വയനാട്: രക്ഷാപ്രവർത്തനത്തിന് മനുഷ്യസാധ്യമായതെല്ലാം ചെയ്യുന്നുണ്ടെങ്കിലും വയനാട്ടിൽ മരണസംഖ്യ പിടിതരാതെ ഉയരുന്നു. കാണാതായവരെ കണ്ടെത്താനും ജീവൻ ബാക്കിയായവരെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാനും ഔദ്യോഗികസംവിധാനങ്ങളും സന്നദ്ധപ്രവർത്തകരും ഊണും ഉറക്കവുമൊഴിച്ച് ദുരന്തഭൂമിയിലുണ്ട്.
രാജ്യത്തെത്തന്നെ ഏറ്റവുംവലിയ പ്രകൃതിദുരന്തങ്ങളിലൊന്നായി മാറിയ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ മരണസംഖ്യ 400 കടക്കുമെന്ന് ആശങ്ക. 189 പേർ മരിച്ചതായാണ് വ്യാഴാഴ്ച വൈകുന്നേരംവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 425 പേരെ കണ്ടെത്താനുണ്ട്.
സൈന്യത്തിന്റെ നേതൃത്വത്തിൽ മൂന്നാംദിവസവും രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ട്. മുണ്ടക്കൈ, അട്ടമല ഉൾപ്പെടെ ദുരന്തമേഖലയിൽ തിരച്ചിൽ തുടരുന്നുണ്ടെങ്കിലും ഇനിയാരും ജീവനോടെ കുടുങ്ങിക്കിടക്കാൻ സാധ്യതയില്ലെന്നാണ് സൈന്യത്തിന്റെ വിലയിരുത്തൽ.
മൃതദേഹങ്ങളാവും ഇനി കണ്ടെടുക്കാനുള്ളതെന്ന് കേരള-കർണാടക സബ് ഏരിയ ജനറൽ ഓഫീസർ കമാൻഡിങ് (ജി.ഒ.സി.) മേജർ ജനറൽ വിനോദ് മാത്യു മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽചേർന്ന യോഗത്തിൽ വ്യക്തമാക്കി.
85 പുരുഷന്മാരുടെയും 76 സ്ത്രീകളുടെയും 27 കുട്ടികളുടെയും മൃതദേഹമാണ് ഇതുവരെ കിട്ടിയത്. ഒരെണ്ണത്തിന്റെ ആൺ-പെൺ വ്യത്യാസം തിരിച്ചറിയാനായിട്ടില്ല. 107 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. 100 മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തി. പല മൃതദേഹങ്ങളും ശരീരഭാഗങ്ങൾ വേർപെട്ടനിലയിൽ ആയതിനാൽ മരണസംഖ്യ കൃത്യമായി തിട്ടപ്പെടുത്താൻ പ്രയാസമുണ്ട്.