കണ്ണൂര്‍: ദുരന്ത സ്ഥലങ്ങളില്‍ അനാവശ്യ സന്ദര്‍ശനം നടത്തുന്ന ഡിസാസ്റ്റർ ടൂറിസത്തിന് കർശനമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ഇത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഭക്ഷണവും വസ്ത്രവുമെല്ലാം നേരിട്ട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കൊണ്ടുവരേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.
ദുരന്തമുണ്ടായ സ്ഥലം കാണാന്‍ ആളുകൾ വരുന്നത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാവുന്നു. ദുരന്തം നടന്ന സ്ഥലം കണ്ടിട്ട് പോവുകയാണ് പലരും. ഒഴിഞ്ഞ് പോയ വീടുകളിലടക്കമെത്തി പലരും ദൃശ്യങ്ങൾ പകർത്തുന്നു. ക്യാമ്പുകളിലും പലരുമെത്തുന്നുണ്ട്. ഡിസാസ്റ്റർ ടൂറിസം ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിന് കർശനമായ നിയന്ത്രണം എർപ്പെടുത്തും. ദുരന്ത സ്ഥലങ്ങളിലെ അനാവശ്യ സന്ദർശനം ഒഴിവാക്കണമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.