിലി പാലം നാട്ടുകാര്‍ക്കായി സൈന്യം സമ്മാനിച്ചു. ചൂരല്‍മലയില്‍ ബെയിലി പാലം ഉയര്‍ന്നതോടെ പ്രദേശത്തെ രക്ഷാപ്രവര്‍ത്തനം വേഗത്തിലായി. ആംബുലന്‍സുകളും ഹിറ്റാച്ചികളും ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ പാലം കടന്ന് മറുകരയില്‍ എത്തിയതോടെ രക്ഷാപ്രവര്‍ത്തനം വേഗത്തില്‍ പുരോഗമിക്കാന്‍ തുടങ്ങി.

ആദ്യമായല്ല ചൂരല്‍മലയെ കല്ലും, മരവും, പുഴയും പാറക്കെട്ടുകളും പേടിപ്പിക്കുന്നത്. ഒറ്റ രാത്രി പുലരാന്‍ പോലും സമയമെടുക്കാതെയായിരുന്നു ഒരു നാട് മുഴുവന്‍ ജീവനില്ലാത്ത മനുഷ്യശരീരത്താല്‍ നിറഞ്ഞൊഴുകിയത്. ജീവന്‍ തിരികെ ലഭിച്ചവരൊക്കെ നിറകണ്ണുകളാല്‍ ഉറ്റവരെ തേടുമ്പോള്‍ ഒന്നാശ്വാസവാക്ക് പറയാന്‍ പോലും അര്‍ഹരല്ലാത്തവര്‍ നമ്മുടെ ഇടയിലുണ്ടെന്നതാണ് വയനാട് ദുരന്തം ബോധ്യപ്പെടുത്തുന്നത്. കേന്ദ്രവും സംസ്ഥാനവും കൂടെ കുഴിച്ചുമൂടിയ പല പഠനങ്ങളും പണ്ടേക്ക് പണ്ടെ അടിവരയിട്ടതാണ് ഈ മഹാദുരന്തം. തൊട്ടടുത്ത് ഒരു നാടും നാട്ടുകാരും രക്ഷാകരങ്ങള്‍ക്കായ് വാവിട്ടു കരഞ്ഞപ്പോള്‍ പെയ്തിറങ്ങിയ മഴയുടെ ഭീകരതയറിയാതെ നമ്മളെല്ലാവരും കിടന്നുറങ്ങി. കലിതുള്ളി ഇറങ്ങി വരാന്‍ മലയും കുന്നും ഡാമും ഇനിയുമുണ്ട് സംസ്ഥാനത്ത്. രാജ്യത്തെ ഏറ്റവും വലിയ ദുരന്തം വയനാട്ടില്‍ അടയാളപ്പെടുത്തിയപ്പോള്‍ നമ്മള്‍ ഇനിയും പേടിക്കണം, കാരണം ഒരു രാത്രി മറനീക്കുന്ന സമയം മതി എല്ലാത്തിനും…!

REPORT: ANURANJANA KRISHNA

Top