വയനാട് ദുരന്തം; ഡിഎന്‍എ ഫലങ്ങള്‍ കിട്ടി തുടങ്ങി; ജനകീയ തെരച്ചിൽ നാളെയും തുടരും

വയനാട് ദുരന്തം; ഡിഎന്‍എ ഫലങ്ങള്‍ കിട്ടി തുടങ്ങി; ജനകീയ തെരച്ചിൽ നാളെയും തുടരും
വയനാട് ദുരന്തം; ഡിഎന്‍എ ഫലങ്ങള്‍ കിട്ടി തുടങ്ങി; ജനകീയ തെരച്ചിൽ നാളെയും തുടരും

ഡൽഹി: വയനാട് ദുരന്തത്തിൽ ഇരയായവരെ കണ്ടെത്താൻ നാളെയും ജനകീയ തെരച്ചിൽ തുടരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഡിഎന്‍എ ഫലങ്ങള്‍ കിട്ടി തുടങ്ങിയെന്നും നാളെ മുതൽ ഇവ പരസ്യപ്പെടുത്താമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇന്നത്തെ ജനകീയ തെരച്ചിലിനിടെ മൂന്ന് ശരീരഭാഗങ്ങളാണ് കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മനുഷ്യന്റേതാണോയെന്ന് വ്യക്തമാവുക എന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി. 

ഉരുള്‍പൊട്ടലിൽ ഉറ്റവരെയും വീടും നഷ്ടപ്പെട്ടവരാണ് ജനകീയ തെരച്ചിലിനായി ദുരന്തഭൂമിയിലെത്തിയത്. രണ്ടായിരത്തിലധികം സന്നദ്ധ പ്രവര്‍ത്തകരാണ് തെരച്ചിലിനെത്തിയത്.

മഴയെ തുടര്‍ന്നാണ് ഇന്നത്തെ തെരച്ചിൽ നിര്‍ത്തിയത്. ഇതിനിടെ കാന്തന്‍പാറയിൽ നിന്നാണ് സന്നദ്ധ പ്രവര്‍ത്തകര്‍ നടത്തിയ തെരച്ചിലിൽ മൂന്ന് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. എയര്‍ ലിഫ്റ്റ് ചെയ്യാനാവാത്തതിനാൽ ശരീരഭാഗങ്ങള്‍ സന്നദ്ധ പ്രവര്‍ത്തകര്‍ ചുമന്നാണ് പുറത്തെത്തിച്ചത്.

നാളെ പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മൃതദേഹം മനുഷ്യന്‍റെയാണോ മൃഗത്തിന്‍റെതാണോ എന്ന് വ്യക്തമാകൂ. അട്ടമലയിൽ നിന്ന് ഇന്ന് ഒരു എല്ലിൻ കഷ്ണവും കണ്ടെത്തിയിട്ടുണ്ട്.

ഇതും മനുഷ്യന്റേതാണോ മൃഗത്തിന്റേതോ എന്നും തിരിച്ചറിയണം. ഉരുൾപൊട്ടലിന് മുമ്പുള്ളതോ എന്നും വ്യക്തമാകണം. പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിക്കൂവെന്ന് മന്ത്രി അറിയിച്ചു. 

Top