കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നിന്ന് വയനാട് കരകയറുകയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. എല്ലാ വിഭാഗത്തില്‍പ്പെട്ട ആളുകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്നത് സന്തോഷമാണെന്നും മഴ മാറിയാല്‍ വിനോദസഞ്ചാരത്തെ പുനരുജ്ജീവിപ്പിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തികൊണ്ടുള്ള കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം ഓണ്‍ലൈന്‍ മുഖാന്തരം ചേര്‍ന്ന യോഗത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. യോഗത്തില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും പങ്കെടുത്തു.
Also Read: തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കും
‘ടൂറിസ്റ്റുകളെ എത്തിക്കാന്‍ കൂട്ടായ ശ്രമം അത്യാവശ്യമാണ്. ഒരു പ്രത്യേക പ്രദേശത്താണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. വയനാട് അതിമനോഹര സ്ഥലമായി തുടരുന്നു. രാജ്യത്തേയും ലോകത്തേയും വിനോദ സഞ്ചാരികളെ സ്വീകരിക്കാന്‍ വയനാട് ഒരുങ്ങുന്നു. മുന്‍കാലങ്ങളിലെ പോലെ വയനാടിനെ പിന്തുണയ്ക്കാന്‍ ഒരിക്കല്‍ കൂടി ഒരുമിക്കാം,’ അദ്ദേഹം പറഞ്ഞു. ദുരന്തബാധിതര്‍ക്കുള്ള നഷ്ടപരിഹാരം വര്‍ധിപ്പിക്കണമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.