ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ വയനാടിന് സഹായവുമായി നടി നയൻതാരയും സംവിധായകനും ഭർത്താവുമായ വിഘ്നേഷ് ശിവനും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപയാണ് താരങ്ങൾ സംഭാവന ചെയ്തത്. സോഷ്യൽ മീഡിയയിലൂടെയാണ് ഇവർ തുക കെെമാറിയ വിവരം അറിയിച്ചത്. ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്ന കുറിപ്പും താരദമ്പതികൾ പങ്കുവെച്ചിട്ടുണ്ട്.
വയനാട്ടിലെ ജനങ്ങക്കുണ്ടായ നഷ്ടങ്ങൾ വേദനിപ്പിക്കുന്നുവെന്നും ഇത്തരം വേളകളിൽ ഒരുമിച്ച് നിൽക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമിക്കുന്നുവെന്നും താരങ്ങൾ കുറിച്ചു. വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തിനായി നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്നും സഹായമെത്തുകയാണ്.
ദുരിതബാധിതരെ സഹായിക്കാൻ ആഹ്വാനംചെയ്തുകൊണ്ട് നടൻ ആസിഫ് അലി നേരത്തെ രംഗത്തെത്തിയിരുന്നു. നമ്മളൊരുമിച്ച് ഈ പ്രതിസന്ധിയും അതിജീവിക്കുമെന്ന് താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത വിവരവും ആസിഫ് പങ്കുവെച്ചു.
മമ്മൂട്ടി, ദുൽഖർ സൽമാൻ, ടൊവിനോ, ഫഹദ് ഫാസിൽ, നസ്രിയ, പേളി മാണിയും ശ്രീനിഷും തുടങ്ങിയ താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങൾ നൽകിയിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് മമ്മൂട്ടിയും ദുൽഖർ സൽമാനും 35 ലക്ഷം രൂപ കൈമാറി. ആദ്യഘട്ടമായി മമ്മൂട്ടി 20 ലക്ഷം രൂപയും ദുൽഖർ 15 ലക്ഷം രൂപയുമാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.